Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയുടെ മനസാക്ഷിയും തരൂരിന്റെ പത്രികയിൽ ഒപ്പിട്ടു; ആന്റണിക്കൊപ്പമുള്ള തമ്പാനൂർ രവിയും കെസി അബുവും എംകെ രാഘവനും 'രാജ ശാസന' തള്ളിയ നേതാക്കൾ; യൂത്ത് കോൺഗ്രസിലെ പുതിയ ഐക്കൺ ശബരിനാഥനും ആരേയും ഭയക്കാതെ നാമനിർദ്ദേശം ചെയ്തു; ആ പതിനഞ്ചു പേർ തരൂരിന് നൽകുന്നത് പുതിയ പരിവേഷം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചിത്രം തെളിയുമ്പോൾ

ഉമ്മൻ ചാണ്ടിയുടെ മനസാക്ഷിയും തരൂരിന്റെ പത്രികയിൽ ഒപ്പിട്ടു; ആന്റണിക്കൊപ്പമുള്ള തമ്പാനൂർ രവിയും കെസി അബുവും എംകെ രാഘവനും 'രാജ ശാസന' തള്ളിയ നേതാക്കൾ; യൂത്ത് കോൺഗ്രസിലെ പുതിയ ഐക്കൺ ശബരിനാഥനും ആരേയും ഭയക്കാതെ നാമനിർദ്ദേശം ചെയ്തു; ആ പതിനഞ്ചു പേർ തരൂരിന് നൽകുന്നത് പുതിയ പരിവേഷം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചിത്രം തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയെ പിന്തുണയ്ക്കുന്നവരിൽ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്പാനൂർ രവിയും. അശോക് ഗെലോട്ട് പിൻവാങ്ങിയ സാഹചര്യത്തിൽ കേരളത്തിൽനിന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിന് പിന്തുണ കൂടിയേക്കാമെന്നാണ് വിലയിരുത്തൽ. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ കേരളത്തിലെ 15 പ്രധാന നേതാക്കൾ ഒപ്പിട്ടിട്ടുണ്ട്. മുതിർന്ന നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും ആയ തമ്പാനൂർ രവി ഇതിൽപെടും. തരൂർ നേരിട്ട് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് പിന്തുണ തേടുകയായിരുന്നു.

തരൂർ അല്ല ഹൈക്കമാണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. മുകൾ വാസ്‌നിക് മത്സരിക്കുന്നതോടെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായി. ഇതിനൊപ്പം ദിഗ് വിജയ് സിംഗും മത്സരിക്കുന്നു. ഈ സാഹചര്യത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിയാകാതെ തരൂർ ജയിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ ഗെലോട്ട് പിന്മാറിയ പുതിയ സാഹചര്യം അദ്ദേഹത്തെ കൂടുതൽ ശക്തനായ സ്ഥാനാർത്ഥിയാക്കിയേക്കും. ഇതിനൊപ്പമാണ് കേരളത്തിൽ പ്രധാന ഗ്രൂപ്പിന്റെ പ്രധാന നേതാവിന്റെ പിന്തുണ തരൂരിന് കിട്ടുന്നത്. നെയ്യാറ്റിൻകരയുടെ മുൻ എംഎൽഎയായ തമ്പാനൂർ രവി ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ആ നേതാവ് തരൂരിന് വേണ്ടി വോട്ട് ചെയ്യുമ്പോൾ പ്രതിഫലിക്കുക ഉമ്മൻ ചാണ്ടിയുടെ മനസ്സാണെന്ന വിലയിരുത്തൽ സജീവമാണ്.

തരൂരിനെ എകെ ആന്റണി അനുകൂലിക്കുന്നില്ല. മുകൾ വാസ്‌നികിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ആന്റണി നിർണ്ണായക പങ്കു വഹിച്ചു. തന്നോട് മത്സരിക്കുന്നതിനെ കുറിച്ച് തരൂർ ഒന്നും പറഞ്ഞില്ലെന്ന് പരസ്യമായി ആന്റണി പറഞ്ഞതും കേരളത്തിലെ നേതാക്കൾക്കുള്ള സന്ദേശമായിരുന്നു. കെസി വേണുഗോപാലാണ് എഐസിസി ജനറൽ സെക്രട്ടറി. വേണുഗോപാലും തരൂരിന് എതിരാണെന്ന് വ്യക്തം. കോൺഗ്രസ് ഹൈക്കമാണ്ടിലെ രണ്ട് നിർണ്ണായക ശക്തികൾ എതിർത്തിട്ടും കേരളത്തിലെ 15 പേർ പത്രികയിൽ ഒപ്പിട്ടതാണ് ശ്രദ്ധേയം. ഇതിൽ തമ്പാനൂർ രവിക്ക് ആന്റണിയുമായി ആത്മബന്ധമാണുള്ളത്. ആന്റണിയുടെ വിശ്വസ്തരായ മറ്റു ചിലരും പത്രികയിൽ ഒപ്പിട്ടു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സി അബു, എം കെ രാഘവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ എന്നിവരടക്കമുള്ള നേതാക്കളാണ് പത്രികയിൽ ഒപ്പിട്ടിരിക്കുന്നത്. തരൂർ നാല് സെറ്റ് പത്രിക തയ്യാറാക്കിയതായാണ് വിവരം. ഗ്രൂപ്പ്- പ്രായ വ്യത്യാസമില്ലാതെയാണ് തരൂരിന് നേതാക്കളുടെ പിന്തുണയെന്ന് ഇത് വ്യക്താക്കുന്നു. ഇതിൽ അബുവും രാഘവവനും തമ്പാനൂർ രവിയെ പോലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരാണ്. ശബരിനാഥൻ ഐ ഗ്രൂപ്പിലും. ഇടക്കാലത്ത് കെ സി വേണുഗോപാലിനൊപ്പം ശബരിനാഥൻ മാറിയതായും സൂചനകൾ പുറത്തു വന്നിരുന്നു. അത്തരത്തിലൊരു നേതാവാണ് തരൂരിന് വേണ്ടി ഒപ്പിട്ടതെന്നും ശ്രദ്ധേയമാണ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ള നേതാക്കളെ കണ്ട് തരൂർ പിന്തുണ തേടിയിരുന്നു. എതിർപ്പില്ലെങ്കിലും ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ പാരമ്പര്യത്തിൽനിന്നു മാറാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. രമേശ് ചെന്നിത്തല, എം.എം.ഹസൻ തുടങ്ങിയവരോടു പത്രികയിൽ ഒപ്പിടണമെന്നു തരൂർ അഭ്യർത്ഥിച്ചെങ്കിലും അവരും ബുദ്ധിമുട്ട് വ്യക്തമാക്കി. കെപിസിസി മനസാക്ഷി വോട്ട് ചെയ്യാനാണ് സാധ്യത. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു മുകൾ വാസ്‌നിക്. കേരളത്തിലെ നേതാക്കളുമായി ബന്ധവുമുണ്ട്. അപ്പോഴും ശശി തരൂരിന് കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കുന്നുവെന്നതാണ് വസ്തുത.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ തരൂരിന് പിന്തുണ വർധിക്കുന്നതിൽ ഗാന്ധി കുടുംബവുമായി അടുത്തു നിൽക്കുന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കൾക്ക് വലിയ അമർഷമുള്ളതായാണ് റിപ്പോർട്ടുകൾ. മുകുൾ വാസ്നിക്കും അധ്യക്ഷ സ്ഥാനത്തെയ്ക്ക് മത്സരിക്കുമെന്ന വാർത്ത പുറത്തുവരുന്ന സാഹചര്യത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. ശശി തരൂർ, ദിഗ് വിജയ് സിങ് എന്നിവർ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

കേരളത്തിൽ നിന്ന് 328 പേർക്കാണ് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. അതിൽ പത്ത് പേരുടെ പിന്തുണയാണ് സ്ഥാനാർത്ഥിക്ക് വേണ്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഒക്ടോബർ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. മത്സരമുണ്ടെങ്കിൽ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് ഫലപ്രഖ്യാപനം. തരൂർ പത്രിക നൽകാൻ തയാറായതിൽ പലരും ഉള്ളാലെ സന്തോഷിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന്റെ നോമിനി എതിരില്ലാതെ ജയിക്കുന്ന പതിവു സാഹചര്യം ഒഴിവാകുമല്ലോ എന്നവർ കരുതുന്നു. തനിക്ക് രാജ്യത്താകെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണു കേരളത്തിലെ നേതാക്കളോട് തരൂർ ചൂണ്ടിക്കാട്ടിയത്. എംപിമാരിൽ വലിയ പങ്ക് ക്രിയാത്മകമായാണു പ്രതികരിച്ചതെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

തരൂർ സ്ഥാനാർത്ഥി ആയാൽ മനഃസാക്ഷി വോട്ടിന് നിർദ്ദേശം നൽകുമെന്ന് നേരത്തെ കെ.സുധാകരൻ പറഞ്ഞതായി വാർത്ത വന്നിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിക്കൊപ്പം കെപിസിസി ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥി ആയി അശോക് ഗെലോട്ട് വന്നിരുന്നുവെങ്കിൽ തരൂരിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിൽ പോലും പ്രസക്തമല്ലാതാകുമായിരുന്നു. ഗെലോട്ട് പിന്മാറിയത് കാര്യങ്ങൾ തരൂരിന് അനുകൂലമാക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP