Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിലപ്പെട്ട' സാധനങ്ങൾ പ്രവർത്തകർ അതിവേഗം മാറ്റി; ഓഫീസുകൾ സ്വമേധയാ ഒഴിഞ്ഞു; പിന്നാലെ 'ജാഗ്രത' വീണ്ടെടുത്ത് കേരള പൊലീസ്; ഓഫീസുകൾ 'സീൽ ചെയ്യൽ' തുടങ്ങിയത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഒരു ദിനം പിന്നിടുമ്പോൾ; നടപടിയിലെ കാലതാമസം ദോഷം ചെയ്യുമെന്ന് കേന്ദ്ര ഏജൻസികൾ

'വിലപ്പെട്ട' സാധനങ്ങൾ പ്രവർത്തകർ അതിവേഗം മാറ്റി; ഓഫീസുകൾ സ്വമേധയാ ഒഴിഞ്ഞു; പിന്നാലെ 'ജാഗ്രത' വീണ്ടെടുത്ത് കേരള പൊലീസ്; ഓഫീസുകൾ 'സീൽ ചെയ്യൽ' തുടങ്ങിയത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഒരു ദിനം പിന്നിടുമ്പോൾ; നടപടിയിലെ കാലതാമസം ദോഷം ചെയ്യുമെന്ന് കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ വിമർശനം ഉയർന്നതോടെ 'ജാഗ്രത' വീണ്ടെടുത്ത് കേരള പൊലീസ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടതോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് മറ്റു സംസ്ഥാനങ്ങൾ കടന്നിട്ടും കേരളത്തിൽ തീരുമാനമെടുക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ നടപടികളിലുണ്ടാകുന്ന കാലതാമസം ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് കേന്ദ്ര ഏജൻസികൾക്കുള്ളത്.

സന്നദ്ധ സംഘടനകളുടെ ഓഫിസുകളും പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നതായി വിവരമുണ്ട്. നടപടികൾ വൈകുന്നതിനിടെ ചില ഓഫിസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വമേധയാ ഒഴിഞ്ഞിരുന്നു. ഈ ഓഫിസുകളിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളടക്കം പ്രവർത്തകർ സുരക്ഷിതമായി മാറ്റുകയും ചെയ്തു. നിരോധനം വന്നിട്ടും സംഘടന പ്രവർത്തകർക്ക് യഥേഷ്ടം വസ്തുവകകൾ അടക്കം നീക്കം ചെയ്യാനുള്ള അവസരം ലഭിച്ചു.

ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ് സീൽ ചെയ്യുന്നതിന് വ്യാഴാഴ്ച രാത്രിയോടെ ഉദ്യോഗസ്ഥർ എത്തി. പറവൂർ തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടി തുടങ്ങിയത്. എറണാകുളം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ്.

പിഎഫ്‌ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദ്ദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്‌ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദ്ദേശം ഡിജിപി അനിൽ കാന്ത് നൽകിയത്.

പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളും വസ്തുവകകകളും ഉപയോഗിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടനയ്ക്കും നേതാക്കൾക്കും സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയും. ഇതിനായി ജില്ലാ മജിസ്‌ട്രേറ്റുമായി ചേർന്ന് തുടർ നടപടിയെടുക്കും. നടപടികൾ ക്രമസമാധാന വിഭാഗം എഡിജിപിയും മേഖലാ ഐജിമാരും റേഞ്ച് ഡി ഐ ജി മാരും നിരീക്ഷിക്കും

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികളിൽ ഇല്ലാത്തത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. നടപടികൾ കരുതലോടെ മതിയെന്ന നിർദേശമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് രാവിലെ നൽകിയതെന്നാണ് സൂചന. ഡിജിപിയുടെ നേതൃത്വത്തിൽ എസ്‌പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ജാഗ്രത തുടരാനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരെ നീരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. രാത്രിയോടെ ഡിജിപി സർക്കുലർ ഇറക്കിയശേഷമാണ് നടപടി ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ പൂർണതോതിൽ ഉണ്ടാകൂ എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പൂട്ടേണ്ട ഓഫിസുകളുടെയും മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകളുടേയും പട്ടിക നേരത്തെ തയാറാക്കിയ കേന്ദ്ര ഏജൻസികൾ കേന്ദ്ര തീരുമാനം വന്നയുടനെ നടപടികൾ ആരംഭിച്ചു. എന്നാൽ സംസ്ഥാന പൊലീസ് ഈ നടപടികൾ വ്യാഴാഴ്ച രാവിലെയും തുടങ്ങിയിരുന്നില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക തലത്തിലുള്ള ഓഫിസുകളെ സംബന്ധിച്ച് ലോക്കൽ പൊലീസിനു കാര്യമായ വിവരം ലഭിച്ചതുമില്ല.

തിരുവനന്തപുരം കല്ലമ്പലത്ത് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുഎപിഎ നിയമപ്രകാരം ഇന്ന് അറസ്റ്റിലായിരുന്നു. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് പുതുശ്ശേരി സ്വദേശി നസീം, സംഘടന പ്രവർത്തകൻ അബ്ദുൽ സലിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ പതാക അഴിച്ചുമാറ്റുന്നതിനിടെ പിഎഫ്‌ഐ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് കേസ്.
പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. പിഎഫ്‌ഐ നിരോധനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ ബാലൻ പിള്ള സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയും പൊലീസ് ഇന്ന് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

അതേസമയം പിഎഫ്‌ഐ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 155 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകൾ രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP