Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലഞ്ഞൂരിൽ എയർപോർട്ടിൽ നിന്ന് മടങ്ങിയ കുടുംബത്തെ തടഞ്ഞു നിർത്തി അമ്മയെയും മകനെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാപ്പ കേസിൽ നാടുകടത്തപ്പെട്ടയാൾ; ഒരു പോറൽ പോലുമേൽക്കാതെ പുറത്തു കൊണ്ടു വരാനുള്ള സിപിഎം ശ്രമം പൊലീസ് പൊളിച്ചു; കൊട്ടന്തറ രാജീവും കൂട്ടുകാരും അഴിക്കുള്ളിലാകുമ്പോൾ

കലഞ്ഞൂരിൽ എയർപോർട്ടിൽ നിന്ന് മടങ്ങിയ കുടുംബത്തെ തടഞ്ഞു നിർത്തി അമ്മയെയും മകനെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാപ്പ കേസിൽ നാടുകടത്തപ്പെട്ടയാൾ; ഒരു പോറൽ പോലുമേൽക്കാതെ പുറത്തു കൊണ്ടു വരാനുള്ള സിപിഎം ശ്രമം പൊലീസ് പൊളിച്ചു; കൊട്ടന്തറ രാജീവും കൂട്ടുകാരും അഴിക്കുള്ളിലാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

കലഞ്ഞൂർ: എയർപോർട്ടിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് അമ്മയെയും മകനെയും മർദിക്കുകയും വിവരമറിഞ്ഞ് എത്തിയ പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി മുൻപ് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാൾ. ഇയാളെയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയും റിമാൻഡ് ചെയ്തു. കൂടൽ കലഞ്ഞൂർ കൊട്ടന്തറ രാജീവ് ഭവനിൽ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പൊലീസ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കീഴടക്കിയത്.

പ്രതികൾ അതിവേഗം പിന്നാക്കം എടുത്ത കാർ കണ്ട് സ്ത്രീ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ ഹോൺ മുഴക്കിയതിൽ പ്രകോപിതരായിട്ടാണ് അമ്മയെയും മകനെയും മർദിച്ചത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്ജിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.

മിനി ഓടിച്ച കാർ, പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ് പ്രതികൾ, ഇറങ്ങിവന്ന് ഇവരെ കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയും, മിനിയെ കയ്യേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തത്.പ്രതികൾ അസഭ്യം വിളിച്ചുകൊണ്ട്, കുടുംബാംഗങ്ങളെ പിടിച്ചിറക്കി മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ മിനിയുടെ ഇടത് കൈപിടിച്ച് തിരിക്കുകയും നെഞ്ചത്ത് പിടിച്ച് തള്ളുകയുമായിരുന്നു.

രണ്ടാം പ്രതി സബി മിനിയുടെ മകൻ അനു ജോർജ്ജിന്റെ മുഖത്തും നെഞ്ചത്തും കൈചുരുട്ടി ഇടിക്കുകയും, ഓടാൻ ശ്രമിച്ചപ്പോൾ കല്ലെടുത്ത് എറിയുകയും ചെയ്തു. ഈസമയം അവിടെ ബൈക്കിലെത്തിയ മൂന്നാം പ്രതി അലൻ സാബു, മിനിക്ക് ഒപ്പമുണ്ടായിരുന്ന അരുണിന്റെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും ഒന്നാം പ്രതി കാർ ഓടിച്ചിരുന്ന ശ്രീനാഥിന്റെ നടുവിൽ ചവിട്ടുകയും ചെയ്തു. വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ കൂടൽ പൊലീസ് സംഘത്തെയും പ്രതികൾ കൈയേറ്റം ചെയ്തു. കൂടൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവമറിഞ്ഞെത്തിയ ഇവരെ അസഭ്യം വിളിച്ചുകൊണ്ടു പ്രതികൾ പിടിച്ചുതള്ളുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. ഞാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാടാ, നീയൊക്കെ എന്നെ എന്തു ചെയ്യാനാടാ എന്നാക്രോശിച്ചു കൊണ്ടായിരുന്നു പൊലീസിന് നേരെ തിരിഞ്ഞത്.

മിനിയെ വീണ്ടും തല്ലാൻ ശ്രമിച്ച രാജീവിനെ തടഞ്ഞപ്പോൾ, ഫിറോസിന്റെ വലതുകൈ പിടിച്ചു തിരിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അരുണിനെ പിടിച്ചുതള്ളൂകയും പൊലീസ് വാഹനത്തിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ മൂവരും ചേർന്ന് തള്ളി മാറ്റുകയും ചെയ്തു. വിവരം അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് എത്തി വളരെ സാഹസപ്പെട്ടാണ് പ്രതികളെ പിടിച്ചുകയറ്റി സ്റ്റേഷനിൽ എത്തിച്ചത്. അടിപിടി, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജീവ് പൊലീസ് വാഹനത്തിനുള്ളിലും സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം, കുറ്റകരമായ നരഹത്യാശ്രമം, തുടങ്ങിയ 8 കേസുകളിൽ 2011 മുതൽ ഏർപ്പെട്ടുവരുന്നയാളാണ് രാജീവ്. ഇതിൽ 7 കേസും കുറ്റപത്രം സമർപ്പിച്ച് കോടതിവിചാരണ നടന്നുവരുന്നതുമാണ്. ഇയാൾ കൂടൽ പൊലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ പെട്ടയാളും, കാപ്പ നിയമനടപടിക്ക് വിധേയനായിട്ടുള്ളയാളുമാണ്. നിരന്തരമായി ക്രിമിനൽകേസുകളിൽ പ്രതിയായി സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിച്ചുവന്ന ഇയാളെ, കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കുന്നത് നിരോധിച്ചുകൊണ്ട് തിരുവനന്തപുരം റേഞ്ച് ഐ ജി 2016 മാർച്ചിൽ ഉത്തരവായിരുന്നു.

എന്നാൽ ആവർഷം സെപ്റ്റംബറിൽ ഇടത്തറ പ്ലാവിളയിൽ വീട്ടിൽ അനിൽ സാമൂവൽ എന്നയാളെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ കൂടൽ പൊലീസ് കാപ്പ വ്യവസ്ഥയുടെ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തു നിയമനടപടി സീകരിച്ചിരുന്നു. ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുന്നതിന് കൂടൽ പൊലീസ് ഇൻസ്പെക്ടർക്ക് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് നിർദ്ദേശം നൽകി. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP