Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീരോചിതം വിടവാങ്ങൽ ; പരമ്പര ജയത്തോടെ ക്രിക്കറ്റിനോട് വിടപറഞ്ഞ് ജുലൻ ഗോസ്വാമി; ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയം നേടി ഇന്ത്യൻ ബൗളിങ്ങ് ഇതിഹാസത്തെ യാത്രയാക്കി ഇന്ത്യൻ വനിതകൾ; വിടവാങ്ങൽ മത്സരത്തിൽ ജുലൻ നേടിയത് രണ്ട് വിക്കറ്റുകൾ

വീരോചിതം വിടവാങ്ങൽ ; പരമ്പര ജയത്തോടെ ക്രിക്കറ്റിനോട് വിടപറഞ്ഞ് ജുലൻ ഗോസ്വാമി;  ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയം നേടി ഇന്ത്യൻ ബൗളിങ്ങ് ഇതിഹാസത്തെ യാത്രയാക്കി ഇന്ത്യൻ വനിതകൾ; വിടവാങ്ങൽ മത്സരത്തിൽ ജുലൻ നേടിയത് രണ്ട് വിക്കറ്റുകൾ

സ്പോർട്സ് ഡെസ്ക്

ലോർഡ്‌സ്: ഇന്ത്യൻ ബൗളിങ് ഇതിഹാസം ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ആധിപത്യം നിലനിർത്തി ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ.അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.
ജുലന്റെ 20 വർഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 39കാരിയായ ജുലൻ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു.

2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകൾ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 57 റൺസാണ് ഉയർന്ന സ്‌കോർ. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 44 വിക്കറ്റാണ് സ്വന്തമാക്കിയത്. 25 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് മികച്ച പ്രകടനമാണ്.

2006ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് മികച്ച പ്രകടനമായി അവശേഷിക്കുന്നു. ആറ് മാസങ്ങൾക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഹാമിൽട്ടണിൽ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലാണ് അവസാനമായി ജുലൻ കളിച്ചത്. തിരിച്ചുവരവ് വൈകിപ്പിച്ചത് പരിക്കായിരുന്നു. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേക്കും ജുലനെ പരിഗണിച്ചിരുന്നില്ല.

അവസാന ഏദകിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ 45.4 ഓവറിൽ 169 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 43.3 ഓവറിൽ 153 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു. 16 റൺസിനാണ് ഇന്ത്യയുടെ വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

68 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓപ്പണർ സ്മൃതി മന്ഥാന 50 റൺസ് നേടി. പൂജ വസ്ത്രകാർ 22 റൺസ് നേടി. മറ്റൊരു ഇന്ത്യൻ ബാറ്റർക്കും രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി കേയ്റ്റ് ക്രോസ് 4 വിക്കറ്റ് വീഴ്‌ത്തി.

47 റൺസെടുത്ത ഷാർലറ്റ് ഡീനാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. നായിക എമി ജോൺസ് 28 റൺസും ഓപ്പണർ എമ്മ ലാംബ് 21 റൺസും നേടി. 4 വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കടപുഴക്കിയത്. വിടവാങ്ങൽ മത്സരം കളിച്ച ജുലൻ ഗോസ്വാമി 2 വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്ക്വാദിനും 2 വിക്കറ്റുണ്ട്.

20 വർഷത്തെ ഇതിഹാസ സമാനമായ കരിയറിനാണ് ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി ഇന്നത്തെ മത്സരത്തോടെ പൂർണ്ണ വിരാമമിട്ടത്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളിലും 203 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും ഈ 39 വയസ്സുകാരി കളത്തിലിറങ്ങി. ആകെ 353 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ 253 എണ്ണവും ഏകദിനങ്ങളിൽ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയാണ് ജുലൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP