Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു; ശരാശരി വിദ്യാഭ്യാസ യോഗ്യതയുമായി എത്തി അറിവ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച നേതാവ്; കോൺഗ്രസിലെ എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയിൽ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുമ്പിൽ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്

കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു; ശരാശരി വിദ്യാഭ്യാസ യോഗ്യതയുമായി എത്തി അറിവ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച നേതാവ്; കോൺഗ്രസിലെ എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയിൽ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുമ്പിൽ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. നിലമ്പൂരിനെ വലിയ കാലം നിയമസഭയിൽ പ്രതിനിധീകരിച്ചു. കോൺഗ്രസിലെ എ ഗ്രൂപ്പിൽ ചാണക്യ തന്ത്രങ്ങൾ ഒരുക്കിയ വ്യക്തിയാണ്. കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം.

സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോൺഗ്രസിന് കരുത്ത് നൽകിയ നേതാവാണ് ആര്യാടൻ മുഹമ്മദ്. മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവ്. നിയമസഭയിലും മറ്റും കൈയടി നേടിയ ഉറച്ച ശബ്ദത്തിന് ഉടമയാണ് ആര്യാടൻ. 87-ാം വയസ്സിലാണ് അ്ന്ത്യം. കേരള രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിന്ന നേതാവാണ് ആര്യാടൻ. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു കാലത്തും വഴങ്ങാത്ത നേതാവാണ് ആര്യാടൻ.

കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെപിസിസി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്. മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന കെ. കുഞ്ഞാലിയെവധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. എകെ ആന്റണിയുടെ വിശ്വസ്തനായി കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞ ആര്യാടൻ ഉമ്മൻ ചാണ്ടിയുടെ പല തീരുമാനങ്ങളുടേയും ചാലക ശക്തിയായിരുന്നു. മുസ്ലിം ലീഗിനൊപ്പം കെ കരുണാകരനേയും എതിർത്താണ് രാഷ്ട്രീയ വളർച്ച സാധ്യമാക്കിയത്.

ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മെയ്‌ 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.

നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂൾ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധകേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം തൊഴിൽ മന്ത്രിയായി.

തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP