Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്ക് 23 പേരുടെ പിന്തുണയല്ല വേണ്ടത്; 9100 പേരുടെ പിന്തുണയാണ്; ഞാൻ ജി-23യുടെ സ്ഥാനാർത്ഥിയല്ല; വിമത ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞും ഗാന്ധി കുടുംബത്തോട് അകലം കാട്ടാതെയും തരൂർ; പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ കളിപ്പാവ ആയിരിക്കുമോ? രാഹുൽ ഗാന്ധിക്ക് ഇനി എന്തായിരിക്കും റോൾ? തിരുവനന്തപുരം എംപിയുടെ ഉത്തരങ്ങൾ ഇങ്ങനെ

എനിക്ക് 23 പേരുടെ പിന്തുണയല്ല വേണ്ടത്; 9100 പേരുടെ പിന്തുണയാണ്; ഞാൻ ജി-23യുടെ സ്ഥാനാർത്ഥിയല്ല; വിമത ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞും ഗാന്ധി കുടുംബത്തോട് അകലം കാട്ടാതെയും തരൂർ; പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ കളിപ്പാവ ആയിരിക്കുമോ? രാഹുൽ ഗാന്ധിക്ക് ഇനി എന്തായിരിക്കും റോൾ? തിരുവനന്തപുരം എംപിയുടെ ഉത്തരങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി, ഗാന്ധികുടുംബത്തിന്റെ കളിപ്പാവയായിരിക്കുമോ? മത്സരിക്കാനുള്ള പത്രിക നൽകിയ ശശി തരൂരിന് ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുണ്ട്. 'പാർട്ടിയുടെ ഡിഎൻഎയുമായി ഗാന്ധി കുടുംബത്തിന് അഭേദ്യമായ ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ പാരമ്പര്യത്തിൽ നിന്ന് വേർപിരിയുക എന്ന ചോദ്യമുദിക്കുന്നില്ല. ഗാന്ധി കുടുംബത്തിന് സജീവമായി ഇടപെടാൻ താൽപര്യമില്ലെങ്കിൽ അവർ പിന്നിൽ നിന്ന് ചരട് വലിക്കുമെന്ന ഭയം എവിടെ നിന്നാണ് വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല', എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ളയാൾ അദ്ധ്യക്ഷ പദവിയിൽ വന്നാൽ, രാഹുൽ ഗാന്ധിക്ക് എന്തായിരിക്കും റോൾ? 'വോട്ട് ചെയ്യുന്ന ജനങ്ങളുടെ മേൽ രാഹുൽ ഗാന്ധിക്കോ, ഗാന്ധി കുടുംബത്തിനോ ഉള്ള സ്വാധീനത്തെ ചോദ്യം ചെയ്യാനാവില്ല. ഇത്തരമൊരു സ്വത്തിനെ ഉപയോഗിക്കാതിരിക്കുക, പാർട്ടിയെ സംബന്ധിച്ച് മണ്ടത്തരമായിരിക്കും. അതേസമയം, അദ്ദേഹം പാർട്ടി അദ്ധ്യക്ഷ പദവിയിലേക്ക് മടങ്ങില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. തുറന്നുപറഞ്ഞാൽ, അദ്ദേഹത്തിന് അദ്ധ്യക്ഷനാകണമെങ്കിൽ, നാളെ ഒരു വിരൽ ഞൊടിച്ചാൽ മാത്രം മതിയാവും.'

താൻ ജി-23 യുടെ സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. നേതാക്കളോട് വ്യക്തിപരമായല്ലാതെ, താൻ ജി-23യുമായി സ്ഥാനാർത്ഥിത്വ കാര്യം ആലോചിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു. മാധ്യമ ഭാവനയ്ക്കപ്പുറം ജി-23 എന്നൊരു ഗ്രൂപ്പ് ഉണ്ടെന്ന് കരുതുന്നില്ല. എനിക്ക് 23 പേരുടെ പിന്തുണയല്ല വേണ്ടത്. 9100 പേരുടെ പിന്തുണയാണ്. ഞാൻ ജി-23യുടെ സ്ഥാനാർത്ഥിയല്ല, അതൊരു മിത്താണ്, അങ്ങനെയൊന്നില്ല, തരൂർ പറഞ്ഞു.

കോൺഗ്രസിനെ കുറിച്ച് തനിക്ക് വ്യക്തമായ കാഴചപ്പാടുണ്ടെന്നും പിന്നീട് തരൂർ പറഞ്ഞു. മത്സരിക്കാനുള്ള പത്രിക നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നാണ് അധ്യക്ഷ തന്നോട് പറഞ്ഞതെന്നും അതിന് ശേഷമാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും തരൂർ പറഞ്ഞു. അധ്യക്ഷ പറഞ്ഞതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിനെ കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് തുറന്നു പറയും. മറ്റുള്ളവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും. ശേഷം വോട്ടർമാർ തീരുമാനമെടുക്കട്ടെ' -തരൂർ പറഞ്ഞു. എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ നിന്ന് വരാൻ കാത്തിരിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടായാൽ കോൺഗ്രസ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്കും താഴെക്കിടയിലുള്ള ഭാരവാഹികൾക്കും അധികാരങ്ങൾ നൽകണം. കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കുമെന്ന് രണ്ടു വരി പ്രമേയം പാസാക്കുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആഗ്രഹിക്കുന്നവർ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയും പിന്തുണക്കുമെന്നും നിലവിലുള്ള അവസ്ഥയിൽ മാറ്റം ആഗ്രഹിക്കുന്നവർ തന്നെ പിന്തുണക്കുമെന്നും തരൂർ പറഞ്ഞു. ഖാർഗെയെ കുറിച്ചോ ത്രിപാഠിയെ കുറിച്ചോ മോശമായൊന്നും പറയാനില്ലെന്നും കോൺഗ്രസിനെ കുറിച്ച് ഓരോരുത്തർക്കും ഓരോ ഐഡിയയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാൻ തരൂരെത്തിയത്. പാർട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങൾക്കും സ്ത്രീകൾക്കും പാർട്ടിയിൽ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂർ പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണ്. കോൺഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്‌ച്ചപ്പാടുണ്ട്. തോൽവിയോ ജയമോ പ്രശ്‌നമല്ലെന്നും ശശി തരൂർ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും ജാർഖണ്ഡ് നേതാവ് കെ എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചു.

കേരളത്തിൽ നിന്നുള്ള രണ്ട് യുവനേതാക്കളായ ശബരീനാഥനും മാത്യു കുഴൽ നാടനും തന്നെ പിന്തുണച്ച് രംഗത്തെത്തിയത് തരൂർ ചൂണ്ടികാണിച്ചു. മുതിർന്ന നേതാക്കൾ ആദരണീയരാണെങ്കിലും പുതിയ തലമുറക്ക് ചിലത് പറയാനുണ്ടെന്നും പുതിയ ആശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ശബരീനാഥൻ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ലെന്ന് ശബരീനാഥൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ശബരീനാഥന് നന്ദിയറിയിച്ച് ശശി തരൂർ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

ശബരീനാഥന്റെ കുറിപ്പ്

ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണ്. പാർട്ടിയുടെ തലപ്പത്തേക്ക് നെഹ്റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം.

ഇനി ഇലക്ഷനിലേക്ക് വരുമ്പോൾ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.ശശി തരൂരിനെ പിന്തുണക്കാൻ ഞാൻ തീരുമാനിക്കുന്നത് ചില കാരണങ്ങൾ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം (ideology) ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം communicate ചെയ്യാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.

2. നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾക്കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ.തരൂരിലൂടെ ഇത് സാധിക്കും.

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും അദ്ദേഹം 100% ഒരു കോൺഗ്രസുകാരനാണ്.

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.

ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവർത്തകന് ഒരു മലയാളിയുടെ നോമിനേഷൻ ഫോമിൽ പിന്തുണച്ചു ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇലക്ഷന്റെ ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകും. തരൂരിനും മറ്റു സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷൻ നടക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP