Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തരൂരിനും ഗലോട്ടിനും ഒപ്പം അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനീഷ് തിവാരി ഉണ്ടാകുമെന്ന അഭ്യൂഹം ശക്തം; 'ഹൈക്കമാണ്ടിലെ' ചിലരുടെ കുബുദ്ധിയിൽ പിറന്ന ത്രികോണ പോരാട്ടം രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ അനുകൂലമാക്കും; 22 വർഷത്തിന് ശേഷം കോൺഗ്രസിൽ ബഹുകോണ മത്സരം? തരൂരിനെ ജി23 പിന്തുണയ്ക്കുമോ?

തരൂരിനും ഗലോട്ടിനും ഒപ്പം അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനീഷ് തിവാരി ഉണ്ടാകുമെന്ന അഭ്യൂഹം ശക്തം; 'ഹൈക്കമാണ്ടിലെ' ചിലരുടെ കുബുദ്ധിയിൽ പിറന്ന ത്രികോണ പോരാട്ടം രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ അനുകൂലമാക്കും; 22 വർഷത്തിന് ശേഷം കോൺഗ്രസിൽ ബഹുകോണ മത്സരം? തരൂരിനെ ജി23 പിന്തുണയ്ക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടിൽ അധികം പേർ മത്സരത്തിനുണ്ടാകുമെന്ന് സൂചന. 2 പതിറ്റാണ്ടിനു ശേഷമാണു സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണു മത്സര രംഗത്തുള്ളതെങ്കിലും മനീഷ് തിവാരി മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇതിനൊപ്പം വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ വന്നേക്കുമെന്നു സൂചനയുണ്ട്. ആർക്കും മത്സരിക്കാമെന്നു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം.

10 പിസിസി പ്രതിനിധികളുടെ പിന്തുണയോടെ 30നു തരൂർ പത്രിക സമർപ്പിക്കും. ഗെലോട്ട് 27ന് അല്ലെങ്കിൽ 28ന് പത്രിക സമർപ്പിക്കുമെന്നാണു വിവരം. ഗെലോട്ടിനും തരൂരിനും പാർട്ടിയെ നയിക്കാനാവില്ലെന്നു കാട്ടി യുപി സ്വദേശി വിനോദ് സാഥിയും ഹിമാചൽ സ്വദേശി ലക്ഷ്മികാന്ത് ശർമയും പത്രിക വാങ്ങാനെത്തി. ഗെലോട്ട് പ്രസിഡന്റായാൽ രാജസ്ഥാന്റെ മുഖ്യമന്ത്രി പദം പിടിക്കാൻ രംഗത്തുള്ള സച്ചിൻ പൈലറ്റും സ്പീക്കർ സി.പി.ജോഷിയും ഇന്നലെ ജയ്പുരിൽ കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇരുവരും തന്റെ എതിരാളികളാണെങ്കിലും സച്ചിൻ മുഖ്യമന്ത്രിയാകുന്നതു തടയാൻ ജോഷിയെ പിന്തുണയ്ക്കാൻ ഗെലോട്ട് മടിച്ചേക്കില്ല. അതേസമയം, സച്ചിൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സംസ്ഥാന മന്ത്രി രാജേന്ദ്ര ഗുദ്ധ പറഞ്ഞു. തരൂരിന്റെ അടുത്തസഹായി ആലിം ജാവേരി ശനിയാഴ്ച രാവിലെ എ.ഐ.സി.സി. ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക കൈപ്പറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10 വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കാനാണ് തരൂരിന്റെ ശ്രമം.

നെഹ്രു കുടുംബത്തിന്റെ പ്രതിനിധിയായി രാജസ്ഥാൻ മുഖ്യമന്ത്രി ഗലോട്ട് സ്ഥാനാർത്ഥിയായാൽ മുഖ്യ എതിരാളി തരൂരാവുമെന്ന് ഇതോടെ ഏതാണ്ടുറപ്പായി. ജി-23 നേതാക്കളിലെ മറ്റൊരു പ്രമുഖനും ഗാന്ധി കുടുംബത്തിന്റെ വിമർശകനുമായ മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് അഭ്യൂഹം. പഞ്ചാബിലെ അനന്തപുർ സാഹിബിൽനിന്നുള്ള ലോക്സഭാംഗമായ തിവാരി സംസ്ഥാനനേതാക്കളുമായും മണ്ഡലത്തിലെ പ്രമുഖരുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി.

അങ്ങനെയെങ്കിൽ 22 വർഷത്തിനുശേഷം കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പ് ബഹുകോണമത്സരത്തിന് വേദിയാവും. അതേസമയം, മനീഷ് തിവാരിയെ പിന്തിരിപ്പിക്കാൻ ജി-23 തലത്തിൽ നീക്കങ്ങളുണ്ട്. തരൂരും ഗെലോട്ടും നേർക്കു നേർ മത്സരിച്ചാൽ തരൂർ ജയിക്കുമെന്ന ഭയം കോൺഗ്രസിലെ ചില ഹൈക്കമാണ്ട് നേതാക്കൾക്കുണ്ട്. ഇവർ ജി 23യെ സ്വാധീനിച്ചതായാണ് സൂചന. അങ്ങനെയാണ് തരൂരിനെ ആ ഗ്രൂപ്പ് തള്ളി പറഞ്ഞത്. ഫലത്തിൽ ഗെലോട്ട് മത്സരിച്ചാൽ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പിക്കാകയാണ് ഹൈക്കമാണ്ടിലെ ചിലർ. ഫലത്തിൽ ഗെലോട്ടിന്റെ ജയസാധ്യത കൂടുകയാണ്. ആരേയും ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

തരൂരിനോട് മത്സരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇതോടെ ഗാന്ധി കുടുംബത്തെ അനുകൂലിക്കുന്നവരും തരൂരിന് വോട്ട് ചെയ്യുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് രാഹുൽ ഗാന്ധി വിരുദ്ധ ചേരിയുടെ വോട്് ഭിന്നിപ്പിക്കാൻ നീക്കം തുടങ്ങുന്നത്. മനീഷ് തിവാരിയെ മത്സരിപ്പിക്കാൻ ജി 23 ഗ്രൂപ്പിൽ സമ്മർദ്ദം ശക്തമാക്കുന്നുണ്ട് ഇവർ. മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തിവാരിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗെലോട്ടും തരൂരും ഗാന്ധി കുടുംബവുമായി ചർച്ച ചെയ്താണു സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെങ്കിൽ, നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മനീഷ് തിവാരി വിമതനായി കളത്തിലിറങ്ങും എന്നാണ് പ്രചരണം. ഇങ്ങനെയാണ് പറയുന്നതെങ്കിലും രാഹുൽ ഗാന്ധി നിർത്തുന്ന സ്ഥാനാർത്ഥിക്ക് സാധ്യത കൂട്ടുന്നതാകും മനീഷ് തിവാരിയുടെ മത്സരം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടാലും ശശി തരൂർ പ്രവർത്തക സമിതിയിൽ അംഗമാവുമെന്നാണ് പുതിയ റിപ്പോർട്ട്. ജി 23 വിഭാഗത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ് തരൂർ പുലർത്തുന്നത്. ശക്തനായ നേതാവെന്നതിനാൽ ശശിതരൂരിനെ കൂടെ നിർത്താനാണ് ഇരു വിഭാഗങ്ങളിലേയും നേതാക്കളുടെ ശ്രമം എന്നും പ്രവചനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP