Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂരിൽ ഗവർണർക്കെതിരെ പടയൊരുക്കവുമായി സിപിഎം; ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സെമിനാർ നടത്തുമെന്ന് എം.വി ജയരാജൻ; ഗവർണർ പദവി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ല; സർക്കാറിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയില്ലെന്നും വിമർശനം

കണ്ണൂരിൽ ഗവർണർക്കെതിരെ പടയൊരുക്കവുമായി സിപിഎം; ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സെമിനാർ നടത്തുമെന്ന് എം.വി ജയരാജൻ; ഗവർണർ പദവി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ല; സർക്കാറിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയില്ലെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സർക്കാരുമായി അഭിപ്രായ ഭിന്നത മൂർച്ഛിച്ചിരിക്കെ കണ്ണൂരിൽ ഗവർണർക്കെതിരെ പൊതുപ്രചാരണവുമായി സി.പി. എം രംഗത്തിറങ്ങുന്നു. കണ്ണൂരിൽ ഗവർണർക്കെതിരെ സിപിഎം ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു സെമിനാർ സംഘടിപ്പിക്കുന്നു. പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രമാണ് ഗവർണറും ഭരണഘടനയും' എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്.

സെപതം 29 ന് വൈകുന്നേരം 4.30 ന് ജില്ലാപഞ്ചായത്ത് ഹാളിലാണ് സെമിനാർ. ഡോ.സെബാസ്റ്റ്യൻ പോൾ എംപി ഉദ്ഘാടനം ചെയ്യും. എൻ.സി.പി നേതാവ് കൂടിയായ അഡ്വ. പി എം സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. ഗവേഷണ കേന്ദ്രം ചെയർമാൻ എം വി ജയരാജൻ അധ്യക്ഷനാകും. സംഘപരിവാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യൻ ഭരണഘടന നിരന്തരം വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയെ അടിസ്ഥാനമാക്കി അധികാരത്തിലേറുകയും അത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവരാണ് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ജനങ്ങൾക്ക് ഇഷ്ടമുള്ള മതവിശ്വാസമാ്കാമെന്ന് ഉറപ്പ് നൽകിയ ഭരണഘടന രാഷ്ട്രം യാതൊരു മതത്തിന്റെയും ഭാഗമാവുകയില്ലയെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുകളിൽ ദേശീയ ചിഹ്നത്തിന്റെ അനാഛാദന ചടങ്ങിലും, ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ഭരണഘടന പദവി വഹിക്കുന്ന പ്രധാനമന്ത്രിയും പ്രസിഡണ്ടും, മുഖ്യമന്ത്രിയും ഗവർണറുമെല്ലാം ഒരു പ്രത്യേകം മതത്തിന്റെ മതപരമായ ചടങ്ങോടെയാണ് പങ്കെടുത്തത്. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണിത്.

സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിലെല്ലാം നിയമനിർമ്മാണം നടത്തിയും, പുതിയ വകുപ്പുകൾ രൂപീകരിച്ചും, മന്ത്രിമാരെ നിശ്ചയിച്ചും ഭരണഘടനയിലെ മറ്റൊരു സവിശേഷതയായ ഫെഡറലിസത്തെയും കേന്ദ്രം ഇല്ലാതാക്കുകയാണ്. സംസ്ഥാന സർക്കാരുകൾക്ക് അർഹമായ സാമ്പത്തിക സഹായം കൃത്യമായി നൽകാതെയും സംസ്ഥാനങ്ങളുടെ വികസന പദ്ധതികൾക്ക് യഥാസമയം അനുമതി നൽകാതെ ഫയലുകൾ വർഷങ്ങളോളം തടഞ്ഞ് വെച്ചും, വായ്പയെടുക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ശേഷിയെ ഉത്തരവുകളിലൂടെ നിരന്തരം പരിമിതപ്പെടുത്തുകയും ചെയ്ത് സാമ്പത്തിക ഫെഡറലിസത്തിന് നേരെയും കേന്ദ്രസർക്കാർ വാളോങ്ങി തുടങ്ങി.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയും, അധികാര ശക്തിയും, അളവറ്റ പണവും ഉപയോഗപ്പെടുത്തിയും അട്ടിമറിക്കുന്നത് തുടരുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വാഴ്‌ത്തപ്പെടുന്ന പാർലമെന്റ് കേന്ദ്രസർക്കാറിന്റെ ഇച്ഛക്ക് വഴങ്ങി തലകുനിച്ച് നിൽക്കേണ്ട അവസ്ഥയിലേക്ക് അധ:പതിച്ചിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ 27 എംപിമാരെ പാർലമെന്റിൽ നിന്നും പുറത്താക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടിക്കും രാജ്യം സാക്ഷ്യം വഹിക്കുകയാണ്.

ഈ സന്ദർഭത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ചും, സഹായത്തിനുമായി പ്രവർത്തിക്കാൻ ഭരണഘടന ബാധ്യതയുള്ള ഗവർണർമാരെ ആജ്ഞാനുവർത്തികളാക്കി കേന്ദ്രസർക്കാർ മാറ്റിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാനുള്ള ചുമതല കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുകയാണ്. സമീപകാലത്ത് കേരള ഗവർണർ സ്വീകരിച്ച സമീപനങ്ങൾ അത്തരത്തിലുള്ളതാണ്. ഗവർണർ പദവി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ല. കേന്ദ്രം നോമിനേറ്റ് ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയുമില്ല.

ഗവർണർ പദവി തന്നെ വേണ്ടതില്ലെന്ന അഭിപ്രായം ഭരണഘടന അസംബ്ലിയിൽ ഉയർന്നുവന്നിരുന്നു. ഭരണഘടന ശിൽപികളിൽ ഒരാളായ ഡോ. അംബേദ്കർ ഗവർണർ പദവി ആലങ്കാരികമാണെന്നും, സർക്കാറിന്റെ ഉപദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും 1949 ൽ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ ഗവർണർമാർ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത കാഴ്ചപ്പാടിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് ഭരണഘടന സംരക്ഷണത്തിന്റെ പ്രശ്നമാണ്. കേവലം ഗവർണറുടെ ഒരു അധികാരത്തിന്റെ പ്രശ്നം മാത്രമല്ല.

1986 മുതൽ താൻ ആർ.എസ്.എസ്സ് ആണെന്ന് പറയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളായി കേരള ഗവർണർ മാറി. നിയമസഭാ പാസ്സാക്കുന്ന ബില്ലുകൾ താൻ ഒപ്പിടില്ലെന്ന ധിക്കാരം പോലും ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായി. 2019 ലെ ചരിത്ര കോൺഗ്രസ്സ് വേദിയിൽ വെച്ച് ഗവർണറെ കയ്യേറ്റം ചെയ്തുവെന്ന കള്ളക്കഥ ഹൈക്കോടതി പോലും വിശ്വസിച്ചില്ല. അതാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിൽ നിന്ന് വ്യക്തമാകുന്നതെന്നും ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP