Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലീഷ് ബാറ്റർ ഷാർലി ഡീനിന് പലവട്ടം മുന്നറിയിപ്പ് നൽകിയെന്ന് ദീപ്തി ശർമ; ന്യായീകരിക്കാൻ കള്ളം പറയരുതെന്ന് ഹീതർ നൈറ്റ്; മങ്കാദിങ്ങ് 'ചേരിപോര്' അവസാനിക്കുന്നില്ല!; മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ പിന്തുണ ദീപ്തിക്ക്

ഇംഗ്ലീഷ് ബാറ്റർ ഷാർലി ഡീനിന് പലവട്ടം മുന്നറിയിപ്പ് നൽകിയെന്ന് ദീപ്തി ശർമ; ന്യായീകരിക്കാൻ കള്ളം പറയരുതെന്ന് ഹീതർ നൈറ്റ്; മങ്കാദിങ്ങ് 'ചേരിപോര്' അവസാനിക്കുന്നില്ല!; മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ പിന്തുണ ദീപ്തിക്ക്

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ മത്സരത്തിന്റെ ഗതിതന്നെ നിർണയിച്ച മങ്കാദിങിനെച്ചൊല്ലി 'ചേരിപോര്' ഇനിയും അവസാനിക്കുന്നില്ല!. ഇംഗ്ലീഷ് ബാറ്റർ ഷാർലി ഡീനിനെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ റണ്ണൗട്ടാക്കുംമുമ്പ് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇന്ത്യൻ താരം ദീപ്തി ശർമയുടെ വെളിപ്പെടുത്തലാണ് വേണ്ടും ചേരി തിരിഞ്ഞുള്ള വാക്‌പോരിന് ഇടയാക്കുന്നത്.. മങ്കാദിങിന് മുമ്പ് അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ഒരു ഫലവുമില്ലാതെ വന്നപ്പോഴാണ് പുറത്താക്കിയതെന്നുമാണ് ദീപ്തി വിശദീകരിച്ചത്.

''ഇംഗ്ലണ്ടിലെ പരമ്പര ചരിത്രനേട്ടമാണെന്നുള്ളതിൽ സംശയമൊന്നുമില്ല. ആദ്യമായിട്ടാണ് 3-0ത്തിന് അവരുടെ മണ്ണിൽ പരമ്പര നേടുന്നത്. ഡീനിനെ റണ്ണൗട്ടാക്കുന്നത് ഞങ്ങളുടെ പദ്ധതിയായിരുന്നു. നേരത്തെ, അവർ ക്രീസ് വിട്ട് ഇറങ്ങിയപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. അവർക്ക് മാത്രമല്ല, അംപയറോടും ഇക്കാര്യം സംസാരിച്ചിരുന്നു. എല്ലാം നിയമത്തിന് വിധേമായിട്ടാണ് ചെയ്തത്.'' ദീപ്തി പറഞ്ഞു.

എന്നാൽ ചെയ്ത കാര്യത്തെ ന്യായീകരിക്കാൻ വേണ്ടി കള്ളം പറയരുതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹീതർ നൈറ്റ് പ്രതികരിച്ചു. താൻ ബോൾ ചെയ്യുന്നതിനു മുൻപ് ക്രീസ് വിട്ടിറങ്ങിയ ഡീനിനെ ദീപ്തി റണ്ണൗട്ടാക്കിയ മത്സരത്തിൽ ഇന്ത്യ 16 റൺസിനു ജയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തി.

ഇതിനു മറുപടിയായി രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും പ്രതികരിച്ചതോടെ സമൂഹമാധ്യമങ്ങളിലും ചേരിപ്പോരായി. വിവാദത്തിന് ചൂടുപിടിപ്പിച്ച് ദീപ്തിയുടെ വെളിപ്പെടുത്തൽ വാക്‌പോരിന്റെ വീര്യം കൂട്ടി.

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിലാണ് വിവാദമായ സംഭവം നടന്നത്. 44-ാം ഓവറിൽ, ദീപ്തി പന്ത് റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഷാർലി ക്രീസ് വിട്ടിരുന്നു. മങ്കാദിങ്ങിലൂടെ ഷാർലിയെ ദീപ്തി റണ്ണൗട്ടാക്കി. അതോടെ ഇന്ത്യക്ക് 16 റൺസ് ജയം. ഫ്രേയ ഡേവിസുമായി 35 റൺസ് കൂട്ടുകെട്ടുണ്ടാക്കി നിൽക്കെയാണ് മങ്കാദിങ്. ഇതോടെ ഇന്ത്യ ജയിക്കുകയും പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.

അതിനിടെ ക്രിക്കറ്റ് നിയമങ്ങളുടെ സൂക്ഷിപ്പുകാരായ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി.) ദീപ്തിക്ക് പിന്തുണയുമായെത്തി. ഷാർലിയെ ദീപ്തി റണ്ണൗട്ടാക്കിയത് നിയമപരമായി തന്നെയാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ബൗളർ പന്ത് റിലീസ് ചെയ്യുന്നതുകാണുംവരെ നോൺസ്‌ട്രൈക്കർ ക്രീസിലുണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ഇതുപോലുള്ള സംഭവങ്ങളുണ്ടാവില്ല - എം.സി.സി. വ്യക്തമാക്കി.

ലോർഡ്സിൽ നടന്ന അവസാന മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമിയെ വിജയത്തോടെ കരിയർ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറിൽ 169 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 43.4 ഓവറിൽ 153 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP