Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീളുന്ന യുദ്ധം കീഴ്‌മേൽ മറിച്ചത് റഷ്യൻ സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ സ്വൈര്യജീവിതത്തേയും; ആണവായുധ പരാമർശം നേടിക്കൊടുത്തത് കൂടുതൽ എതിർപ്പിക്കുകൾ മാത്രം; ലോകം ഒറ്റപ്പെടുത്തുന്ന പുടിനെ സ്വന്തം നാട്ടുകാരും കൈയൊഴിയുന്നു; യുദ്ധം ചെയ്യാനായി ഇനി മക്കളെ വിടില്ലെന്ന് രക്ഷിതാക്കൾ; റഷ്യയിൽ സമാനതകളില്ലാത്ത പ്രതിസന്ധി

നീളുന്ന യുദ്ധം കീഴ്‌മേൽ മറിച്ചത് റഷ്യൻ സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ സ്വൈര്യജീവിതത്തേയും; ആണവായുധ പരാമർശം നേടിക്കൊടുത്തത് കൂടുതൽ എതിർപ്പിക്കുകൾ മാത്രം; ലോകം ഒറ്റപ്പെടുത്തുന്ന പുടിനെ സ്വന്തം നാട്ടുകാരും കൈയൊഴിയുന്നു; യുദ്ധം ചെയ്യാനായി ഇനി മക്കളെ വിടില്ലെന്ന് രക്ഷിതാക്കൾ;  റഷ്യയിൽ സമാനതകളില്ലാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കീവ്: യുക്രൈനെതിരായ യുദ്ധം അനന്തമായി നീളുന്നതിൽ റഷ്യയിൽ പുടിനെതിരെ സ്വന്തം ജനതയും.നിർബന്ധിത സൈനീക സേവനത്തിനെതിരെയാണ് ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്ത് വന്നത്.യുക്രെയ്‌നിലെ 4 പ്രവിശ്യകളിൽ ഹിതപരിശോധന നടക്കുന്നതിനിടെ, റഷ്യൻ നഗരങ്ങളിൽ പുട്ടിൻവിരുദ്ധ പ്രകടനങ്ങൾ. യുക്രെയ്‌നിൽ യുദ്ധം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമാണു നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്.

യുക്രെയ്‌നിലെ തെക്കൻ പ്രവിശ്യകളായ സാപൊറീഷ്യ, ഖേർസൻ, കിഴക്കൻ മേഖലയിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവിടങ്ങളിലാണു വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചത്. നിലവിൽ റഷ്യൻസേനയുടെ നിയന്ത്രണത്തിലായ ഈ പ്രദേശങ്ങളിലെ നല്ലൊരു വിഭാഗം ജനങ്ങൾ നേരത്തേ പലായനം ചെയ്തതാണ്.യുക്രെയ്ൻ സേന ചെറുത്തുനിൽക്കുന്ന തെക്കൻ മേഖലയിൽ രൂക്ഷയുദ്ധമാണു നടക്കുന്നത്.

7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ നിയോഗിക്കാൻ പുട്ടിൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 3 ലക്ഷം റിസർവ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം.എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോർട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികർക്കു കടുത്ത ശിക്ഷ നൽകുന്ന ബില്ലിലും ശനിയാഴ്ച പുട്ടിൻ ഒപ്പിട്ടു.

റഷ്യ-ജോർജിയ അതിർത്തിയിൽ രാജ്യം വിടാൻ തിക്കിത്തിരക്കി റഷ്യൻ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോർട്ടുണ്ട്. 18നും 65 നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നതു വിലക്കി സർക്കാർ ഉത്തരവിട്ടിരുന്നു.

അതേസമയം പുടിൻ ആണവായുധ ഭീഷണി മുഴക്കിയതോടെ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. ഉടനടി യുദ്ധം നിർത്തണം എന്നാവശ്യപ്പെട്ട് ചൈന രംഗത്തെത്തി. റഷ്യയുടെ സുഹൃത്തുകൂടിയായ തുർക്കിയും റഷ്യക്കെതിരെ രംഗത്തെത്തി. പിടിച്ചെടുത്ത സ്ഥലങ്ങൾ എല്ലാം തിരികെ നൽകി യുദ്ധം അവസാനിപ്പിക്കണം എന്നാണ് തുർക്കി ആവശ്യപ്പെടുന്നത്.ആണവായുധങ്ങൽ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് താൻ വിടുവായത്വം പറയുകയല്ല എന്നായിരുന്നുപുടിൻ പറഞ്ഞത്.

ഈ ഭീഷണി തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് പാശ്ചാത്യലോകം. ആണവായുധ ഭീഷണി മുഴക്കിയതുകൊണ്ടൊന്നും യുക്രെയിൻ യുദ്ധം ജയിക്കാൻ റഷ്യക്കാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് പറഞ്ഞു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായുള്ള ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ പ്രധാന വിഷയം യുക്രെയിൻ യുദ്ധം തന്നെയായിരുന്നു. ഈ അധിനിവേശം അനുവദിച്ചു കൊടുക്കാൻ പാശ്ചാത്യ ലോകം ഒരിക്കലും തയ്യാറാകില്ല എന്നും അവർ പറഞ്ഞു. തന്റെ സർവ്വനാശകാരിയായ പരാജയത്തെ ന്യായീകരിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിലും അവർ പറഞ്ഞു.

മനുഷ്യാവകാശങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ വിലയില്ലാത്തിടത്ത് ജനാധിപത്യമെന്ന അവകാശവും മുഴക്കി പുടിൻ തന്റെ കുഴി സ്വയം തോണ്ടുകയാണെന്നും അവർ പറഞ്ഞു.യുക്രെയിൻ പ്രതിരോധിക്കുന്നത് അവരുടെ രാജ്യത്തെ മാത്രമല്ലെന്നും, മനുഷ്യരാശി അമൂല്യമെന്ന് കരുതുന്ന ചില മൂല്യങ്ങളെ കൂടിയാണെന്നും പറഞ്ഞ ലിസ് ട്രസ്സ്, യുക്രെയിനും പാശ്ചാത്യ സഖ്യവും ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്നും സൂചിപ്പിച്ചു. അതേസമയം, ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിയെ തള്ളിപ്പറഞ്ഞ ജോ ബൈഡൻ, ഒരു ആണവായുധം ഒരിക്കലും ജയിക്കില്ല എന്നും ഓർമ്മിപ്പിച്ചു. ആവശ്യമില്ലാത്ത ഒരു യുദ്ധം വഴി റഷ്യ ഐക്യരാഷ്ട്ര സഭയുടെ കാതലായ ഒരു തത്വം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗും പുടിന്റെ ഭീഷണിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അടുത്തവർഷം 2.3 ബില്യൺ പൗണ്ടിന്റെ സൈനിക സഹായം യുക്രെയിന് നൽകുമെന്ന് ലിസ് ട്രസ്സ് പറഞ്ഞു. ഐക്യരഷ്ട്ര സഭയുടെ സുരരക്ഷാ കൗൺസിലിലെ ഒരു സ്ഥിരാംഗം തന്നെ ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും അവർ ആരോപിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും അധികം ആണവായുധ ശേഖരം ഉള്ള രാജ്യമായിട്ടാണ് റഷ്യയെ കരുതിപ്പോരുന്നത്. 5,977 വാർഹെഡ്‌സ് അവരുടെ കൈവശം ഉണ്ടെന്നാണ് കണക്ക്. 12 ഡിപ്പോകളിലായി സൂക്ഷിച്ചിരിക്കുന്ന ഇവയിൽ 1500 ഓളം എണ്ണം ഏത് സമയത്തും പ്രയോഗിക്കുവാൻ സജ്ജവുമാണ്. യുക്രെയിൻ യുദ്ധത്തിനു മുൻപായി റഷ്യയുടേ ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്കയുടെ നക്ഷത്രയുദ്ധ മിസൈൽ സിസ്റ്റത്തിന് കഴിയുകയില്ല എന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി നിരീക്ഷിച്ചാൽ, യുക്രെയിനിലേക്കോ തൊട്ടടുത്ത മറ്റു രാജ്യങ്ങളിലേക്കോ വിടാവുന്നത്ര ചെറിയ മിസൈലുകൾ മാത്രമാണ് റഷ്യയുടെ കൈവശം ഉള്ളത്. പക്ഷേ ഇവ ഉപയോഗിച്ച് തന്നെ, ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ അതിഭീകരമായ നാശം വിതയ്ക്കാൻ റഷ്യക്ക് കഴിയും.

അടുത്തയിടെയായി സൈനിക ആയുധശേഖരത്തിൽ ചേർന്ന ഭൂണ്ഡാന്തര ബാസിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിരിക്കുന്നത് സൈബീരിയൻ മേഖലയിലാണ്. ഇവയ്ക്ക് ലണ്ടനേയും വാഷിങ്ടണിനേയും ലക്ഷ്യം വച്ച് എത്താനാകും. എന്നാൽ, റഷ്യൻ ആണവായുധങ്ങൾ എത്രത്തോളം ആധുനികമാണ് എന്ന കാര്യത്തിൽ ഏറെ സംശയമുണ്ട്. അമേരിക്കയായാലും റഷ്യ ആയാലും ഒരു പതിറ്റാണ്ടു കാലമായി ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP