Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പച്ചപ്പ് കണ്ടിട്ടും ടെസ്റ്റ് വിക്കറ്റെന്ന് തിരിച്ചറിയാത്ത സംഘാടകർ; കാര്യവട്ടത്ത് ബൗളർമാർക്ക് കാലുളക്കാത്തതും പൊടി മണ്ണിന്റെ കാരുണ്യത്തിൽ; കുത്തി ഉയരുന്ന പന്തിൽ ബാറ്റേഴ്‌സ് പരിക്കേൽക്കാത്തതും ഭാഗ്യം; പണം കൊടുത്ത് ടിക്കറ്റെടുത്തവർക്ക് ഇരിക്കാൻ സീറ്റും കിട്ടിയില്ല; ഇന്ത്യ ജയിച്ചത് മാത്രം ആശ്വാസം; സംഘാടനത്തിൽ കെ.സി.എക്ക് പിഴച്ചപ്പോൾ

പച്ചപ്പ് കണ്ടിട്ടും ടെസ്റ്റ് വിക്കറ്റെന്ന് തിരിച്ചറിയാത്ത സംഘാടകർ; കാര്യവട്ടത്ത് ബൗളർമാർക്ക് കാലുളക്കാത്തതും പൊടി മണ്ണിന്റെ കാരുണ്യത്തിൽ; കുത്തി ഉയരുന്ന പന്തിൽ ബാറ്റേഴ്‌സ് പരിക്കേൽക്കാത്തതും ഭാഗ്യം; പണം കൊടുത്ത് ടിക്കറ്റെടുത്തവർക്ക് ഇരിക്കാൻ സീറ്റും കിട്ടിയില്ല; ഇന്ത്യ ജയിച്ചത് മാത്രം ആശ്വാസം; സംഘാടനത്തിൽ കെ.സി.എക്ക് പിഴച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യവട്ടത്തെ ട്വന്റി ട്വന്റിക്ക് പണം കൊടുത്ത് ടിക്കറ്റെടുത്തവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. സീറ്റിൽ എല്ലാം മറ്റുള്ളവർ. പല സ്റ്റാൻഡുകളിലും അവർ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ലാത്തതു കൊണ്ട് ആ കെടുകാര്യസ്ഥത ആരും അറിഞ്ഞില്ല. ഗാലറിയിൽ ആർപ്പുവിളികൾ ഉയർന്നു. സ്‌കോർ ബോർഡ് സ്ഥാപിച്ചത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് മാത്രം. അതും വിഐപി ഗാലറിക്ക് മുമ്പിൽ. അതു കാണാനാകാത്തവർ വല്ലപ്പോഴും ഇലക്ട്രോണിക് സ്‌ക്രീനിൽ മിന്നി മറഞ്ഞ സ്‌കോർ ബോർഡിനായി കാത്തിരുന്നു. കൂറ്റൻ സ്‌ക്രീനുകളും സ്ഥാപിക്കാനായില്ല. ഇതിനൊപ്പം സൈഡ് സ്‌ക്രീനും തുണി പുതയ്ക്കലായി. അങ്ങനെ കാണികളുടെ ഭാഗത്തു നിന്ന് നോക്കിയാൽ സർവ്വത്ര ദുരന്തമായിരുന്നു കാര്യവട്ടത്തെ മത്സരം.

ഇന്ത്യ ജയിച്ചതും സൂര്യകുമാർ യാദവിന്റെ മിന്നും അർദ്ധ ശതകവും കെ എൽ രാഹുലിന്റെ ചെറുത്ത് നിൽപ്പും മാത്രമാണ് കാണികൾക്ക് ആശ്വാസമായത്. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ വീറും വാശിയും ഈ മത്സരത്തിൽ കണ്ടില്ല. തിരുവനന്തപുരത്ത് കുറച്ചു ദിവസമായി നല്ല കാലാവസ്ഥയായിരുന്നു. എങ്ങനെ വേണമെങ്കിലും പിച്ചൊരുക്കാമായിരുന്നു. പക്ഷേ അതൊന്നും എന്തുകൊണ്ടോ നടന്നില്ല. നല്ല പച്ചപ്പുള്ള പിച്ച് തന്നെ കളിക്കും തെരഞ്ഞെടുത്തു. അതു കാണുന്ന ആർക്കും ബൗളർമാർക്ക് മേധാവിത്വം ഉറപ്പിക്കാനാകുമായിരുന്നു. പക്ഷേ കേരളാ ക്രിക്കറ്റ് അസോസിയേഷനും ക്യൂറേറ്ററും ഇതിനെ റണ്ണൊഴുക്കുന്ന പിച്ചായി അവതരിപ്പിച്ചു. ചാനലുകൾ അത് ഏറ്റുപാടി. അത് വിശ്വസിച്ച് ആർപ്പുവിളികളുമായി ആരാധകരുമെത്തി. ഇന്ത്യ ടോസ് നേടിയില്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്കൻ ബൗളിങ് പച്ചപ്പ് നിറഞ്ഞ പിച്ചിൽ നിറഞ്ഞാടുമായിരുന്നു. അത് മറ്റൊരു വേദനയായി മാറുമായിരുന്നു. ടോസ് ചതിക്കാത്തതാണ് ഇന്ത്യയ്ക്ക് തുണയായത്.

വേണമെങ്കിൽ ലോകകപ്പിൽ ഓസ്‌ട്രേലിയയിൽ കളിക്കാനുള്ള ടീം ഇന്ത്യക്ക് വേണ്ടി മനപ്പൂർവ്വം തയ്യറാക്കിയതാണ് ഈ പിച്ചെന്ന് പറയാം. എന്നാൽ ബൗളർമാർക്ക് റണ്ണെപ്പ് നേരെയാക്കാൻ ക്രീസിൽ മണ്ണിടേണ്ടത് സ്ഥിരം കാഴ്ചയായി. കുഴിയിൽ വീണ് കാലുളുക്കാതിരിക്കാനുള്ള മുൻകരുതലായി പൊടി മണ്ണ് പലപ്പോഴും ഇടേണ്ടിയും വന്നു. ഇതിനൊപ്പം ബാറ്റ്‌സ്മാന്മാരും ബുദ്ധിമുട്ടി. പ്രവചനാതീത ബൗൺസിൽ പല ബാറ്റ്‌സ്മാന്മാരും വലഞ്ഞു. അപ്രതീക്ഷിത ബൗൺസിന്റെ ഇരയായിരുന്നു വിരാട് കോലി. മികച്ച ഫോമിൽ കളിച്ച സൂര്യകുമാർ യാദവിന് പോലും കുത്തിയുയർന്ന ബൗൺസിൽ പാടുപെടേണ്ടി വന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിന് എത്തരത്തിൽ പിച്ചിടരുതെന്നതിന് തെളിവായി മാറി കാര്യവട്ടത്തെ പിച്ച്. കാണികൾക്ക് ആവേശം നൽകുന്ന തരത്തിലേക്ക് മത്സരം ഉയരാത്തത് പിച്ചിലെ നിലവാരക്കുറവ് കാരണമാണ്.

ഔട്ട് ഫീൽഡ് മികച്ചതാണെങ്കിൽ കളി നടത്താം എന്നതു മാത്രമായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി. കളി കാണാനെത്തിയവർക്കും അസൗകര്യങ്ങൾ മാത്രമാണ് നൽകിയത്. സുരക്ഷയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ പൊലീസ് കമ്മീഷണർ പറഞ്ഞതൊന്നും നടന്നില്ല. തിരിച്ചറിയൽ രേഖ പരിശോധിക്കാതെയാണ് എല്ലാവരും ഗ്രൗണ്ടിൽ കയറിയത്. നോ മാസ്‌ക... നോ എൻട്രി എന്ന് ടിക്കറ്റിലും അച്ചടിച്ചിരുന്നു. എന്നാൽ കളി കണ്ടവരിൽ എൺപത് ശതമാനം പേരും മാസ്‌ക് ധരിച്ചിരുന്നില്ലെന്നതാണ് വസ്തുത. ഇതൊന്നും പരിശോധിക്കാൻ ആരും ഗ്രൗണ്ടുകളിലുണ്ടായിരുന്നില്ല. നിയന്ത്രിക്കേണ്ടവരെല്ലാം കളി കാണുന്ന തരിക്കിലും. ഈ ആസ്വാദനമാണ് ടിക്കറ്റിൽ സീറ്റ് നമ്പർ ഉണ്ടായിരുന്നിട്ടും അവിടെ ആർക്കും ഇരിക്കാൻ പറ്റാത്തതിന് കാരണവും. കളി കാണാനെത്തുന്നവർക്ക് ഭക്ഷണം നൽകാൻ മതിയായ കൗണ്ടറുകൾ ഉണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ എ എം ബിജു രംഗത്ത് എത്തിയിരുന്നു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി. രണ്ട് അർധ സെഞ്ചുറികൾ പിച്ചിൽ നേടി. മത്സരത്തിൽ നിരാശനല്ലെന്ന് ക്യൂറേറ്റർ എ എം ബിജു പ്രതികരിച്ചിട്ടുണ്ട്. ബാറ്റിങ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തിരുവനന്തപുരത്ത് ഉച്ച സമയത്ത് നല്ല വെയിലുണ്ടായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം നേടുമ്പോഴും ആരാധകർ നിരാശയിലായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 50 റൺസെടുത്തും രാഹുൽ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110. അർഷ്ദീപ് സിങ്ങിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട രോഹിത് റൺസെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് ക്യാച്ച് നൽകി താരം മടങ്ങി. പിന്നാലെ വന്ന സൂപ്പർതാരം വിരാട് കോലിക്കും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്നുറൺസ് മാത്രമെടുത്ത കോലിയെ ആന്റിച്ച് നോർക്യെ ക്വിന്റൺ ഡികോക്കിന്റെ കൈയിലെത്തിച്ചു. കോലി പുറത്താവുമ്പോൾ ഇന്ത്യ 17 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. മറുവശത്ത് രാഹുൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ കോലിക്ക് പകരം വന്ന സൂര്യകുമാർ യാദവ് തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് ഇന്ത്യയെ രക്ഷിച്ചു.

സൂര്യകുമാർ 33 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 50 റൺസെടുത്തും രാഹുൽ 56 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. 16.4 ഓവറിൽ ഇന്ത്യ വിജയം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദയും ആന്റിച്ച് നോർക്യെയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. 41 റൺസെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്സ്‌കോറർ. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും വമ്പൻ കട്ടൗട്ടുകൾ സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തിനു സമീപം സ്ഥാപിച്ചിരുന്നു. ഇതിനു മുന്നിൽനിന്ന് ഫോട്ടോയെടുക്കാനും വൻ തിരക്കായിരുന്നു. സഞ്ജു സാംസണിന്റെയും മുൻ ക്യാപ്റ്റൻ ധോണിയുടെയും കൂറ്റൻ ഫ്ളക്സുകളും സ്റ്റേഡിയത്തിനു മുന്നിൽ ഒരുക്കിയിരുന്നു.

തമിഴ്‌നാട്ടിൽനിന്നും മറ്റ് ജില്ലകളിൽനിന്നും കളി ദിവസം രാവിലെതന്നെ ആരാധകർ സ്റ്റേഡിയത്തിനു മുന്നിലെത്തി. രാവിലെ അകത്ത് കയറ്റുമോ എന്ന ചോദ്യവുമായി ഇവർ പൊലീസിനെ സമീപിച്ചെങ്കിലും വൈകുന്നേരം 4.30-നു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നറിഞ്ഞതോടെ പലരും പ്രദേശത്ത് കറങ്ങിനടന്നു. രാവിലെ കാർമേഘങ്ങൾ നിഴൽപരത്തിയത് ആശങ്കയുണ്ടാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നീലാകാശം തെളിഞ്ഞു. ഉച്ചകഴിഞ്ഞതോടെ കാര്യവട്ടം സ്റ്റേഡിയത്തിനു മുന്നിൽ ആരാധകരുടെ വൻ തിരക്കായിരുന്നു.

ഇന്ത്യൻ ജെഴ്സി അണിഞ്ഞും ത്രിവർണപതാക കൈയിലേന്തിയും ആവേശ ആരവങ്ങൾ തീർത്തു. വൈകുന്നേരം താരങ്ങളെ നേരിൽക്കാണുന്നതിനായി ടീമംഗങ്ങൾ വരുന്ന ബസ് കാത്ത് നിരവധിപ്പേരാണ് റോഡിന് ഇരുവശവുമുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP