Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞു; കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് ആന്റണി; തീരാനഷ്ടമെന്ന് രാഹുൽ; മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമെന്ന് ഉമ്മൻ ചാണ്ടി; ഗുരുനാഥനെ നഷ്ടപ്പെട്ടെന്ന് വിഡി സതീശൻ; മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമാജിക മികവെന്ന് മുഖ്യമന്ത്രി; ആര്യാടനെ കേരളം സ്മരിക്കുമ്പോൾ

ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞു; കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് ആന്റണി; തീരാനഷ്ടമെന്ന് രാഹുൽ; മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമെന്ന് ഉമ്മൻ ചാണ്ടി; ഗുരുനാഥനെ നഷ്ടപ്പെട്ടെന്ന് വിഡി സതീശൻ; മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമാജിക മികവെന്ന് മുഖ്യമന്ത്രി; ആര്യാടനെ കേരളം സ്മരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തനിക്ക് അദ്ദേഹം മുതിർന്ന നേതാവും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നുവെന്നും 28-ാം തീയതി ആര്യാടന്റെ കുടുംബത്തെ സന്ദർശിക്കുമെന്നും രാഹുൽ പറഞ്ഞു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആര്യാടന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. കേരളം കണ്ട പ്രഗത്ഭരായ പാർലമെന്റേറിയന്മാരിൽ മുൻനിരയിലാണ് ആര്യാടൻ മുഹമ്മദിന്റെ സ്ഥാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിലെ തന്റെ ഗുരുനാഥനെയാണ് നഷ്ടപ്പെട്ടതെന്നും ആദ്യമായി 2001-ൽ നിയമസഭയിലെത്തുമ്പോൾ കാര്യങ്ങൾ പഠിപ്പിച്ചത് അദ്ദേഹമായിരുന്നെന്നും സതീശൻ അനുസ്മരിച്ചു. സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ടും ഒപ്പം ബജറ്റുമായി ബന്ധപ്പെട്ടും നിരവധി കാര്യങ്ങൾ ആര്യാടനിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പാർട്ടി പ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞിരുന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചു. തീവ്രവാദത്തേയും വർഗീയവാദത്തേയും എന്നും എതിർത്തു. രാഷ്ട്രീയഭാവിയോ തിരഞ്ഞെടുപ്പിലെ ജയമോ പരാജയമോ ഒന്നും അദ്ദേഹം പരിഗണിച്ചില്ല. മതേതര കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഇവിടെ ഉണ്ടാവേണ്ടിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. കോൺഗ്രസ് എന്നാൽ അദ്ദേഹത്തിന് ജീവനായിരുന്നു. കോൺഗ്രസിന് വേണ്ടി മരിക്കാൻ പോലും തയ്യാറാവുമായിരുന്നു. പാർട്ടിയെ സംരക്ഷിക്കാൻ എന്ത് നിലപാടും അദ്ദേഹം സ്വീകരിക്കും. വിട്ടുവീഴ്ചയില്ലാതെ വർഗീയതയോട് പെരുമാറിയ കേരളത്തിലെ തന്നെ അപൂർവ നേതാക്കളിൽ ഒരാളാണ് ആര്യാടൻ മുഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകൾകൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

2004-ലെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുൻകൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തിയാണ് അദ്ദേഹം എട്ടു തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണ്ണായകപങ്കു വഹിച്ചു. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഏഴുപതിറ്റാണ്ട് കോൺഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതമായിരുന്നു ആര്യാടൻ മുഹമ്മദിന്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അനുസ്മരിച്ചു. കോൺഗ്രസ് വികാരം നെഞ്ചോട് ചേർത്ത് പ്രവർത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. കോൺഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ നേതായിരുന്നു അദ്ദേഹം. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് എന്നും ആവേശം പകർന്ന് സാധാരണക്കാരുടെ നേതാവായി വളർന്ന വ്യക്തിയാണ് ആര്യാടനെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയേയും തരണംചെയ്യാൻ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായ സ്വാധീനം ചെലുത്തിയ ആര്യാടൻ മുഹമ്മദിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

കേരളത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിൽ നിർണായ പങ്കുവഹിച്ചയാളാണ് മുൻ വൈദ്യുത മന്ത്രി കൂടിയായ ആര്യാടൻ മുഹമ്മദ്. ഇന്നത്തെ കാലത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് ദിശാബോധം നൽകിയ നേതാവായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തിൽ അറിവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമുള്ള നേതാവായിരുന്നുവെന്നും ആര്യാടൻ മുഹമ്മദിനെ കുറിച്ച് തിരുവഞ്ചൂർ സ്മരിച്ചു.

വിയോജിപ്പുകൾക്കിടയിൽ യോജിപ്പ് കണ്ടെത്തുന്നതാണ് ആര്യാടൻ മഹമ്മദിന്റെ നിലപാട്. യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടി കർക്കശമായ നിലപാടുകൾ എന്നും സ്വീകരിച്ചു. ആര്യാടൻ മുമഹ്ഹദിന്റെ മരണത്തിൽ മുസ്ലിം ലീഗ് അനുശോചനം അറിയിക്കുന്നതായി ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.

രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും പലപ്പോഴും പലവിഷയങ്ങളിലും യോജിച്ച് തീരുമാനമെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് സിപിഎം നേതാവ് എംഎ ബേബി പ്രതികരിച്ചു. കോൺഗ്രസ് വർഗീയ ശക്തികളുമായി ശക്തിചേരുന്നതിനെതിരെ ശക്തമായ നിലപാട് മുറുകെ പിടിച്ചിരുന്നു. അദ്ദേഹവുമായി രാഷ്ട്രീയത്തിനതീതമായ ബന്ധം പുലർത്തിയിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാലത്തെ ബന്ധമാണ് ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ പറഞ്ഞു. അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് നേതാവുമായി പ്രവർത്തിക്കുമ്പോഴും മറ്റ് പാർട്ടി പ്രവർത്തകരുമായും അദ്ദേഹം മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP