Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപരിധി നടപ്പാക്കിയാൽ ഇസ്മായിലും ദിവാകരനും മാത്രമല്ല പ്രകാശ് ബാബുവും അസിസ്റ്റന്റ് സെക്രട്ടറി അല്ലാതെയാകും; സത്യൻ മൊകേരിയും നിഷ്പ്രഭനാകും; എതിരാളികളെ വെട്ടിനിരത്താൻ കാനത്തിന്റെ സുസജ്ജ നീക്കം; സെക്രട്ടറിയെ ഹരമുള്ള മത്സരത്തിലൂടെ കണ്ടെത്താൻ മറുവിഭാഗവും; സിപിഐയിൽ ആളെക്കൂട്ടാൻ ഇരുവിഭാഗവും

പ്രായപരിധി നടപ്പാക്കിയാൽ ഇസ്മായിലും ദിവാകരനും മാത്രമല്ല പ്രകാശ് ബാബുവും അസിസ്റ്റന്റ് സെക്രട്ടറി അല്ലാതെയാകും; സത്യൻ മൊകേരിയും നിഷ്പ്രഭനാകും; എതിരാളികളെ വെട്ടിനിരത്താൻ കാനത്തിന്റെ സുസജ്ജ നീക്കം; സെക്രട്ടറിയെ ഹരമുള്ള മത്സരത്തിലൂടെ കണ്ടെത്താൻ മറുവിഭാഗവും; സിപിഐയിൽ ആളെക്കൂട്ടാൻ ഇരുവിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ. സംസ്ഥാന സമ്മേളനത്തിൽ വെട്ടിനിരത്തലുകൾ ഉറപ്പ്. നേതൃമാറ്റത്തിനുള്ള താത്പര്യം സി ദിവാകരനും കെ.ഇ. ഇസ്മയിലും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. ഒരു ടേം കൂടി സെക്രട്ടറിസ്ഥാനത്ത് തുടരാനാകുമെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. കാനത്തിന് മുൻതൂക്കമുണ്ടെന്നാണ് സൂചന. അങ്ങനെ വന്നാൽ എതിർ വിഭാഗത്തെ മുഴുവൻ വെട്ടിയൊതുക്കും. മറിച്ച് സംഭവിച്ചാൽ കാനം പക്ഷവും അപ്രസക്തമാകും. സിപിഐ.യുടെ ചരിത്രത്തിൽ പലഘട്ടത്തിലും വിഭാഗീയതയുടെ ചേരിതിരിവുകളുണ്ടായിട്ടുണ്ടെങ്കിലും സെക്രട്ടറിപദത്തിലേക്ക് മത്സരമുണ്ടായിട്ടില്ല. ഇത് ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന.

എതിരഭിപ്രായമുള്ളവരെ ഇല്ലാതാക്കാനുള്ള ആയുധമായി 'പ്രായപരിധി' കാനം ഉപയോഗിക്കും. അതിൽ ഇസ്മയിലും ദിവാകരനും വീഴും. ഇതിനൊപ്പം പ്രായപരിധിയിൽ നിലവിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയും സ്ഥാനഭ്രഷ്ടരാകും. സെക്രട്ടറിക്ക് 75 വയസ്സുവരെ തുടരാമെങ്കിലും അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് 65 വയസ്സാണ് പ്രായപരിധി. കാനത്തിന്റെ സമീപകാല നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രകാശ് പദവിയില്ലാതാകുന്നതോടെ സ്വാഭാവികമായും സംഘടനയിൽ നിഷ്പ്രഭനാകും. ഫലത്തിൽ നേതൃത്വത്തിലെ വലിയ ശത്രു ഇല്ലാതാകും. പ്രകാശ് ബാബുവിന് സെക്രട്ടറി പദവിയിലേക്ക് മത്സരിക്കാൻ മോഹവുമുണ്ട്.

ദേശീയ എക്സിക്യുട്ടീവിലേക്ക് പ്രകാശ് ബാബുവിന് 'പ്രമോഷൻ' നൽകുമെന്നും പറയുന്നവരുണ്ട്. സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രകാശ് ബാബുവിനെയും പാർട്ടി ഭരണഘടന വിലക്കുന്നില്ല. ദേശീയ നേതൃത്വത്തിന് കാനം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന ചോദ്യവും സജീവമാണ്. സമ്മേളനത്തിൽ ദേശീയ നേതൃത്വം പുതിയ സെക്രട്ടറിയുടെ പേര് നിർദ്ദേശിക്കുന്ന രീതിയുണ്ട്. ഇതും പുതിയ സെക്രട്ടറിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും. കാനത്തിന് അപ്പുറത്തേക്കുള്ള പേരു പറഞ്ഞാൽ കാനം പക്ഷം അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. സ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാകുമെന്നു കെ.ഇ.ഇസ്മായിൽ തന്നെ വ്യക്തമായ സൂചന നൽകിയതോടെ സിപിഐ കടുത്ത പിരിമുറുക്കത്തിലാണ്.

വള്ളിയാഴ്ച തലസ്ഥാനത്തു സംസ്ഥാന സമ്മേളനത്തിനു കൊടിയേറാൻ പോകുമ്പോഴാണു സെക്രട്ടറി കാനം രാജേന്ദ്രൻ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഇസ്മായിൽ സൂചന നൽകിയത്. 75 വയസ്സ് പിന്നിട്ട ഇസ്മായിൽ സംസ്ഥാന കൗൺസിലിൽ നിന്നു തന്നെ പുറത്തു പോകുമെന്നിരിക്കെ കലാപക്കൊടി തള്ളുകയാണ് കാനം അനുകൂലികൾ. ബിഹാറിലേക്കു നോക്കൂ എന്നാണ് അതിന് ഇസ്മായിലിന്റെ മറുപടി. അവിടെ ദേശീയ കൗൺസിലിന്റെ 75 പ്രായപരിധി നിർദ്ദേശം വകവയ്ക്കാതെ 78 വയസ്സുള്ള രാം നരേഷ് പാണ്ഡെയെ രണ്ടാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബിഹാറിൽ ആകാമെങ്കിൽ കേരളത്തിലും എന്തുകൊണ്ടു പറ്റില്ല എന്ന് ഇസ്മായിൽ വിഭാഗം ചോദിക്കുന്നു.

ജില്ലാ സമ്മേളനങ്ങളിൽ പ്രായപരിധി തീരുമാനത്തെ അനുകൂലിച്ച ഇസ്മായിൽ സംസ്ഥാന സമ്മേളനത്തിൽ അതിനെതിരെ എങ്ങനെ പറയുമെന്ന് കാനം വിഭാഗത്തിന്റെ മറുചോദ്യം. ഇസ്മായിലിന്റെ എതിർപ്പിലും മറ്റൊരു മുതിർന്ന നേതാവായ സി ദിവാകരന്റെ പ്രതിഷേധത്തിലും കമ്മിറ്റികളിൽ നിന്നു പുറത്തു പോകേണ്ടി വരുന്നതിലുള്ള നിരാശയാണെന്നു കാനം വിഭാഗം വിലയിരുത്തുന്നു. പക്ഷേ മത്സരങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ഹരമായി മാറിയെന്ന ഇസ്മായിലിന്റെ പ്രസ്താവന തന്റെ അനുകൂലികൾക്കുള്ള വ്യക്തമായ സന്ദേശമാണെന്നും അവർ മനസ്സിലാക്കുന്നു.

ഈ സാഹചര്യത്തിൽ സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം സമാഹരിക്കാനുള്ള നീക്കങ്ങൾ രണ്ടു വിഭാഗവും നടത്തുന്നുണ്ട്. പ്രബലമായ ജില്ലകളെയും നേതാക്കളെയും വരുതിയിലാക്കാനാണു ശ്രമം. എതിർപ്പ് തള്ളി പ്രായപരിധി ഇവിടെയും ബാധകമാക്കിയാൽ കാനത്തിനു കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കാരണം സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി പുതിയ സംസ്ഥാന കൗൺസിൽ ചേരുമ്പോൾ അതിൽ ഇസ്മായിലോ ദിവാകരനോ ഉണ്ടാകില്ല.

പാർട്ടി കോൺഗ്രസിൽ ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഇസ്മായിലിന് ഒഴിവാകേണ്ടി വരുമ്പോൾ പകരക്കാരനായി പ്രകാശ് ബാബുവിനെ കേരളത്തിൽ നിന്നു നിർദ്ദേശിക്കുന്നതിനെ കാനവും എതിർക്കാൻ ഇടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP