Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എ കെ ജി സെന്ററിന് നേരേ എറിഞ്ഞത് പടക്കമല്ല ബോംബെന്ന് പൊലീസ്; ജിതിൻ കായലിൽ എറിഞ്ഞ ടീ ഷർട്ട് കണ്ടെത്താൻ ആയിട്ടില്ലെന്നും വാദം; സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതി; ജാമ്യഹർജിയിൽ 29 ന് വിധി പറയും

എ കെ ജി സെന്ററിന് നേരേ എറിഞ്ഞത് പടക്കമല്ല ബോംബെന്ന് പൊലീസ്; ജിതിൻ കായലിൽ എറിഞ്ഞ ടീ ഷർട്ട് കണ്ടെത്താൻ ആയിട്ടില്ലെന്നും വാദം;  സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതി; ജാമ്യഹർജിയിൽ 29 ന് വിധി പറയും

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്റെ ജാമ്യ ഹർജിയിൽ 29 ന് വിധി പറയും. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെഷൻസ് കുറ്റകൃത്യമായ വകുപ്പ് 436 ( തീവെയ്പ് കുറ്റം), സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വകുപ്പ് 3 , 5 എന്നിവ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പ്രതി ബോധിപ്പിച്ചു.

തനിക്ക് ജാമ്യമനുവദിച്ചാൽ സംസ്ഥാനത്ത് കലാപവും ജന രോഷവുമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട് കളവാണ്. വാഹനവും വസ്ത്രവും ഷൂസും വീണ്ടെടുക്കാൻ തന്നെ 3 ദിവസം കസ്റ്റഡിയിൽ നൽകിക്കഴിഞ്ഞു. തൊണ്ടിമുതലായ സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ ജയിലിലിട്ട് അന്വേഷണം നടത്തേണ്ട കാര്യമില്ല. സംഭവം നടന്ന് 83 ദിവസം കഴിഞ്ഞാണ് തന്നെ കളവായി അറസ്റ്റ് ചെയ്തത്. താൻ കാരണം നാളിതുവരെ സംസ്ഥാനത്ത് കലാപം ഉണ്ടായിട്ടില്ല. വാഹന നമ്പർ നെറ്റിൽ കൊടുത്താൽ ഉടമയുടെ വിവരം ലഭ്യമാകും. വാഹനം കിട്ടുന്നത് വരെ തന്നെ ജയിലിലിടുന്നത് അന്യായമാണ്.

മറ്റു പ്രതികളുടെ അറസ്റ്റിന് താൻ വിഘാതം സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടും സത്യവിരുദ്ധമാണ്. തന്റെ പേരിൽ 2019 ൽ നടന്ന ഒരടി പിടിക്കേസും 2020 ൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉള്ള 2 കേസുകൾ മാത്രമാണുള്ളത്. ഭാര്യയും മകനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം താനാണ്. ഹെൽമറ്റില്ലാത്ത പ്രതിയുടെ മുഖം 180 സി സി ടി വി പരിശോധിച്ചിട്ടും തിരിച്ചറിയാത്തത് വിചിത്രമാണ്. ഷർട്ടിന്റെ കമ്പനിടാഗും ഷൂസ് കമ്പനിപ്പേരും മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഫുൾസ്ലീവ് ഷർട്ട് ഇട്ട് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് താൻ പ്രതിയാകില്ല. സ്‌ഫോടകവസ്തു നിയമത്തിലെ 3 , 5 വകുപ്പ് നിലനിൽക്കണമെങ്കിൽ സ്‌ഫോടനം ജീവനോ സ്വത്തിനോ ഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതായിരിക്കണം. ബോംബെറിഞ്ഞാൽ പോലും ജീവനോ സ്വത്തിനോ മാരക ഹാനി വരുത്തണം. ചെറിയ പരിക്കുകൾ ഉണ്ടായാൽ പോലും കേസ് നിലനിൽക്കില്ല. ഇവിടെ ആരു കൃത്യം ചെയ്താലും ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല.

കേസ് റെക്കോർഡുകളിൽ ആദ്യം പടക്കം എന്ന് രേഖപ്പെടുത്തിയ പൊലീസ് ജൂലൈ 3 ന് പടക്കം മാറ്റി ബോംബെന്ന് വായിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ തിരുത്തൽ റിപ്പോർട്ട് സമർപിച്ചതായും പ്രതി ബോധിപ്പിച്ചു. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതി ബോധിപ്പിച്ചു.

അതേ സമയം ജാമ്യത്തെ ശക്തമായി എതിർത്ത് സർക്കാർ രംഗത്തുവന്നു. ജിതിൻ രണ്ടല്ല 7 കേസുകളിൽ പ്രതിയായി കേസ് നിലവിലുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. ടീ ഷർട്ട് പ്രതി കായലിലെറിഞ്ഞ് നശിപ്പിച്ചതിനാൽ വീണ്ടെടുക്കാനായിട്ടില്ല. പടക്കമെന്ന് പറയുന്നുണ്ടെങ്കിലും അവയിൽ ലാബ് പരിശോധനയിൽ ഗൺ പൗഡർ, സൾഫർ പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 1996 ൽ പൊട്ടാസ്യം ക്ലോറൈഡ് നിരോധിച്ചതാണ്. ചട്ടം പട്ടിക 1 ൽ മിശ്രിതവും സ്‌ഫോടക വസ്തു നിർവ്വചനത്തിൽ പെടുമെന്നും സർക്കാർ ജാമ്യത്തെ ബോധിപ്പിച്ചു.180 സി സി ടി വി, കാൾ ഡീറ്റെയ്ൽസ്, വെർ ലൊക്കേഷൻ , സാഹചര്യ തെളിവുകൾ , രഹസ്യവിവരം എന്നിവയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ജാമ്യം നൽകരുതെന്നും ബോധിപ്പിച്ചു.

കസ്റ്റഡി കഴിഞ്ഞു തിങ്കളാഴ്ച 5 മണിക്ക് ഹാജരാക്കിയതിനെ തുടർന്ന് ഒക്ടോബർ 6 വരെ കോടതി റിമാന്റ് ചെയ്തു. ടീ ഷർട്ട് കായലിൽ ഉപേക്ഷിച്ചതിനാൽ വീണ്ടെടുക്കാകാനായില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ജിതിന്റെ ജാമ്യഹർജി ഇന്ന് ചൊവ്വാഴ്ച ( 27 ന് ) പരിഗണിക്കും. സെപ്റ്റംബർ 23 ന് 3 ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുപത്താറാം തീയതി 5 മണിക്കകം തിരികെ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP