Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയിൽ സൈനിക അട്ടിമറിയെന്നും ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കി എന്നുമുള്ള പ്രചരണങ്ങൾ പടരുന്നത് ഇന്ത്യൻ സൈബർ ലോകത്ത്; വിവാദത്തിൽ തൊടാതെ പാശ്ചാത്യ മാധ്യമങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും; ആരോപണങ്ങൾ നിഷേധിച്ച് അർജന്റീനയിലെ ചൈനീസ് എംബസിയും; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ ലിസ്റ്റിലും ഷീയുടെ പേര്

ചൈനയിൽ സൈനിക അട്ടിമറിയെന്നും ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കി എന്നുമുള്ള പ്രചരണങ്ങൾ പടരുന്നത് ഇന്ത്യൻ സൈബർ ലോകത്ത്; വിവാദത്തിൽ തൊടാതെ പാശ്ചാത്യ മാധ്യമങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും; ആരോപണങ്ങൾ നിഷേധിച്ച് അർജന്റീനയിലെ ചൈനീസ് എംബസിയും; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ ലിസ്റ്റിലും ഷീയുടെ പേര്

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനയിൽ പട്ടാള അട്ടിമറി ഉണ്ടായെന്നും പ്രസിഡന്റ് ഷീ ജിങ്പിങ് വീട്ടു തടങ്കിലിൽ ആണെന്നുമുള്ള പ്രചരണം ശക്തമാകുന്നത് ഇന്ത്യൻ സൈബർ ലോകത്താണ്. അതേസമയം ഇന്ത്യൻ സൈബർ ലോകത്ത് വൈറലായ ഈ വാർത്തയോട് പ്രതികരണം നടത്താൻ ചൈനീസ് അധികൃതർ മടിക്കുകയും ചെയ്തു. ജെനിഫർ സെങ് എന്ന അമേരിക്കയിലുള്ള ചൈനീസ് മാധ്യമ പ്രവർത്തക തന്റെ യുട്യൂബിലൂടെയും മറ്റുമാണ് ചൈനയിൽ നടന്നത് എന്തെന്ന് വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ട്വിറ്റർ ലോകത്ത് അതിവേഗം കിംവതന്ദികൾ പടർന്നതും.

ഏറ്റവും ഒടുവിൽ ജെനിഫര് സെങ് വിശദീകരിച്ചതും പ്രകാരം ഒക്ടോബർ 16-നു നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസിനുള്ള 2296 പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാപ്പോൾ ആ ലിസ്റ്റിൽ ഷീ ജിൻപിങിന്റെ പേരുമുണ്ട്. ഇക്കാര്യം ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ടു ചെയ്തു. മാത്രമല്ല, ഇന്ത്യൻ മാധ്യമ ലോകത്ത് കോപ്പിയിലെ തിരയിളക്കമായി ഈ വാർത്ത അടങ്ങുകയാണെന്നാണ് സൂചനകൾ.

അന്തർദേശീയ തലത്തിലുള്ള ഒരു വാർത്താ ഏജൻസിയും ചൈനയിലെ അട്ടിമറി ആരോപണം കാര്യമായി എടുത്തിട്ടില്ല. ആരും ഇത് സംബന്ധിച്ച സൂചന പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ചൈനയിലെ വിവരങ്ങൾ വ്യക്തമായി അറിയാവുന്ന അമേരിക്കൻ, ഇസ്രയേൽ രഹസ്യന്വേഷണ ഏജൻസികളും ഇന്ത്യൻ മാധ്യമങ്ങളുടെ അമിതാവേശം ഏറ്റുപിടിച്ചിട്ടില്ല. പത്തുവർഷത്തിൽ രണ്ടുതവണ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഷി ജിങ് പിങ് വീണ്ടും കൂടുതൽ കരുത്തനാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പാർട്ടി ഘടകങ്ങൾ യോഗം ചേർന്ന് 2296 പ്രതിനിധികളെ തിരഞ്ഞെടുത്തെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ടി.വി. ചാനലായ സി.സി.ടി.വി. ഞായറാഴ്ച അറിയിച്ചു. സ്ത്രീകളും വംശീയന്യൂനപക്ഷങ്ങളിൽപ്പെട്ടവരും പ്രതിനിധികളിലുണ്ട്. പാർട്ടി ഭരണഘടനയ്ക്കും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വിധേയരായിരിക്കണം ഈ പ്രതിനിധികളെല്ലാമെന്നും ചാനൽ പറഞ്ഞു. ഇതോടെ പൊതുവേദിയിൽ വരാത്ത ഷി തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന സൂചനകളും വ്യക്തമായിട്ടുണ്ട്.

ഷി ജിൻപിങ് മൂന്നാമതും പാർട്ടിയുടെയും രാജ്യത്തിന്റെയും നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് ആരും തുടർച്ചയായി മൂന്നുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. രണ്ടുവട്ടം മാത്രം പ്രസിഡന്റ് പദവി എന്ന രീതി 2018-ൽ ഷി എടുത്തുകളഞ്ഞിരുന്നു. ഇതോടെ ആജീവനാന്തകാലം അധികാരത്തിൽ തുടരാൻ ഷിക്കു വഴിതെളിഞ്ഞു. മാവോ സെ തുങ്ങിനെപ്പോലെ മറ്റൊരു ഏകാധിപതി ചൈനയിലുണ്ടാകാതിരിക്കാൻ 1980-തുകളിൽ പ്രസിഡന്റ് ഡെങ് സിയാവോ പിങ്ങാണ് കാലാവധി രണ്ടുതവണയായി നിജപ്പെടുത്തിയത്.

അതിനിടെ ചൈനയിലെ അട്ടിമറി ആരോപണങ്ങൾ നിഷേധിച്ച് അർജന്റീനയിലെ ചൈനീസ് എംബസി രംഗത്തുവന്നിരുന്നു. നേപ്പാളിലെയും തയ്-വാനിലെയും ചൈനാവിരുദ്ധ പ്രവർത്തകരുടെ ചൈനയ്ക്ക് പുറത്തുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വഴിയാണ് കുപ്രചരണം നടക്കുന്നത്. വിശ്വാസ്യതയുള്ള അന്താരാഷ്ട്രമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവരുടെ പക്ഷം.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീ ജിൻപിങ് സമ്പർക്കവിലക്കിൽ ആയിരിക്കുമെന്ന് ചൈന രാഷ്ട്രീയ വിദഗ്ധരടക്കം പ്രതികരിച്ചു. ഇതാകാം പൊതുവേദികളിലെ അസാന്നിധ്യത്തിന്റെ കാരണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയുള്ള അത്താഴത്തിലും മറ്റ്‌നേതാക്കൾക്കൊപ്പം ഷീ പങ്കെടുത്തിരുന്നില്ല.

ബീജിങ്ങിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയെന്നാണ് പ്രധാന പ്രചരണം. എന്നാൽ സർവ്വീസുകൾ കാര്യമായി വെട്ടിക്കുറച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്. ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലടക്കം വിമാനത്താവളങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നു. മുൻകൂട്ടി പ്രഖ്യാപിച്ച സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ ഷി ചിൻപിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന് കൂടെ വധശിക്ഷ വിധിച്ചു.പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂണിനെ യാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്ക് മുൻ നീതിന്യായ മന്ത്രി ഉൾപ്പെടെ മുതിർന്ന 2 ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം വധ ശിക്ഷ വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP