Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത നിലപാടിൽ മാറ്റില്ല; ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാൻ'; പി.എം.എ. സലാമിന്റെ പരാമർശം തള്ളി എം.കെ.മുനീർ; പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്ന് കെ എം ഷാജി

'പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത നിലപാടിൽ മാറ്റില്ല; ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാൻ'; പി.എം.എ. സലാമിന്റെ പരാമർശം തള്ളി എം.കെ.മുനീർ; പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്ന് കെ എം ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേന്ദ്ര സർക്കാർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് സ്വാഗതം ചെയ്ത നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും ഒരു വാപ്പക്ക് ജനിച്ചവനാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.

മുനീർ നിലപാട് മാറ്റിയെന്ന ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പരാമർശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരോധനത്തെ സ്വാഗതം ചെയ്തിട്ടില്ലെന്നും, പിഎഫ്െഎയെ മാത്രം തിരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയായില്ലെന്നുമാണ് സലാം പറഞ്ഞത്.

കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്തുള്ള പ്രസ്താവന മുനീർ പിന്നീട് തിരുത്തിയിട്ടുണ്ടെന്നും സലാം പറഞ്ഞു. നേരത്തേ, മുനീർ അടക്കമുള്ളവർ നിരോധനത്തെ സ്വാഗതം ചെയ്തപ്പോൾ എല്ലാത്തരം വർഗീയ ശക്തികൾക്കുമെതിരെ ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും കെ.എം.ഷാജിയുടെയും പ്രതികരണം.

പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്ത എം.കെ. മുനീർ, ആർ.എസ്.എസും സമാന്തരമായ പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകൾക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നുമാണ് ചൂണ്ടിക്കാട്ടിയത്.

എന്നാൽ, പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് സംശയാസ്പദമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്. പോപുലർ ഫ്രണ്ടിന്റേതിന് സമാനമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടും ഈ സംഘടനകളെയൊന്നും തൊടാതെ പോപുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായ പലതുമുണ്ടെന്നും സലാം പറഞ്ഞിരുന്നു.

പോപുലർ ഫ്രണ്ടിനെതിരായ നടപടികൾ ജനാധിപത്യപരമാകണമെന്നാണ് കെ.എം. ഷാജി പ്രതികരിച്ചത്. പോപുലർ ഫ്രണ്ടിനെതിരെ എടുത്ത തീരുമാനം സുതാര്യവും സത്യസന്ധവുമല്ലെങ്കിൽ അത് ശരിയാവില്ല, അബദ്ധമാകും. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കെ.എം. ഷാജിയും പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്നും കെ എം ഷാജി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കെ എം ഷാജിയുടെ നിർദ്ദേശം. പിഎഫ്‌ഐയിൽ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നും ഷാജി കോഴിക്കോട്ട് പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീർ, തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.

എന്നാൽ പിഎംഎ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP