Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പട്ടിക വർഗ വിഭാഗത്തിൽ പെട്ടയാളുടെ വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കി; വാസയോഗ്യമല്ലാത്ത സ്ഥലം നൽകി പറ്റിച്ചു; റിപ്പോർട്ട് സമർപ്പിക്കാത്ത റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

പട്ടിക വർഗ വിഭാഗത്തിൽ പെട്ടയാളുടെ വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കി; വാസയോഗ്യമല്ലാത്ത സ്ഥലം നൽകി പറ്റിച്ചു; റിപ്പോർട്ട് സമർപ്പിക്കാത്ത റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: പട്ടികവർഗ്ഗത്തിലുൾപ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ കമ്മീഷൻ. കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചില്ല. ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഒരു പൊലീസുകാരൻ പോലും കോരനെ കാണാനെത്തിയില്ല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാരശേരി പൈക്കാടൻ മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്.

വനം, പട്ടികവർഗ്ഗ വകുപ്പുകളിൽ നിന്നും ഇതേ വിഷയത്തിൽ കമ്മീഷൻ മുമ്പ് റിപ്പോർട്ട് വാങ്ങിയിരുന്നു. മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പൊലീസാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഒന്നരമാസമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല.

പാലക്കൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുയർന്നിരിക്കുന്നത്. കാരശേരി പഞ്ചായത്തിലെ പൈക്കാടന്മലയിൽ ഉണ്ടായിരുന്ന 2.16 ഏക്കർ സ്ഥലമാണ് കോരനിൽ നിന്നും ക്വാറിക്കാർ കൈവശപ്പെടുത്തിയത്. കോരന് പകരം നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. കോരന്റെ വീടും സ്ഥലവും തന്ത്രപൂർവ്വം കൈക്കലാക്കിയ കരിങ്കൽ ക്വാറി ഉടമകൾ ഈ ഭൂമിക്ക് പകരമായി മലപ്പുരം ഊർങ്ങാട്ടിരി പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകി കബളിപ്പിക്കുകയായിരുന്നു. കോരന് ക്വാറി ഉടമകൾ നൽകിയെന്ന് പറയുന്ന സ്ഥലം വനഭാഗമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വനാതിർത്തിയോട് ചേർന്ന രണ്ടേകാൽ ഏക്കറോളം ഭൂമിയിൽ വനംവകുപ്പ് ജണ്ടകെട്ടിയതിനാൽ ആ ഭൂമിയിൽ കയറാനാകില്ല. വഴിയും വെള്ളവുമില്ലാത്തതിനാൽ ബാക്കിയുള്ള ഭൂമിയിൽ കൃഷിയിറക്കാനുമാകില്ല. 80 കഴിഞ്ഞ കോരനും മക്കളും അവരുടെ കുടുംബവും കൊച്ചുവീട്ടിലാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP