Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രസ്റ്റിയായിരുന്നുവെന്നും പ്രവർത്തിക്കാൻ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാൻ; ആ എൻജിഒയുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ദേശീയ നേതാവ്; റിഹാബ് ഇന്ത്യയെ നയിച്ചിരുന്നത് ഐഎൻഎൽ നേതാവ് തന്നെ; നിരോധനം ഞെട്ടിച്ചുവെന്ന് മുഹമ്മദ് സുലൈമാൻ

റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രസ്റ്റിയായിരുന്നുവെന്നും പ്രവർത്തിക്കാൻ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാൻ; ആ എൻജിഒയുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ദേശീയ നേതാവ്; റിഹാബ് ഇന്ത്യയെ നയിച്ചിരുന്നത് ഐഎൻഎൽ നേതാവ് തന്നെ; നിരോധനം ഞെട്ടിച്ചുവെന്ന് മുഹമ്മദ് സുലൈമാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎൻഎല്ലിന് ബന്ധമുണ്ടെന്ന് വ്യക്തമായി. സംഘടനയെ ന്യായീകരിച്ച് ഐഎൻഎൽ തലവൻ തന്നെ രംഗത്തു വന്നു. റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ നിരോധിച്ചത് ഞെട്ടിച്ചുവെന്ന് ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ. സംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്നും അറിയിച്ചു.

സംഘടന രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരു എൻജിഒ എന്ന നിലയിലാണ് സംഘടന പ്രവർത്തിച്ചിരുന്നത്. റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രസ്റ്റിയായിരുന്നുവെന്നും പ്രവർത്തിക്കാൻ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന് ആരോപണം ബിജെപി ഉന്നയിച്ചത്. പിണറായി മന്ത്രിസഭയിൽ ഐഎൻഎല്ലിന്റെ പ്രതിനിധിയായി അഹമ്മദ് ദേവർ കോവിലുണ്ട്. മന്ത്രിയുടെ രാജി ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് ഐഎൻഎൽ സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് ഐഎൻഎൽ നേതാവ് വിശദീകരണം നൽകുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ഫൗണ്ടേഷൻ രൂപവത്കരിച്ചതുമുതൽ തലപ്പത്ത് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് മുഹമ്മദ് സുലൈമാൻ വിശദീകരിച്ചത്. ഈ വർഷം മാർച്ചിലാണ് സ്ഥാനമൊഴിഞ്ഞെതെന്നും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുഹമ്മദ് സുലൈമാൻ പറഞ്ഞു.

രണ്ട് വർഷം മുമ്പ് തന്നെ ഇക്കാര്യം പാർട്ടിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും നേതൃത്വം തങ്ങൾക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും പാർട്ടിയിലെ മറുപക്ഷത്തിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽവഹാബ് ആരോപിച്ചു. ദേശീയ പ്രസിഡന്റിന്റെ ഈ അംഗത്വം പാർട്ടിയുടെ തീരുമാനപ്രകാരമാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഉൾപ്പെടെ പ്രതികാര നടപടികൾ സ്വീകരിച്ചു. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്നുവെന്ന അപരാധമാണ് തങ്ങൾക്ക് എതിരേ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നിരോധിച്ച സംഘടനയുമായി ഐ.എൻ.എലിന് ബന്ധമുള്ളതിനാൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാർട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ നിയമോപദേശം തേടുമെന്നും റിഹാബ് വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ ഉത്തരവും പുറത്തിറക്കി. ഇന്നലത്തെ തീയതിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നടപടിക്രമങ്ങൾ പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കളക്ടർക്കും പൊലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങും.

1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതോടെ പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കുകയും പൊലീസ് നടപടികളിലേക്ക് കടക്കുകയും ചെയ്യും. നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ സംഘടനകൾക്കെതിരേ ശക്തമായ നടപടികളെടുക്കാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതേസമയം, മറ്റുസംസ്ഥാനങ്ങളില്ലെല്ലാം ബുധനാഴ്ച രാവിലെ മുതൽ നിരോധനത്തിന്റെ ഭാഗമായ നടപടികൾ ആരംഭിച്ചിരുന്നു. പലയിടങ്ങളിലും റെയ്ഡ് നടത്തി.

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം, രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തൽ, ഭീകരപ്രവർത്തനങ്ങൾ, അതിനായുള്ള ധനസമാഹരണം, ആസൂത്രിത കൊലപാതകങ്ങൾ, ഭരണഘടനാ വ്യവസ്ഥകളോടുള്ള അവഗണന, ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്.), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി.), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ.), നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളേയുമാണ് നിരോധിച്ചത്. ബുധനാഴ്ച പുലർച്ചെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തോടെ നിരോധനം പ്രാബല്യത്തിൽവന്നു.

ഈ മാസം 22-നും 27-നും വിവിധസംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുകയും നേതാക്കളുൾപ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. അതിന്റെ തുടർച്ചയായാണ് നിരോധനം നടപ്പാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോപ്പുലർ ഫ്രണ്ടും അനുബന്ധസംഘടനകളും കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP