Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേർത്തു; ഉടമ്പടിയിൽ ഒപ്പുവച്ച് പുടിൻ; ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമെന്ന് വിശദീകരണം ; നാറ്റോ അംഗത്വത്തിനുള്ള നീക്കം വേഗത്തിലാക്കിയെന്ന് സെലൻസ്‌കി

യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേർത്തു; ഉടമ്പടിയിൽ ഒപ്പുവച്ച് പുടിൻ; ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമെന്ന് വിശദീകരണം ; നാറ്റോ അംഗത്വത്തിനുള്ള നീക്കം വേഗത്തിലാക്കിയെന്ന് സെലൻസ്‌കി

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ രാജ്യത്തിനൊപ്പം കൂട്ടിചേർത്ത് റഷ്യ. ഉടമ്പടിയിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. എട്ട് വർഷം മുമ്പ് ക്രൈമിയയൻ മുനമ്പ് പിടിച്ചെടുത്ത് പുടിൻ റഷ്യയോട് ചേർത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സൻ, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേർക്കുന്നത്. ഇവിടങ്ങളിൽ ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേർക്കലെന്ന് റഷ്യ വിശദീകരിക്കുന്നു. ഈ അഞ്ച് പ്രദേശങ്ങളും ചേർന്നാൽ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.

ക്രെംലിനിലെ സെയ്ന്റ് ജോർജ് ഹാളിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30-നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കൾ ഒരു ടേബിളിലും അതിൽ നിന്ന് ഏറെ അകലത്തിൽ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. 2014-ൽ യുക്രൈനിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയൻ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാൻ പുതിയ നാല് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും.

2014-ലെ യുദ്ധത്തിനുശേഷം റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഡോൺബാസ് മേഖലയിലെ ലുഹാൻസ്‌കും ഡൊണെറ്റ്‌സ്‌കും. ഇവിടങ്ങളിൽ യുക്രൈൻ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സൈനികനടപടി എന്നാണ് ഇപ്പോഴത്തെ അധിനിവേശത്തിന് റഷ്യ നൽകുന്ന വിശദീകരണം. യുക്രൈൻ സൈന്യത്തിൽനിന്ന് തിരിച്ചടിനേരിട്ടതോടെയാണ് വിമതപ്രദേശങ്ങളെ ലയിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനമായത്.

യുക്രൈനും യു.എസ്. ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിന്മുനയിൽ നിർത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവർ ആരോപിക്കുന്നു. തങ്ങളുടെ നാല് പ്രദേശങ്ങൾ റഷ്യ കൂട്ടിച്ചേർത്തതിന് പിന്നാലെ നാറ്റോ അംഗത്വത്തിനുള്ളനീക്കം യുക്രൈൻ വേഗത്തിലാക്കിയെന്ന് പ്രസിഡന്റ് പറഞ്ഞു.

'നാറ്റോയിലേക്ക് ത്വരിതഗതിയിലുള്ള പ്രവേശനത്തിനായുള്ള യുക്രൈന്റെ അപേക്ഷയിൽ ഒപ്പുവെച്ചുകൊണ്ട് ഞങ്ങൾ നിർണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണ്' വീഡിയോ പ്രസ്താവനയിൽ സെലൻസ്‌കി പറഞ്ഞു.

അതേ സമയം റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതികരിച്ചു. 'ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ല,' അദ്ദേഹം പറഞ്ഞു, 'ഇപ്പോൾ അവരുടെ ലക്ഷ്യം റഷ്യയും ഇറാനും ആണ്, അടുത്തത് നിങ്ങളായിരിക്കും.' പുടിൻ കൂട്ടിച്ചേർത്തു.

'അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളാക്കി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതൽ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ ഞങ്ങൾ അവരെ അനുവദിച്ചില്ല എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്'. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമർശിച്ച് പുടിൻ പറഞ്ഞു.

റഷ്യയെ ഒരു കോളനിയാക്കി മാറ്റാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നു എന്ന വാദത്തിലാണ് പുടിൻ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും. 'പാശ്ചാത്യ ലിബറൽ മൂല്യങ്ങളുടെ 'പൈശാചികത' എന്ന് വിശേഷിച്ച പുടിൻ. ലിംഗഭേദത്തിന്റെയും കുടുംബത്തിന്റെയും വിഷയങ്ങളിൽ റഷ്യയ്ക്ക് അതിന്റേതായ കാഴ്ചപ്പാടുകളുണ്ടെന്ന് കൂട്ടിച്ചേർത്തു.

റഷ്യയിൽ നാല് പുതിയ പ്രദേശങ്ങൾ, റഷ്യൻ ഫെഡറേഷനിലേക്ക് നാല് പുതിയ പ്രദേശങ്ങളെ സ്വീകരിക്കുന്നതിനും അതിനായുള്ള ഭരണഘടനാ നിയമങ്ങൾ രൂപീകരിക്കാൻ ഫെഡറൽ അസംബ്ലി പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട് പറഞ്ഞ പുടിൻ, ഈ കൂട്ടിച്ചേർക്കൽ ദശലക്ഷക്കണക്കിന് ആളുകളുടെ താൽപ്പര്യമാണെന്നും പ്രസ്താവിച്ചു.

പുതുതായി റഷ്യയിൽ ചേർക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ എന്നെന്നേക്കുമായി റഷ്യൻ പൗരന്മാരാകുമെന്നും പുടിൻ മോസ്‌കോയിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. യുദ്ധം നിർത്തി ചർച്ചകൾ ആരംഭിക്കാൻ അദ്ദേഹം യുക്രൈൻ തയ്യാറാകണമെന്നും പുടിൻ പറഞ്ഞു. എന്നാൽ റഷ്യ പിടിച്ചെടുക്കുന്ന യുക്രൈൻ പ്രവിശ്യകൾ സംബന്ധിച്ച ചർച്ച ചെയ്യാനില്ലെന്നും പുടിൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP