Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ ജില്ലാ ലീഗൽ അഥോറിറ്റി സൊസൈറ്റി ഇടപെട്ടു;. മീത്തലെ പുന്നാട് മഠം പറമ്പ് കോളനി നിവാസികൾ ഭൂമിയുടെ അവകാശികളായി മാറുന്നു; ആശ്വാസമുണ്ടാകുന്നത് 14 കുടുംബങ്ങൾക്ക്

കണ്ണൂർ ജില്ലാ ലീഗൽ അഥോറിറ്റി സൊസൈറ്റി ഇടപെട്ടു;. മീത്തലെ പുന്നാട് മഠം പറമ്പ് കോളനി നിവാസികൾ ഭൂമിയുടെ അവകാശികളായി മാറുന്നു; ആശ്വാസമുണ്ടാകുന്നത് 14 കുടുംബങ്ങൾക്ക്

വൈഷ്ണവ് സി

കണ്ണൂർ: ഭൂമിയുണ്ടായിട്ടും എട്ട് പതിറ്റാണ്ടായി ഇതിൽ അവകാശമില്ലാതെ താമസിച്ചു വന്ന കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപമുള്ള മീത്തലെ പുന്നാട് മഠം പറമ്പ് കോളനിയിലെ കുടുംബങ്ങൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ഇടപെടൽ മൂലം ഭൂമിയുടെ അവകാശികളായി മാറുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ പലർക്കും റേഷൻ കാർഡും, മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ഇതുമൂലം ദുരിതമനുഭവിച്ച് വരികയായിരുന്നു കോളനിയിലെ 14 കുടുംബങ്ങൾ.

ലീഗൽ സർവീസ് അഥോറിറ്റി കോളനിയുടെ അടിസ്ഥാന സൗകര്യ വികസനം പരിശോധിക്കുന്നതിന്റെ ഭാഗമായി കോളനിയിൽ എത്തിയപ്പോഴാണ് ജനങ്ങളുടെ ദുരിതാവസ്ഥ നേരിട്ട് ബോധ്യമായത്. ഭൂമി സംബന്ധിച്ച യാതൊരു രേഖയും ലഭിക്കാത്തതുമൂലം കോളനിവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ വാർഡ് മെമ്പർ എ.കെ. ഷൈജു ലീഗൽ സർവീസ് അഥോറിറ്റിയെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ലീഗൽ സർവീസസ് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് നേരിട്ട് കോളനിയിൽ എത്തുകയായിരുന്നു.

കോളനിയിലെ എട്ട് വീടുകളിലായി 14 കുടുംബങ്ങളാണ് താമസിക്കുന്നത്. പലരുടെയും വീടുകൾ തകർന്നുവീഴാറായ നിലയിലാണ്. പോളിത്തീൻ ഷീറ്റും മറ്റും മറിച്ചു കെട്ടിയാണ് ഇവർ കഴിയുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ നഗരസഭയുടെയോ മറ്റ് സർക്കാർ സംവിധാനങ്ങളുടെയോ ഭവന നിർമ്മാണ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്കു മുൻപ് നെല്ലാച്ചേരി കുടുംബം നൽകിയ ഒരേക്കർ ഭൂമിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. വാക്കാൽ ഇവർക്ക് താമസിക്കുവാനുള്ള അനുമതി നൽകിയിരുന്നുവെങ്കിലും വർഷങ്ങളായിട്ടും ഭൂമിയുടെ കൈവശാവകാശം ഇവർക്ക് ലഭിച്ചിരുന്നില്ല.

ലീഗൽ സർവീസ് അഥോറിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി ഭൂമിയുടെ ഉടമാവകാശിയായ നെല്ലാച്ചേരി ലീല ടീച്ചറിൽ നിന്നും ലീഗൽ സർവീസസ് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് ഇവർക്കുള്ള ഉടമാവകാശ സമ്മതപത്രം നേരിട്ടെത്തി വാങ്ങുകയായിരുന്നു. കോളനിയിൽ നടന്ന ചടങ്ങിൽ സബ് ജഡ്ജ് നഗരസഭാ വൈസ്. ചെയർമാർ പി. പി. ഉസ്മാന് സമ്മത പത്രം കൈമാറി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, വാർഡ് അംഗം എ. കെ. ഷൈജു, ലീഗൽ അഥോറിറ്റി സൊസൈറ്റി അംഗങ്ങളായ പ്രകാശൻ തില്ലങ്കേരി, സുരേഷ് ബാബു, ശരത്ചന്ദ്രൻ, സി. സിന്ധുരേഖ, ലേഖ, എം.സി. രഘുനാഥൻ, പ്രമോട്ടർ അജിത്ത്, ട്രൈബൽ ഓഫീസർ ഷൈജു എന്നിവർ സംബന്ധിച്ചു.

ഇവർക്ക് ഭൂമി ലഭിക്കുന്നതോടെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കും. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കോളനിയിലേക്കുള്ള റോഡ് നഗരസഭ ഗതാഗതയോഗ്യമാക്കുമെന്ന് വൈസ്. ചെയർമാൻ പി. പി. ഉസ്മാൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP