Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ ഇവ; നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസും

ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ ഇവ; നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം ചില സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചതും നിർണായകമായി. നിരോധിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അന്വേഷണത്തിൽ ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ടുകൾ ശേഖരിക്കുന്നത് പിഎഫ്‌ഐ അംഗങ്ങൾ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്‌ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവിൽ പറയുന്നു. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്.

പോപ്പുലർ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവിൽ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ആഘാതം സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെയും സാമുദായിക സൗഹാർദത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങളിൽ പിഎഫ്‌ഐ ഏർപ്പെട്ടു. പിഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്‌ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇവ രണ്ടും നിരോധിത സംഘടനകളാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്‌ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ പിഎഫ്‌ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവർത്തനം നടത്തി. ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ, രാജ്യവ്യാപകമായി അക്രമപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തി, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി മാറ്റി, സംഘടനയെ എതിർക്കുന്നവരെ കൊലപ്പെടുത്തി, ഭീകരപ്രവർത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു തുടങ്ങി കാരണങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് നിരോധനം വന്നതോടെ ഇനി മുതൽ ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയിൽ പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. എട്ട് സംഘടനകളേയും അഞ്ച് വർഷത്തേക്ക് വിലക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് തുടങ്ങിയ സർക്കാരുകളാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസും വ്യക്തമാക്കി. പോപുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കമുള്ള പ്രധാന ഓഫിസുകൾ സീൽ ചെയ്യും. സംസ്ഥാനത്ത് പൊലീസ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്യാമ്പുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളിൽ പ്രതികളായവരെ പിടികൂടാനുള്ള റെയ്ഡുകൾ തുടരാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP