Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ റെയിൽ നടപ്പിലാക്കുമെന്ന് വീമ്പടിക്കുമ്പോഴും റെയിൽവേ ബോർഡിനെയും ഇരുട്ടിൽ നിർത്തുന്നു! ആവശ്യപ്പെട്ട വിശദാംശങ്ങൾ അഞ്ച് കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ മറുപടി നൽകിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ; ജൈക്ക റോളിങ് പ്ലാനിൽനിന്നും പുറത്തായ സിൽവർ ലൈന് പാളം തെറ്റുന്നു

കെ റെയിൽ നടപ്പിലാക്കുമെന്ന് വീമ്പടിക്കുമ്പോഴും റെയിൽവേ ബോർഡിനെയും ഇരുട്ടിൽ നിർത്തുന്നു! ആവശ്യപ്പെട്ട വിശദാംശങ്ങൾ അഞ്ച് കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ മറുപടി നൽകിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ; ജൈക്ക റോളിങ് പ്ലാനിൽനിന്നും പുറത്തായ സിൽവർ ലൈന് പാളം തെറ്റുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ അടിമുടി അനിശ്ചിതത്വം തുടരുന്നു, പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) സംബന്ധിച്ച് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നു റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

സർവേ നടപടി ചോദ്യം ചെയ്തു കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും നൽകിയ ഹർജിയിലാണു റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരണ പത്രിക നൽകിയത്. കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡിപിആർ സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നു വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലൈന്മെന്റ് പ്ലാൻ വിവരങ്ങളും പദ്ധതിക്കു വേണ്ടി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളും കെ റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നു പത്രികയിൽ പറയുന്നു.

അതേസമയം റെയിൽവേ ഭൂമിയെ എത്രത്തോളം ബാധിക്കുമെന്നു വിലയിരുത്താനും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനുമാണു റെയിൽവേ ബോർഡ് വിവരങ്ങൾ തേടിയത്. എന്നാൽ 2021 ജൂലൈ 11 മുതൽ 2022 ഓഗസ്റ്റ് 30 വരെ 5 കത്തുകൾ കെ റെയിലിന് അയച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നു ബോർഡ് കോടതിയെ അറിയിച്ചു.

സിൽവർ ലൈനിൽ നിന്ന് സർക്കാരും കെ-റെയിൽ കോർപറേഷനും പിന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. അത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയിൽവേ ഇപ്പോൾ ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിരുന്നില്ല. പദ്ധതിയിൽ ചില സംശയങ്ങളുണ്ട് എന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. അതിൽ മാറ്റമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച മറുപടി ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ അലൈന്മെന്റ്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, എത്ര സ്വകാര്യഭൂമി പദ്ധതിക്ക് ആവശ്യമായി വരും, എത്ര റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങൾ തേടിയാണ് കെ റെയിൽ കോർപറേഷന് പലതവണ കത്തയതച്ചത്.

ഡിപിആർ സംബന്ധിച്ച് നേരത്തെ ചില വിമർശനങ്ങൾ റെയിൽവേ മന്ത്രാലയം ഉന്നയിച്ചപ്പോൾ അതിനെല്ലാം കൃത്യമായി മറുപടി നൽകുമെന്നായിരുന്നു കെ-റെയിൽ കോർപറേഷനടക്കം വിശദീകരിച്ചിരുന്നത്. എന്നാൽ ഇതുവരെ അത്തരത്തിലൊരു വിശദീകരണവും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞമാസം മുപ്പതാം തീയതിയാണ് കേന്ദ്ര റെയിൽവേ ബോർഡ് കത്തയച്ചത്. അതിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ രേഖാമൂലം മറുപടി നൽകി.

അതിനിടെ ജൈക്ക വായ്പ ഉപയോഗിച്ചു നടപ്പാക്കേണ്ട പദ്ധതികളിൽനിന്നു സിൽവർലൈൻ പദ്ധതിയെ കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കിയതോടെ ഇനി കെ റെയിലിന്റെ പ്രതീക്ഷ തെറ്റിയിരുന്നു. പദ്ധതി കടന്നുപോകുന്ന റെയിൽവേ ഭൂമിയെക്കുറിച്ചു റെയിൽവേയും കെ റെയിലും നടത്തിയ സർവേയുടെ റിപ്പോർട്ട് റെയിൽവേ ബോർഡിനു മുൻപിലുണ്ട്.

റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട സാങ്കേതിക സംശയങ്ങൾക്കെല്ലാമുള്ള മറുപടി റിപ്പോർട്ടിലുണ്ടെങ്കിൽ ധനമന്ത്രാലയത്തിന് അനുകൂല ശുപാർശ നൽകിയേക്കും. പദ്ധതിയുടെ സാങ്കേതികസാമ്പത്തിക സാധ്യതകളെക്കുറിച്ച് റെയിൽവേയുടെ അഭിപ്രായമറിയാതെ വിദേശ വായ്പയ്ക്കുള്ള കേരളത്തിന്റെ പുതിയ അപേക്ഷ പരിഗണിക്കില്ലെന്നാണു ധനമന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, സാങ്കേതിക സംശയങ്ങൾ പരിഹരിക്കപ്പെട്ടാലും, സാമ്പത്തിക സാധ്യതയെക്കുറിച്ചുള്ള പഠനം റെയിൽവേ നടത്തിയിട്ടില്ല.

ജൈക്ക റോളിങ് പ്ലാനിൽ സിൽവർലൈൻ ഉൾപ്പെടുത്തിയതിനാൽ മറ്റു നടപടികളുമായി മുന്നോട്ടുപോകാമെന്നു 2021 ജനുവരിയിൽ കേന്ദ്ര ധനമന്ത്രി അയച്ച കത്തായിരുന്നു ഇതുവരെ കെ റെയിലിന്റെ പിടിവള്ളി. പ്ലാനിൽനിന്നു പദ്ധതി ഒഴിവാക്കിയതോടെ പുതിയ അപേക്ഷയ്ക്ക് അനുമതി ലഭിക്കുന്നതുവരെ പദ്ധതിയുടെ വിദേശ വായ്പ അനിശ്ചിതത്വത്തിലായി. ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാനാകില്ലെന്നു ജൈക്ക അറിയിച്ചതോടെയാണു ജൈക്ക ഉൾപ്പെടെ 4 വിദേശ ഏജൻസികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷമാദ്യം കെ റെയിൽ പുതിയ അപേക്ഷ സമർപ്പിച്ചത്.

അതേസമയം, കേന്ദ്രം ഇപ്പോൾ മലക്കം മറിയുകയാണെന്ന വിമർശനം സംസ്ഥാന സർക്കാരിനുണ്ട്. പുതിയ അപേക്ഷ 2021 ഏപ്രിലിൽ റെയിൽവേ ബോർഡ് അംഗീകരിച്ചിരുന്നു. ജൂലൈയിൽ ഈ അപേക്ഷ പരിഗണിച്ച ധനമന്ത്രാലയം, ഭാവിയിലെ കടബാധ്യത കെ റെയിൽ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ വഹിക്കുമെന്ന സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയോടെയാണ് അപേക്ഷ മാറ്റിവച്ചത്. സംസ്ഥാനം സത്യവാങ്മൂലം നൽകുകയും ചെയ്തു. എന്നാൽ, പദ്ധതിക്കെതിരെ കേരളത്തിൽ സമരം തുടങ്ങുകയും ബിജെപി സമരരംഗത്തിറങ്ങുകയും ചെയ്തശേഷമാണ് സാങ്കേതിക സാമ്പത്തിക സംശയങ്ങൾ ധനമന്ത്രാലയം ഉന്നയിച്ചതെന്നു കേരളം വാദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP