Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെപ്റ്റംബറിലെ ശമ്പളം കൊടുക്കാൻ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി; നാളെ മുതൽ പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സമരത്തെ ശക്തമായി നേരിടാൻ മാനേജ്‌മെന്റ്

സെപ്റ്റംബറിലെ ശമ്പളം കൊടുക്കാൻ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി; നാളെ മുതൽ പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സമരത്തെ ശക്തമായി നേരിടാൻ മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെപ്റ്റംബറിലെ ശമ്പളം നൽകാൻ കെഎസ്ആർടിസി സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടു. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാൻ വേണ്ടിയാണ് തുക ആവശ്യപ്പെട്ടത്. ഒക്ടോബർ 5 ന് മുമ്പ് ശമ്പളം നൽകുമെന്ന് ഇന്നലെ ചേർന്ന ട്രേഡ് യൂണിയൻ യോഗത്തിലും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. നാളത്തെ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ല. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ ടി ഡി എഫ് നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി വരുന്നത്. നേർത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിൽ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഇത് അംഗീകരിച്ചു.

തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്‌നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്‌മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തെ ശക്തമായി നേരിടുമെന്ന് സൂചിപ്പിച്ച് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

വാർത്താ കുറിപ്പ് ഇങ്ങനെ:

കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായത്.ബഹു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്.അന്ന് യോ?ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച് ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നത്.

ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൻ ബാധകമാക്കും. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്‌മെന്റിന്റ് തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി.

മോട്ടോർ ആക്ട് വർക്കേഴ്‌സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിൻതുണ നൽകുമ്പോൾ ഒരു ന്യൂന പക്ഷം ജീവനക്കാർ കാണിക്കുന്ന പഴയ സമര മുറ നഷ്ടത്തിൽ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കണം. കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും മനസിലാക്കണമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സർവ്വീസിന്റെ പ്രവർത്തനങ്ങളോ, ജീവനക്കാർക്കുള്ള ജോലി തടസമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകൾ മുടങ്ങാതിക്കാനുള്ള താൽക്കാലിക നടപടികൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടന്നും മാനേജ്‌മെന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP