Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്ന ചൈനയിലെ ബാങ്കിൽ നിന്ന് സിൽവർലൈനിന് വായ്പയെടുക്കാൻ കരുക്കൾ നീക്കി സർക്കാർ; നീക്കം ജൈക്ക പിന്മാറിയതിനാൽ വേറെ വഴിയില്ലാതായതോടെ; കൂടിയ പലിശയ്ക്ക് 33,000 കോടി കടമെടുത്താൽ കേരളത്തിന്റെ നട്ടെല്ലൊടിയും; നികുതി കൊടുത്ത് ജനം മുടിയും; കടം നൽകി ശ്രീലങ്കയെ വിഴുങ്ങിയ ചൈനീസ് മോഡൽ കേരളത്തിലേക്കും വരുമോ?

ഇന്ത്യയ്‌ക്കെതിരെ  പടയൊരുക്കം നടത്തുന്ന ചൈനയിലെ ബാങ്കിൽ നിന്ന് സിൽവർലൈനിന് വായ്പയെടുക്കാൻ കരുക്കൾ നീക്കി സർക്കാർ; നീക്കം ജൈക്ക പിന്മാറിയതിനാൽ വേറെ വഴിയില്ലാതായതോടെ; കൂടിയ പലിശയ്ക്ക് 33,000 കോടി കടമെടുത്താൽ കേരളത്തിന്റെ നട്ടെല്ലൊടിയും; നികുതി കൊടുത്ത് ജനം മുടിയും; കടം നൽകി ശ്രീലങ്കയെ വിഴുങ്ങിയ ചൈനീസ് മോഡൽ കേരളത്തിലേക്കും വരുമോ?

സായ് കിരൺ

ഡൽഹി : കിഴക്കൻ ലഡാക്കും അരുണാചൽ പ്രദേശുമൊക്കെ പിടിച്ചെടുക്കാൻ യുദ്ധസമാനമായ സൈനിക വ്യൂഹമൊരുക്കി അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരേ ചൈന പടയൊരുക്കം നടത്തുമ്പോൾ, ചൈനയിലെ ബെയ്ജിങ് ആസ്ഥാനമായ വികസന ബാങ്കിൽ നിന്ന് സിൽവർ ലൈനിനായി കോടികൾ വായ്പയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം.

ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) അരശതമാനം പലിശയ്ക്ക് എത്രതുകവേണമെങ്കിലും വായ്പനൽകാമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ജൈക്ക ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാനുള്ള ജൈക്ക റോളിങ് പ്ലാനിൽനിന്ന് അടുത്തിടെ സിൽവർ ലൈനിനെ ഒഴിവാക്കിയിരുന്നു. ഇതോടെ, പദ്ധതിക്കായി വിദേശ വായ്പ ആരു നൽകുമെന്ന ചോദ്യമുയർന്നു. ഇതോടെയാണ് ജപ്പാൻ ബാങ്കിന് പകരം ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിനെ വിദേശവായ്പയ്ക്കായി കെ-റെയിൽ സമീപിച്ചത്.

പദ്ധതിച്ചെലവായ 63,941 കോടി രൂപയിൽ 33,000 കോടിയാണു ജൈക്കയിൽനിന്നു വായ്പയെടുക്കാൻ ഉദ്ദേശിച്ചത്. എന്നാൽ സിൽവർലൈൻ പ്രായോഗികമല്ലെന്നും ഇവിടുത്തെ അതിശക്തമായ എതിർപ്പുകളും കണ്ട് ജൈക്ക പിന്മാറുകയായിരുന്നു. രണ്ടര ശതമാനത്തിലേറെ പലിശയ്ക്കാണ് ചൈനീസ് ബാങ്ക് വായ്പ നൽകുന്നത്. വിനിമയനിരക്കിലെ വ്യത്യാസമാവുമ്പോൾ പലിശ എട്ടു ശതമാനം വരെയാവാം. ഇത്രയും വലിയ കൊള്ളപ്പലിശയ്ക്ക് കടമെടുത്താൽ സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നു പോലും പരിഗണിക്കാതെയാണ് ഏതുവിധേനയും വിദേശ വായ്പ സംഘടിപ്പിക്കാൻ കെ-റെയിൽ കോർപറേഷന്റെ നീക്കം.

വൻകിട പദ്ധതികൾക്ക് വായ്പനൽകാൻ ജപ്പാനും ഇന്ത്യയും തമ്മിൽ കരാറുണ്ട്. എന്നാൽ ശത്രുരാജ്യമായ ചൈനയുമായി ഇങ്ങനെയൊരു കരാർ പോലുമില്ല. ശ്രീലങ്ക, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിൽ വൻ വികസനപദ്ധതികൾക്ക് വായ്പ നൽകി അവിടെയെല്ലാം ചൈന താവളമുറപ്പിച്ചത് ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. ചൈനയിലെ പ്രധാന തുറമുഖം പോലും ചൈനയുടെ കൈയിലാണ്. ഇതെല്ലാം ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാഭീഷണിയുമാണ്.

വിദേശ വായ്പയുടെ ബാദ്ധ്യതയും തിരിച്ചടവുമെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. വിദേശവായ്പാ തിരിച്ചടവിന് 49%ഗാരന്റി കേന്ദ്രസർക്കാരും 51%ഗാരന്റി സംസ്ഥാനവും നൽകാമെന്നായിരുന്നു പ്രാഥമികധാരണ. സംസ്ഥാനഗാരന്റി വാങ്ങിവച്ച ശേഷം, വായ്പയ്ക്ക് 100ശതമാനം തിരിച്ചടവ് ഗാരന്റി കേന്ദ്രസർക്കാരാണ് വായ്പ നൽകുന്ന ബാങ്കുകൾക്ക് നൽകുന്നത്. എന്നാൽ സിൽവർ ലൈനിന് ഗ്യാരന്റി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെയാണ് ബാധ്യത പിണറായി സർക്കാർ ഏറ്റെടുത്തത്. തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് കുറവുചെയ്യും. പ്രതിവർഷം 1800കോടി രൂപയാണ് വിദേശവായ്പയ്ക്ക് തിരിച്ചടവ് വേണ്ടിവരിക. ശമ്പളം,? പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കു പോലും കടമെടുക്കുന്ന സംസ്ഥാനത്തിന് ഇത് നടുവൊടിക്കുന്ന ബാധ്യതയായിരിക്കും.

പണമെറിഞ്ഞ് ഇന്ത്യയുടെ അയൽക്കാരെയെല്ലാം വലയിലാക്കുന്നത് ചൈനയുടെ തന്ത്രമാണ്. 23 രാഷ്ട്രങ്ങളെയാണ് ചൈന സഹായിച്ച് കടക്കെണിയിലാക്കിയത്. കോടികൾ സഹായം നൽകിയും വികസപദ്ധതികൾ ഏറ്റെടുത്തുമാണ് ചൈന നേപ്പാളിനെ അടുപ്പിച്ചത്. ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, തുടങ്ങിയ അയൽക്കാരും ചൈനീസ് സ്വാധീനത്തിലാണ്.

കോടാനുകോടി ഡോളർ വായ്പകളാണ് ചൈന ഇവർക്ക് നൽകിയിട്ടുള്ളത്. ശ്രീലങ്കയും നേപ്പാളുമൊക്ക തിരിച്ചടവ് വീഴ്ചയിലകപ്പെട്ട് ചൈനീസ് അധിനിവേശത്തിലേക്ക് വഴുതിവീഴുകയാണ്. തിരിച്ചടവ് മുടങ്ങിയതോടെ ശ്രീലങ്കയുടെ 1.5 ബില്യൻ ഡോളർ മുടക്കിയ ഹംബന്തോട്ട തുറമുഖ പദ്ധതി ഇതിനകം തന്നെ ചൈനയുടെ കൈപ്പിടിയിലായി. നേപ്പാളും ചൈനീസ് വായ്പാ കുരുക്കിലാണ്. ഹിമാലയൻ മേഖലയിൽ ടിബറ്റൻ അതിർത്തി വരെ 72.25 കി.മീറ്ററിൽ റെയിൽപാതാ പദ്ധതിയുണ്ട്. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലക്കടക്കം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് 2.4 ബില്യൺ ഡോളർ പദ്ധതി തുടങ്ങിയത്. പക്ഷേ പ്രതീക്ഷിക്കപ്പെടുമ്പോലെ വിജയകരമായില്ല. വായ്പ തിരിച്ചടയ്ക്കാനാകാതെ ചൈനയുടെ കടകെണിയിൽ നേപ്പാളും അകപ്പെട്ടിരിക്കുക.

മാലിദ്വീപിന്റെ 70 ശതമാനം വായ്പകളും ചൈനയിൽ നിന്നാണ്. ഇതിലുടെ മാലിദ്വിപിന്റെ പരമാധികാരവും സ്വാതന്ത്രൃവും ചൈനക്ക് അടിയറ വച്ചിരിക്കുകയാണ് അവിടുത്തെ സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP