Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീരോചിത ചെറുത്തുനിൽപ്പിനിടെ ദീപ്തിയുടെ 'മങ്കാദിങ്'!; കരഞ്ഞുകൊണ്ട് ക്രീസ് വിട്ട് ചാർളി ഡീൻ; ശരിയല്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ; വിമർശകർക്ക് മറുപടിയുമായി ഹർമൻപ്രീത്; പിന്തുണച്ച് ഇതിഹാസ താരങ്ങൾ; ജൂലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരം ഏറ്റെടുത്ത് ആരാധകരും

വീരോചിത ചെറുത്തുനിൽപ്പിനിടെ ദീപ്തിയുടെ 'മങ്കാദിങ്'!; കരഞ്ഞുകൊണ്ട് ക്രീസ് വിട്ട് ചാർളി ഡീൻ; ശരിയല്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ; വിമർശകർക്ക് മറുപടിയുമായി ഹർമൻപ്രീത്; പിന്തുണച്ച് ഇതിഹാസ താരങ്ങൾ; ജൂലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരം ഏറ്റെടുത്ത് ആരാധകരും

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഇന്ത്യൻ ഇതിഹാസ പേസർ ജൂലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരത്തിൽ അവിസ്മരണീയ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തൂവാരിയിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ 16 റൺസിനാണു ടീം ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപിച്ചുവിട്ടത്.

എന്നാൽ മത്സരത്തിന്റെ ഗതി നിർണയിച്ച 'മങ്കാദിങ്' ക്രിക്കറ്റിന്റെ മഹനീയതയ്ക്ക് യോജിച്ചതോ എന്ന തരത്തിൽ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചൂടൻ ചർച്ച ഉയർത്തുകയാണ്. ഇക്കുറിയും ഒരു ഇന്ത്യൻ താരമാണ് വിമർശകരുടെ പട്ടികയിൽ പ്രതിസ്ഥാനത്ത്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതാ ബാറ്റർ ചാർളി ഡീനിനെ മങ്കാങ്ങിലൂടെ പുറത്താക്കുകയായിരുന്നു ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ്മ. ദീപ്തിയെ വിമർശിച്ച് സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ രംഗത്തെത്തിയപ്പോൾ ദീപ്തിക്ക് പൂർണപിന്തുണ നൽകിയിരിക്കുകയാണ് വീരേന്ദർ സെവാഗ് ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 170 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 43.3 ഓവറിൽ 153 റൺസെടുത്ത് ഇംഗ്ലണ്ട് പുറത്തായി. 35.2 ഓവറിൽ 118 റൺസെടുത്തു നിൽക്കെ ഒൻപതാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ചാർളി ഡീനിന്റെ ചെറുത്തുനിൽപ്പാണ് 150 കടത്തിയത്. എന്നാൽ 80 പന്തുകൾ നേരിട്ട് 47 റൺസെടുത്തു നിൽക്കെ ചാർളിയുടെ പുറത്താകലാണ് ഇംഗ്ലണ്ടിനെ തോൽവിയിലേക്ക് നയിച്ചത്.

43.3 ഓവറിൽ ഇംഗ്ലണ്ട് 153 റൺസെടുത്തു നിൽക്കെ നോൺ സ്‌ട്രൈക്കിൽ ക്രീസിനു വെളിയിലേക്കിറങ്ങിയ ചാർളിയെ ഇന്ത്യൻ ബോളർ ദീപ്തി ശർമ റണ്ണൗട്ടാക്കുകയായിരുന്നു. പന്തെറിയും മുൻപ് നോൺ സ്‌ട്രൈക്കിലെ ബാറ്റർ ക്രീസ് വിട്ടുപുറത്തുപോയതോടെയാണ് ദീപ്തി അവസരം മുതലെടുത്ത് ചാർളിയെ പുറത്താക്കിയത്. പത്താം വിക്കറ്റും വീണതോടെ ഒരു മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ടിനു പരമ്പര അവസാനിപ്പിക്കേണ്ടിവന്നു.

കരഞ്ഞുകൊണ്ടാണ് ചാർളി ഡീൻ ഗ്രൗണ്ട് വിട്ടത്. 'മങ്കാദിങ്' രീതിയിലുള്ള പുറത്താക്കൽ ശരിയായില്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ ആമി ജോൺസ് പ്രതികരിച്ചു. വിജയം പ്രതീക്ഷിച്ചുനിൽക്കെ ഏറ്റ അപ്രതീക്ഷിത തോൽവിയുടെ നിരാശ ഡ്രസിങ് റൂമിലുണ്ടായ ഇംഗ്ലിഷ് താരങ്ങളുടെ മുഖത്തും പ്രകടമായിരുന്നു. ഇന്ത്യയുടെ നീക്കത്തിനെതിരെ പലരും പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ആറ് ഓവർ ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 17 റൺസ് വേണ്ടപ്പോഴായിരുന്നു ദീപ്തി ശർമ്മ പന്ത് കൈയിൽ നിന്ന് റിലീസ് ചെയ്യും മുമ്പ് ചാർളി ഡീൻ ക്രീസ് വിട്ടിറങ്ങിയത്. ഉടൻ ബെയ്ൽസ് ഇളക്കിയ ദീപ്തിക്ക് ക്രിക്കറ്റ് നിയമങ്ങളുടെ പരിരക്ഷയുണ്ടായിരുന്നു. ബൗളർ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോൺ-സ്‌ട്രൈക്കറെ പുറത്താക്കാൻ ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ട്. എന്നിട്ടും ദീപ്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു സ്റ്റുവർട്ട് ബ്രോഡും സാം ബില്ലിങ്സും ഉൾപ്പടെയുള്ള ഇംഗ്ലീഷ് പുരുഷ താരങ്ങൾ.

എന്നാൽ ദീപ്തിക്ക് പൂർണ പിന്തുണ നൽകുകയാണ് വീരേന്ദർ സെവാഗ്, വസീം ജാഫർ ഉൾപ്പടെയുള്ള ഇന്ത്യയുടെ മുൻ താരങ്ങൾ. മങ്കാദിങ്ങിന്റെ പേരിൽ മുമ്പിൽ വിവാദത്തിലായ ആർ അശ്വിനും ദീപ്തിക്ക് തുണയായെത്തി. മത്സര ശേഷം വിവാദ പുറത്താക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നൽകുകയും ചെയ്തു. 'പുതുതായി ഒന്നും ചെയ്തിട്ടില്ല. ഐസിസിയുടെ ക്രിക്കറ്റ് നിയമത്തിലുള്ളതേ നടപ്പിലാക്കിയിട്ടുള്ളൂ. ഇത്തരം അവസരങ്ങൾ അതിനാൽത്തനെ ഉപയോഗിക്കാം. ആദ്യം വീണ 9 വിക്കറ്റുകളെ കുറിച്ച് നിങ്ങൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു' എന്നുമായിരുന്നു ഹർമന്റെ പ്രതികരണം.

പന്തെറിയുന്ന സമയത്ത് നോൺ സ്‌ട്രൈക്കർ ക്രീസ് വിട്ടാൽ ബോളർ ബാറ്ററെ പുറത്താക്കുന്ന രീതി 'മങ്കാദിങ്' എന്ന പേരിലാണു ക്രിക്കറ്റിൽ അറിയപ്പെട്ടിരുന്നത്. ഇത് മോശം രീതിയായി കാണേണ്ടതില്ലെന്നും സാധാരണ റണ്ണൗട്ടായി പരിഗണിക്കുമെന്നും ഐസിസി അറിയിച്ചിരുന്നു. ഒക്ടോബർ ആറുമുതലാണ് ഇതുൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നത്.

പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ബിൽ ബ്രൗണിനെ ഇന്ത്യൻ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിങ് ആദ്യമായി പൊതുവേദിയിൽ ചർച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്റെ പുറത്താകലിനെ ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. എന്നാൽ നോൺ-സ്‌ട്രൈക്കറെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്നതിനെ റണ്ണൗട്ടായാണ് ഐസിസി പുതിയ നിയമത്തിൽ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഓപ്പണറായ ജോസ് ബട്ലറെ പഞ്ചാബ് കിങ്സ് നായകനായിരുന്ന രവിചന്ദ്രൻ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP