Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിലെ 'നാടകീയ നീക്കങ്ങൾ' ഗെലോട്ടിന് തിരിച്ചടി; ഒറ്റ രാത്രിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷപദം 'കൈവിട്ടു'?; നേതൃത്വത്തിന്റെ കണ്ണ് കമൽനാഥിലേക്കും; സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച; രാജസ്ഥാനിലെ 'വിമത' നീക്കത്തിൽ റിപ്പോർട്ട് തേടി

രാജസ്ഥാനിലെ 'നാടകീയ നീക്കങ്ങൾ' ഗെലോട്ടിന് തിരിച്ചടി; ഒറ്റ രാത്രിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷപദം 'കൈവിട്ടു'?; നേതൃത്വത്തിന്റെ കണ്ണ് കമൽനാഥിലേക്കും; സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച;  രാജസ്ഥാനിലെ 'വിമത' നീക്കത്തിൽ റിപ്പോർട്ട് തേടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും രാജസ്ഥാൻ മുഖ്യമന്ത്രി പദവി സംബന്ധിച്ചും കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാന്റിന്റെ ഇടപെടൽ. രാജസ്ഥാന്റെ ചുമതല വഹിക്കുന്ന നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.

രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇവർ സോണിയ ഗാന്ധിക്കു കൈമാറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പുരിൽ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച നടന്ന നാടകീയ നീക്കങ്ങളിൽ പ്രതിഷേധിച്ച് അജയ് മാക്കൻ ചർച്ചയിൽനിന്നു വിട്ടുനിന്നതായാണു സൂചന. സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോടു പറഞ്ഞു.

അതേ സമയം ഹൈക്കമാൻഡ് വിളിപ്പിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ഡൽഹിയിലെത്തി. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്ഥാൻ പ്രതിസന്ധിയിൽ കമൽനാഥ് മധ്യസ്ഥം വഹിക്കുമെന്നാണ് സൂചന. അശോക് ഗെലോട്ടിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പകരം കമൽനാഥ് സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുണ്ട്.

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനാകാൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന അശോക് ഗെലോട്ട് ഒറ്റ രാത്രിക്കൊണ്ട് ചിത്രത്തിൽ നിന്ന് പുറത്തായെന്നാണ് സൂചന. പാർട്ടിയെ പ്രതിസന്ധിയിലാക്കി രാജസ്ഥാനിൽ അധികാരം നിലനിർത്താൻ ഗെലോട്ട് വിഭാഗം നടത്തിയ നീക്കങ്ങൾക്ക് ഗെലോട്ടിന്റെ പിന്തുണയുണ്ടെന്ന ആക്ഷേപം ഉയർന്നതാണ് തിരിച്ചടിയായത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് ഗെലോട്ട് യോജിച്ചയാളല്ലെന്നാണ് കോൺഗ്രസിനുള്ളിലെ പൊതുവികാരം. ഗെലോട്ടിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചില അംഗങ്ങൾ ഇതിനോടകം സോണിയ ഗാന്ധിയെ അറിയിച്ചുകഴിഞ്ഞു.

ഇതോടെ പാർട്ടി അധ്യക്ഷകനാകാൻ പുതിയ ആളെ കണ്ടെത്താനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജസ്ഥാനിലെ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിനെ സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഗെലോട്ടിനെ മാറ്റി കമൽനാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ചില കോണുകളിൽ നിന്നുള്ള ആവശ്യങ്ങൾക്കിടെയാണ് രാജസ്ഥാൻ പ്രതിസന്ധി തീർക്കാൻ സോണിയ കമൽനാഥിന്റെ സഹായം തേടിയിരിക്കുന്നത്.

എന്നാൽ കമൽനാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശിൽ പാർട്ടിയെ ആര് നയിക്കുമെന്നത് ചോദ്യചിഹ്നമാണ്. രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും ഇതോടെ പ്രശ്നങ്ങൾ തുടങ്ങും. രണ്ടു സംസ്ഥാനങ്ങളിലും അടുത്ത വർഷം അവസാനത്തിൽ ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.

മധ്യപ്രദേശിൽ നിന്ന് തന്നെയുള്ള മറ്റൊരു നേതാവ് ദിഗ്‌വിജയ് സിങാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആലോചനയിലുള്ള മറ്റൊരു നേതാവ്. കെ.സി.വേണുഗോപാലും മല്ലികാർജുൻ കാർഗെയുമെല്ലാം ഇത്തരത്തിൽ ചർച്ചകളിലുള്ള പേരുകളാണെങ്കിലും ഒടുവിൽ നെഹ്റു കുടുംബത്തിലേക്ക് തന്നെ അധ്യക്ഷ കസേര വന്നുചേരുമെന്ന് കണക്കുകൂട്ടുന്നവരും ഏറെയാണ്.

നിലവിൽ ശശി തരൂർ മാത്രമാണ് മത്സരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിട്ടുള്ളത്. ഈ മാസം 30-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 30 ആണ്. മണിക്കൂറുകൾ മാത്രമാണ് ഇനി കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. അതിനുള്ളിൽ പുതിയൊരാളെ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാകും.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണു ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്കു യോഗ്യനല്ലെന്നു മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദ്ദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു.

എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു. നിർണായകഘട്ടത്തിൽ അശോക് ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്.

അതിനിടെ രാജസ്ഥാൻ പ്രതിസന്ധിയിൽ എഐസിസി നിരീക്ഷകരോട് സോണിയ ഗാന്ധി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓരോ എംഎൽഎമാരോടും സംസാരിച്ച് റിപ്പോർട്ട് നൽകാനാണ് സോണിയ ഗാന്ധി നൽകിയിരിക്കുന്ന നിർദ്ദേശം. സോണിയ ഗാന്ധിയെ അക്ഷരാർത്ഥത്തിൽ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ രാത്രി ജയ്പൂരിൽ അരങ്ങേറിയത് ഗെലോട്ടിന്റെ തിരക്കഥയായിരുന്നു എന്നാണ് മല്ലികാർജ്ജുൻ ഖർഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.

ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാൻഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കൻ അവഗണിച്ചത് ഹൈക്കമാൻഡിന്റെ കടുത്ത പ്രതിഷേധത്തിന്റെ വ്യക്തമായ സൂചനയാണ്.

ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവർത്തക സമിതിയംഗങ്ങൾക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെ നടപടിക്കും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. രാജസ്ഥാനിൽ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ മാധ്യമങ്ങൾക്ക് മുൻപിലും ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP