Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക്; പണിമുടക്ക് നടത്തുന്നത് എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ; വിട്ട് നിന്ന് സിഐടിയു; ധർണ്ണ ഉദ്ഘാടനം ചെയ്തത് കെ കെ രമ എംഎൽഎ

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക്; പണിമുടക്ക് നടത്തുന്നത് എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ; വിട്ട് നിന്ന് സിഐടിയു; ധർണ്ണ ഉദ്ഘാടനം ചെയ്തത് കെ കെ രമ എംഎൽഎ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ സി സി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് പൂർണ്ണം. ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. എഐടിയുസി നേതാവ് പ്രജോഷ് ചെറുവണ്ണൂരാണ് സംയുക്ത സമര സമിതി കൺവീനർ. ഇതേ സമയം സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല. മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താൽപ്പര്യത്തിനും ഐക്യത്തിനും എതിരായ മുദ്രാവാക്യം ഉയർത്തിയുള്ള പണിമുടക്ക് തൊഴിലാളിവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സിഐടിയു നേതാക്കൾ വ്യക്തമാക്കുന്നു.

പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്ക് നിശ്ചിത പെർമിറ്റ് നൽകാനുള്ള സർക്കാർ ഉത്തരവ് മുഴുവൻ ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചതാണ്. പെർമിറ്റ് നൽകരുതെന്ന പരാതി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിട്ടുമുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് വീണ്ടും പെർമിറ്റ് നൽകരുതെന്ന ആവശ്യം ഉയർത്തുന്നത്. ഓട്ടോറിക്ഷ പാർക്കിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മേയറുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. എല്ലാ ട്രേഡ് യൂണിയൻ പ്രതിനിധികളും ഇതിൽ പങ്കെടുത്തിരുന്നു. ഇത് മറച്ചുവച്ചാണ് കോർപറേഷൻ കൗൺസിലിനെതിരെ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വ്യാജ പ്രചാരണം. ഓട്ടോറിക്ഷാ മേഖലയിലെ മുഴുവൻ പേരുടെയും തൊഴിലും വരുമാനവും സംരക്ഷിക്കാൻ യോജിച്ച് പ്രവർത്തിക്കുന്നതിന് പകരം തൊഴിലാളികളെ തമ്മിലടിപ്പിക്കുന്നതും സങ്കുചിത താൽപ്പര്യങ്ങളിലേക്ക് തള്ളിവിടുന്നതുമായ അരാജക മുദ്രാവാക്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. ഇത് തൊഴിലാളികളുടെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും സി ഐടിയു ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ഇതേ സമയം സിഐടിയു വാദങ്ങളെ എഐടിയുസി ഉൾപ്പെടെ തള്ളിക്കളയുന്നു. സമരത്തെ കേവലം പരിസ്ഥിതി പ്രശ്‌നമാക്കി മാറ്റാനാണ് സിഐടിയു ശ്രമിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ പുതുതായി 3000 ഓട്ടോറിക്ഷകൾക്കാണ് പെർമിറ്റ് നൽകുന്നത്. ആവശ്യത്തിന് ഓട്ടോസ്റ്റാന്റുകളില്ലാത്തതിനാൽ ഇപ്പോൾതന്നെ നിലവിലുള്ള ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റാന്റുകളിൽ കൂടുതൽ ഓട്ടോറിക്ഷകളെത്തിയാൽ പൊലീസ് എത്തി പിഴ ഈടാക്കുകയാണ്. കോർപ്പറേഷനൊപ്പം പുതുാതായി കൂട്ടിച്ചേർത്ത മൂന്ന് പഞ്ചായത്തുകളിൽക്കൂടി ഓട്ടോസ്റ്റാന്റുകൾ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. നിലവിലുള്ള 4000 പരം ഓട്ടോറിക്ഷകൾക്കു പുറമെ 3000 ഓട്ടോറിക്ഷകൾ കൂടി നഗരത്തിലെത്തിയാൽ അവയ്ക്ക് ഓട്ടോസ്റ്റാന്റുകളിൽ നിർത്തിയിടാൻ കഴിയാത്ത സാഹചര്യമണ്ടാക്കും. മേയർ വിളിച്ചുചേർത്ത യോഗത്തിൽ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉന്നയിച്ചിരുന്നുവെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നതെന്ന് സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കുന്നു.

പണിമുടക്കിന്റെ ഭാഗമായി കെഎസ്ആർ ടി സി ടെർമിനലിന് മുന്നിൽ 12 മണിക്കൂർ ധർണ്ണയും നടത്തി. കോഴിക്കോട് സിറ്റിയിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് ഓട്ടോ തൊഴിലാളികളുടെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ കെ രമ എംഎൽഎ പറഞ്ഞു. കെ സി ശശികുമാർ അധ്യക്ഷത വഹിച്ചു. സി സി ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി കൺവീനർ പ്രജോഷ് ചെറുവണ്ണൂർ സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ പ്രസിഡന്റ് ഇ സി സതീശൻ, എം കെ ബീരാൻ (ഐഎൻടിയുസി), ശശിധരൻ (ബിഎംഎസ്), എൻ സി മോയിൻകുട്ടി (എച്ച്എംഎസ്), എൻ കെ സി ബഷീർ(എസ് ടി യു), പി പി മുഹമ്മദ് ചാലിക്കര (എൻ എൽ യു), രവീന്ദ്രൻ(ആർഎംടി യു), ബാല ഗംഗാധരൻ (കെഡിഎഎഫ്), ഹമീദ് നടുവണ്ണൂർ (എസ്എംടിയു), ഗ്രോ വാസു (എസ്ഡിടിയു), കോപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ സി ശോഭിത, കൗൺസിലർ നിർമ്മല, കൗൺസിലർ ശിവപ്രസാദ്, യു സതീശൻ (എഐടിയുസി), യാസർ അറഫാത്ത്, ദൽഹത്ത് വെള്ളയിൽ എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സി എൻ ജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP