Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നുമില്ലായ്മയിൽ നിന്നും രോഗശാന്തി ശുശ്രൂഷ കൊണ്ട് കോടീശ്വരനായി വളർന്നത് അതിവേഗം; ചങ്ങനാശ്ശേരിയിലുള്ളത് കോടികളുടെ കൊട്ടാരം; പയ്യന്നൂരിൽ ട്രൂ ലൈറ്റ് എന്ന സ്‌കൂൾ; കണ്ണൂരിൽ പലയിടത്തും ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടി; വിദേശത്തു നിന്നും സമ്പാദിച്ചതും ലക്ഷങ്ങൾ; യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫ് നേടിയത് കോടികൾ

ഒന്നുമില്ലായ്മയിൽ നിന്നും രോഗശാന്തി ശുശ്രൂഷ കൊണ്ട് കോടീശ്വരനായി വളർന്നത് അതിവേഗം; ചങ്ങനാശ്ശേരിയിലുള്ളത് കോടികളുടെ കൊട്ടാരം; പയ്യന്നൂരിൽ ട്രൂ ലൈറ്റ് എന്ന സ്‌കൂൾ; കണ്ണൂരിൽ പലയിടത്തും ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടി; വിദേശത്തു നിന്നും സമ്പാദിച്ചതും ലക്ഷങ്ങൾ; യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫ് നേടിയത്  കോടികൾ

അനീഷ് ചെമ്പേരി

കണ്ണൂർ: രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റർ സജിത്ത് ജോസഫിന്റെ തട്ടിപ്പുകൾ മറുനാടൻ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ്രതീക്ഷ നൽകി കൊണ്ടുമാണ് സജിത് പാസ്റ്റർ തട്ടിപ്പുകൾ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുൻകാലങ്ങളിൽ മറുനാടൻ പൊളിച്ചടുക്കിയത്. ഇപ്പോൾ എങ്ങനെയാണ് സജിത്ത് ജോസഫ് രോഗശാന്തി ശുശ്രൂഷ നടത്തി കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചതെന്ന കാര്യമാണ് മറുനാടൻ പുറത്തു കൊണ്ടുവരുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നുമാണ് കോടികൾ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റർ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതിൽ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറിൽ നിന്നും കുടിയേറി കർഷകർ തിങ്ങി പാർക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയിൽ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തിൽ കൊട്ടാരത്തിൽ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.

വളർച്ചയുടെ പടവുകൾ ഇങ്ങനെ

സജിത്തിന്റെയും കുടുംബത്തിന്റെയും വളർച്ചയുടെ പടവുകളിലേയ്ക്ക് പരിശോധിക്കാം.. സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തിൽ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാൽനട യത്ര പോലും ദുഃസഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തിൽ 1980- 90 കളിൽ തയ്യൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ദരിദ്രാവസ്ഥയിൽ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഇടിഞ്ഞ് വീഴാറായ ഒരു കട്ടപ്പുരയിലാണ് ഇവർ താമസിച്ചിരുന്നത്.

1990-ൽ ആണ് ഇവർ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയിൽ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ 1990 - കളിൽ മറ്റ് സഭകളിൽ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയിൽ ചേർത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയിൽ ചേർന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയിൽ പാസ്റ്റർമാര് കുറവായിരുന്നതിനാൽ എഴുത്തും വായനയും പോലും അറിയില്ലാത്ത പലരെയും നേരിട്ട് പാസ്റ്റർമാരായി നിയമിച്ചു.

കത്തോലിക്കാ സഭ വിട്ട് പെന്തകോസ്ത് സഭയിൽ ചേർന്ന പിതാവ്

കത്തോലിക്കാ സഭയിൽ ഒരു വൈദികനാകണമെങ്കിൽ 12 വർഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാൻ 'എന്ന രീതിയിൽ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. കവുങ്ങും , അടയ്ക്കായും പെന്തകോസ്ത് വിശ്വാസങ്ങൾക്ക് വിരുദ്ധമായതിനാൽ ഇവർ പെന്തക്കോസ്ത് സഭയിലെത്തിയ ഉടനെ വീടിന് സമീപം നിന്ന കവുങ്ങ് മരങ്ങൾ വെട്ടി നശിപ്പിച്ചതായും , അയൽവാസികളോട് അവരുടെ കവുങ്ങ് മരങ്ങൾ വെട്ടി കളയണമെന്ന് പറഞ്ഞ് അവരുമായി ബഹളമുണ്ടാക്കിയതായും അവരുടെ അയൽവാസികൾ മറുനാടനോട് പറയുകയുണ്ടായി.

മാത്രമല്ല ഇവരുടെ വീട്ടിൽ സന്ധ്യാ കാലങ്ങളിൽ പ്രാർത്ഥന എന്ന പേരിൽ വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി അയൽവാസികളുമായി നിരന്തരം പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ആ കാലഘട്ടത്തിലും സജിത്ത് ജോസഫ് അയൽവാസികളായ പലരെയും വീട്ടിൽ വിളിച്ചിരുത്തി പെന്തകോസ്ത് സഭയെ കുറിച്ച് പഠിപ്പിക്കുകയും, കൈവയ്‌പ്പ് നടത്തുകയും ചെയ്തിരുന്നു. സജിത്ത് ജോസഫ് കുട്ടിക്കാലം മുതലെ വാക്ചാരുതിയും, കുൽസിത പ്രവർത്തനങ്ങൾക്ക് കഴിവുള്ളവനുമായിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്.

പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങൾക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയൽവാസികളുമായുള്ള പ്രശ്‌നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്‌നമായതിനാൽ 1992-ൽ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്‌വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാൻ ഇവർ നിർബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു.

ബാലപുരത്തെത്തിയ പാസ്റ്റർ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റർ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാൻ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിൾ കോളേജിൽ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റർ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയിൽ പോകുവാൻ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവിൽ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്രയുടെ പച്ചക്കൊടി കണ്ടു.

ചങ്ങനാശ്ശേരിയിൽ കോടികളുടെ കൊട്ടാരം, കണ്ണൂരിൽ സ്ഥലം വാങ്ങിക്കൂട്ടി

അങ്ങനെ സജിത്തിന്റെ പിതാവ് അമേരിക്കയിൽ സുവിശേഷപണി തുടങ്ങി. ഈ സമയത്ത് മക്കളായ അജിത്തിനും സജിത്തിനും എറണാകുളത്ത് ബൈബിൾ കോളേജിൽ നിന്ന് സുവിശേഷ കച്ചവടത്തിന്റെ ചിറകുകൾ മുളച്ച് തുടങ്ങിയിരുന്നു. ഏതാനും വർഷത്തെ തട്ടിപ്പുകൾ അമേരിക്കയിൽ കാഴ്ചവച്ച സജിത്തിന്റെ പിതാവ് കോടീശ്വരനായി നാട്ടിൽ തിരികെ എത്തി പയ്യന്നൂരിലും, കണ്ണൂർ ജില്ലയിലും, കാസർഗോഡ് ജില്ലയിലുമായി സ്ഥലങ്ങൾ വാങ്ങി കൂട്ടി. വായാട്ടു പറമ്പിലെ ജീവിതം അവസാനിപ്പിച്ച് പയ്യന്നൂർ ടൗണിൽ എത്തി. പിന്നീട് തന്റെ പഴയ വാസസ്ഥലത്തെ നാട്ടുകാരുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഈ സമയം ബൈബിൾ കോളേജിലെ പഠനം പൂർത്തിയാക്കിയ അജിത്തും,സജിത്തും കറ തീർന്ന പാസ്റ്റർമാരായി തട്ടിപ്പിന്റെ പാഠങ്ങൾ പഠിച്ച് പുറത്തിറങ്ങി.

അമേരിക്കയിൽ നിന്ന് മടങ്ങി എത്തിയ പാസ്റ്റർ ജോസഫ് അമേരിക്കയിലെ വിശ്വാസികളെ എങ്ങനെ കമഴ്‌ത്തി പണം തട്ടാം എന്ന തന്ത്രങ്ങളും പഠിപ്പിച്ച് അമേരിക്കയിലേയ്ക്ക് പറപ്പിച്ചു. ഏതാനും വർഷങ്ങളുടെ വിദേശത്തെ സുവിശേഷ തൊഴിൽ സജിത്തിനെയും അജിത്തിനെയും ബിസിനസ്സിന്റെ പടവുകളിൽ ചെന്നെത്തിച്ചു. വിദേശത്ത് നിന്ന് സമ്പാദിച്ച പണവുമായി സജിത്തിന്റെ ജ്യേഷ്ഠൻ അജിത്ത് പയ്യന്നുരിനടുത്ത പാടിച്ചാൽ എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലം വാങ്ങി അവിടെ ട്രൂ ലൈറ്റ് എന്ന വലിയ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തുന്നു. അദ്ദേഹം ജനങ്ങളെ സുവിശേഷ കച്ചവടത്തിലൂടെ കബളിപ്പിച്ച് സമ്പാദിക്കാൻ ശ്രമിക്കാതെ വിദ്യാലയം നടത്തി മുന്നോട്ട് പോകുന്നു. കൂടാതെ ചെറുപുഴയ്ക്കടുത്ത പുളിങ്ങോം എന്ന സ്ഥലത്ത് ഇദ്ദേഹം ട്രൂ ലൈറ്റ് എന്ന പെന്തകോസ്ത് പള്ളിയും നടത്തുന്നുണ്ട്.

വാക് ചാരുതയും, കുശാഗ്ര ബുദ്ധിയും കൈമുതലാക്കിയ സജിത് ജോസഫ് തന്റെ പിതാവ് പാസ്റ്റർ ജോസഫും ജ്യേഷ്ഠൻ പാസ്റ്റർ അജിത്തും കണ്ണൂർ ജില്ലയിൽ പാസ്റ്റർമാരായി സേവനം ചെയ്യുന്നതിനാലും, പെന്തകോസ്ത് വിശ്വാസികൾ കുറവുള്ളതിനാലും, തന്റെ വിദേശയാത്രയിലെ ചില ബന്ധങ്ങൾ ഉപയോഗിച്ച് കോട്ടയം ജില്ലയിലെ ചങ്ങാനാശേരിയിൽ എത്തി വിശ്വാസികളെ കബളിപ്പിക്കാൻ ആരംഭിച്ചു.

ഇന്നിപ്പോൾ പയ്യന്നൂർ ടൗണിൽ രണ്ടിടത്തായി കോടികൾ വിലമതിക്കുന്ന രണ്ട് വീടുകളും സ്ഥലങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. അഞ്ച് കോടിയോളം രൂപ സജിത്തിന്റെ വീടിന് ഉണ്ടാകുമെന്നാണ് സൂചനകൾ. സർക്കാരിനെ പറ്റിക്കുന്നതിന് വേണ്ടി ഇവർ ഇടയ്ക്കിടയ്ക്ക് സ്ഥലങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതും സജിത് ജോസഫിന്റെ പരിപാടിയാണ്. അതിനവിടെ ഒളവറ എന്ന സ്ഥലത്ത് വിൽപ്പനയ്ക്കിട്ടിരിക്കുന്ന 50 ലക്ഷം രൂപാ വിലവരുന്ന വീടും സ്ഥലവും ഒരാളെ കബളിപ്പിച്ച് വാങ്ങിയതാണ് എന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ ചങ്ങാനാശ്ശേരിയിലെ സജിത്തിന്റെ കൊട്ടാരത്തിന് അഞ്ച് കോടിയിലധികം വിലവരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.

ചുരുക്കത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ആസ്തിയുള്ള സംഘടനയിലേക്ക് സജിത്ത് പാസ്റ്റർ വളർന്നത് അതിവേഗമായിരുന്നു. കണ്ണൂർ കാപ്പിമലയിലെ കട്ടപ്പുരയിൽ കിടന്നുവളർന്ന സജിത്ത് ജോസഫിന്റെ പ്രയാണ് കൊട്ടാരത്തിലേക്കാണ്. കോട്ടയം ചങ്ങനാശ്ശേരിയിലെ കൊട്ടാര സദൃശ്യമായ സൗകര്യങ്ങളിലേക്കാണ് സജിത്ത് വളർന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള ലക്ഷ്വറി കാറുകളും സജിത്തിന്റേതായുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP