Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുന്നണിയിലും പൊതുജനങ്ങൾക്കും ഒരുപോലെ അവമതിപ്പ്; 'ആഭ്യന്തര വകുപ്പിന്റെ' നിറം കെടുത്തി; കാക്കിയെ നന്നാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു; ശനിയാഴ്ച പൊലീസ് ആസ്ഥാനത്തെത്തും; ക്രിമിനലുകളുമായി ഒത്തുകളിച്ചാൽ ഇനി തൊപ്പി കാണില്ല; പിണറായി എത്തിയാൽ പൊലീസ് നന്നാവുമോ?

മുന്നണിയിലും പൊതുജനങ്ങൾക്കും ഒരുപോലെ അവമതിപ്പ്; 'ആഭ്യന്തര വകുപ്പിന്റെ' നിറം കെടുത്തി; കാക്കിയെ നന്നാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു;  ശനിയാഴ്ച പൊലീസ് ആസ്ഥാനത്തെത്തും; ക്രിമിനലുകളുമായി ഒത്തുകളിച്ചാൽ ഇനി തൊപ്പി കാണില്ല; പിണറായി എത്തിയാൽ പൊലീസ് നന്നാവുമോ?

സായ് കിരൺ

തിരുവനന്തപുരം: സിപിഎം സിപിഐ ജില്ലാ സമ്മേളന വേദികളിൽ ഏറ്റവും അധികം വിമർശിക്കപ്പെടുകയും പൊതുജനങ്ങളിൽ അടക്കം അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്തതോടെ പൊലീസ് സേനയെ നന്നാക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. കേസുകൾ ഒതുക്കിയും ട്രാൻസ്‌ജെൻഡറുകളെയടക്കം ചീത്തവിളിച്ചും ക്രമസമാധാന പാലനമെന്ന മുഖ്യകടമ മറക്കുന്ന പൊലീസിനെ നന്നാക്കാൻ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ ഒന്നിനാണ് മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്തെത്തുക. എസ്‌പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തും.

ഗുണ്ടകളെ കരുതൽ തടങ്കലിലാക്കുന്നത്, സ്ഥിരം കുറ്റവാളികളെ ഗുണ്ടാലിസ്റ്റിൽ പെടുത്തുന്നത്, മയക്കുമരുന്ന് പ്രതികളെ കരുതൽ തടങ്കലിലാക്കുന്നത്, ലഹരിമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ളവ ചർച്ചയാവും. ക്രമസമാധാന പാലനത്തിലടക്കം സർക്കാർ നയം കൃത്യമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. സർക്കാരിന്റെ പൊലീസ് നയവും ജനങ്ങളോട് എങ്ങനെ ഇടപെടണമെന്നതും മുഖ്യമന്ത്രി വിശദീകരിക്കും.

പൊലീസിന്റെ അഴിമതിയും കെടുകാര്യസ്ഥതയും വച്ചുപൊറുപ്പിക്കില്ലെന്നും രാഷ്ട്രീയ പക്ഷപാതവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും മാറ്റിവച്ച്, നീതിനിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്തുനിൽക്കണമെന്നും സേനയെ മുഖ്യമന്ത്രി ഓർമ്മിപ്പിക്കും. പൊലീസ് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ സർക്കാർ പ്രോത്സാഹനം നൽകും. തെറ്റ് സംഭവിച്ചാൽ കടുത്ത നടപടിയുമുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകും.

സർക്കാരിന്റെ പൊലീസ് നയമായി മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ ഇവയായിരിക്കും:- കേസന്വേഷണത്തിൽ ജാതി-മതപരിഗണനയ്‌ക്കോ രാഷ്ട്രീയ-സാമുദായിക-വ്യക്തിഗത സ്വാധീനത്തിനോ വഴങ്ങരുത്. പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടു രീതി വേണ്ട. പരാതി സ്വീകരിക്കണം. പരാതിക്കാരോട് മാന്യമായി പെരുമാറണം. വസ്തുതാപരമായ വിവരമാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തു വിവരം ലഭിച്ചാലും അന്വേഷിക്കണം. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന വേണം. ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല. ഒത്തുകളിച്ചാൽ സസ്‌പെൻഡ്‌ചെയ്യും. സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ സംരക്ഷണം ഉണ്ടാവില്ല. നീതിയും സുരക്ഷയും ഉറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം.

അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങൾ പൊലീസിനും സർക്കാരിനും ഒരുപോലെ നാണക്കേടുണ്ടാക്കിയിരുന്നു. കൊല്ലത്തെ യുവതി ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കിയതും സേനയ്ക്ക് നാണക്കേടുണ്ടാക്കി. പുരാവസ്തു തട്ടിപ്പുകാരനായ മോൻസണുമായുള്ള പൊലീസ് ഉന്നതരുടെ ബന്ധവും വഴിവിട്ട സഹായവും സേനയ്ക്കാകെ നാണക്കേടായി. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി മകൾക്ക് ഏഴുപവന്റെ നെക് ലെസ് 95 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിയെന്ന് തിരുവനന്തപുരം എം.ജി റോഡിലെ ജുവലറി ഉടമ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ഏറെ വിവാദമായിരുന്നു.

തിരുവനന്തപുരം പൂവാറിൽ റോഡരികിൽ നിന്ന ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിലും സ്റ്റേഷനിലും തല്ലിച്ചതച്ചു. കാട്ടാക്കടയിൽ ദളിതനെ മകളുടെ മുന്നിൽ വച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചിട്ടും നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ കൈയോടെ പിടികൂടാതെ ഉഴപ്പി. ഇപ്പോൾ എല്ലാവരുടം ഒളിവിൽ പോയി. കോഴിക്കോട്ട് പരാതി നൽകാനെത്തിയ ട്രാൻസ്‌ജെൻഡറിനെ ക്രൂരമായി അധിക്ഷേപിച്ചു. മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ ലോറിഡ്രൈവറെ മർദ്ദിച്ചു. കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ തല്ലിച്ചതച്ചു. ചടയമംഗലത്ത് എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞു റിസോർട്ടിനെതിരായ കേസൊതുക്കാൻ അന്നത്തെ ആറ്റിങ്ങൽ ഡിവൈ.എസ്‌പി കൈക്കൂലിയാവശ്യപ്പെട്ടത് പൊലീസിനാകെ നാണക്കേടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP