Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണം; ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി; സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ്

ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണം; ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി; സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ പോപുലർ ഫ്രണ്ട് ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കണ്ടത് ഇതുവരെ കാണാത്ത അക്രമസംഭവങ്ങളാണ്. സാധാരണ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ സ്വീകരിക്കുന്ന മാർഗമല്ല അവർ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. വലിയ നാശനഷ്ടങ്ങളാണ് ഹർത്താലിൽ സംഭവിച്ചിട്ടുള്ളത്. അടുത്ത കാലത്ത് ഉണ്ടാകാത്ത രീതിയിലുള്ള വ്യാപക അക്രമങ്ങളാണ് ഹർത്താലിൽ നടന്നത്. ഇത് തികച്ചും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹർത്താലിൽ ഒരുപാട് നാശനഷ്ടമുണ്ടായി. ബസുകൾക്കു നേരെ ആക്രമണം നടന്നു. മുഖംമൂടി ധരിച്ച് ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയത്.

നിരവധി പേർക്കു പരുക്കേൽക്കുന്ന സ്ഥിതിവന്നു. അടുത്തകാലത്ത് ഉണ്ടാകാത്ത വ്യാപക അക്രമമാണ് നടന്നത്. കേരളത്തിന്റെ പൊതു അന്തരീക്ഷം തകർക്കുന്നതിനുള്ള നീക്കമുണ്ടായി. അക്രമികൾക്കെതിരെ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചെന്നും ഇനിയും കരുത്തുറ്റ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അക്രമം പ്രോത്സാഹിപ്പിക്കാനാകില്ല. കുറ്റവാളികളിൽ ചിലരെ ഇന്നലെ അറസ്റ്റു ചെയ്തു. ഇനിയും ആളുകളെ പിടികൂടാനുണ്ട്. പൊലീസിന്റെ തുടർന്നുള്ള പ്രവർത്തനത്തിലൂടെ അവരെ കണ്ടെത്തും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കും.

ഇത്തരം ശക്തികളെ താൽക്കാലിക ലാഭത്തിന് ഒപ്പം നിർത്തിയവർ എന്താണ് ഇവർ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രത്യേകത എന്ന് ആലോചിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ തീവ്രവാദ മുഖം കൂടി കൈവരിക്കുകയാണ്. വർഗീയ, തീവ്രവാദ ശക്തികൾക്ക് നാടിനെ ഒന്നിപ്പിക്കാനാകില്ല. അതിനെ വാക്കിലും നോക്കിലും അനുകൂലിക്കുന്ന നില ഉണ്ടാകരുത്. തങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ അമർഷവും രോഷവും ഉണ്ടാകും. ആ അമർഷത്തെയും രോഷത്തെയും തെറ്റായ രീതിയിലേക്കു തിരിച്ചു വിടാൻ ചില ശക്തികൾ ശ്രമിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ നേരിടാനാണ് ന്യൂനപക്ഷ വർഗീയതയുടെ ആരംഭം ഉണ്ടായത്.

ഭൂരിപക്ഷ വർഗീയത നടത്തുന്ന ആക്രമങ്ങളിൽനിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം വർഗീയമായി സംഘടിച്ചാൽ കഴിയില്ല. അത് ആത്മഹത്യാപരമായ നീക്കമാണ്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണം. വർഗീയത ഏതായാലും നാടിന് ആപത്താണ്. ജനങ്ങളുടെ ഒരുമയാണ് വർഗീയതയുടെ ഭാഗമായി തകർക്കപ്പെടുന്നത്. എല്ലാ വർഗീയതയെയും ശക്തമായി എതിർത്ത് മതനിരപേക്ഷതയ്ക്കായി നിലനിൽക്കണം.

രാജ്യത്ത് വർഗീയത ഉയർത്തുന്ന ഭീതിജനകമായ അന്തരീക്ഷമുണ്ട്. അതിന്റെ ഭാഗമായി സംഘർഷവും കൂട്ടക്കൊലകളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിലും അത്തരം ആപത്തിൽനിന്ന് തീർത്തും മുക്തമായ സംസ്ഥാനമായി കേരളം നിലകൊള്ളുകയാണ്. ഇവിടെ വർഗീയ ശക്തികൾ ഇല്ലാത്തതു കൊണ്ടല്ല അങ്ങനെയായത്. നല്ല രീതിയിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിനു കഴിയുന്നതിനാലാണ്. വർഗീയതയെ താലോലിക്കാത്ത സമൂഹത്തിന്റെ നിലപാടും ഇതിനു സഹായകരമാണ്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം

ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾ തകർക്കുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങൾ നടന്നിട്ടും പൊലീസിന്റേത് വിസ്മയകരമായ നിസംഗതയായിരുന്നു. ഡി.ജി.പിയുടെ പ്രസ്താവന അല്ലാതെ അക്രമികളിൽ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനുള്ള ഒരു സംവിധാനവും പൊലീസ് ഏർപ്പെടുത്തിയില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത്? ഇന്നലെ തൃശൂരിൽ നടന്ന പാർട്ടി പരിപാടിയിൽ ഒരു മണിക്കൂറോളം പ്രസംഗിച്ചിട്ടും അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറാകാത്തത് അദ്ഭുതകരമാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കും കോൺഗ്രസിനും എതിരെയായിരുന്നു. ഭാരത് ജോഡോ യാത്ര കേരളത്തിൽ 19 ദിവസമുണ്ടെന്നും യു.പിയിലൂടെ നാല് ദിവസം മാത്രമെ പോകുന്നുള്ളൂവെന്ന് പരാതി പറഞ്ഞ പാർട്ടിയുടെ നേതാവായ പിണറായി വിജയൻ സംഘപരിവാറിനെതിരെ പ്രസംഗിക്കാൻ പോയ കർണാടകത്തിലെ ബാഗേപ്പള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നാലാം സ്ഥാനത്ത് പോയ സ്ഥലമാണ്. കോൺഗ്രസ് ജയിച്ച് ആ സ്ഥലത്ത് പോയാണ് പഠ്യപദ്ധതിയിലൂടെ ആർഎസ്എസ് സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് പ്രസംഗിച്ചത്. എന്നാൽ കേരളത്തിലെ കണ്ണൂർ സർവകലാശാലയിൽ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സിൽ പഠിപ്പിക്കുന്നത് ആർഎസ്എസ് സൈദ്ധാന്തിക ആചാര്യന്മാരായ ഗോൾവാൾക്കർ, സവർക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഡോക് എന്നിവരുടെ അഞ്ച് പുസ്തകങ്ങളാണ്. ആർഎസ്എസ് ആചാര്യന്മാരുടെ പുസ്തകങ്ങൾ പഠിപ്പാക്കാൻ കണ്ണൂർ സർവകലാശാലയ്ക്ക് അനുവാദം കൊടുത്ത മുഖ്യമന്ത്രിയാണ് കർണാടകത്തിൽ പോയി പഠ്യപദ്ധതിയിലൂടെ ആർഎസ്എസ് സൈദ്ധാന്തികവത്ക്കരണം നടത്തിയെന്ന ഇരട്ടത്താപ്പ് പ്രസംഗിച്ചത്. ആർഎസ്എസ് പുസ്തകങ്ങൾ പഠിപ്പിക്കാൻ അനുമതി നൽകിയ മുഖ്യമന്ത്രിയാണ് കോൺഗ്രസ് പ്രവർത്തകൻ അബദ്ധത്തിൽ സവർക്കറുടെ പടം വച്ചതിനെയും വിമർശിക്കുന്നത്. എന്ത് ആത്മാർത്ഥതയാണ് മുഖ്യമന്ത്രിക്കുള്ളത്? മുഖ്യമന്ത്രിയുടെ വർഗീയവിരുദ്ധ നിലപാട് കാപട്യം നിറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് മുഖപടങ്ങൾക്ക് പിന്നിൽ മറഞ്ഞിരുന്ന് ആർഎസ്എസ് ആർത്ത് ചിരിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കേസുകളിൽ നിന്നും രക്ഷപ്പെടാൻ സംഘപരിവാറുമായും ബിജെപിയുമായും സിപിഎമ്മും മുഖ്യമന്ത്രിയും ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്.

ആർഎസ്എസ് ഏജന്റിനെ പോലെ പ്രവർത്തിക്കുന്ന ഗവർണറുമായി സന്ധി ചെയ്താണ് കണ്ണൂർ സർവകലാശാലയിൽ ആർഎസ്എസ് സൈദ്ധാന്തികരെ പഠിക്കാൻ അനുവാദം നൽകിയ വി സിക്ക് പുനർനിയമനം നൽകിയത്. എന്നിട്ടാണ് മൈക്കിന് മുന്നിൽ കയറി നിന്ന് വർഗീയവിരുദ്ധ പ്രസംഗം നടത്തുന്നത്. എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം കുടപിടിച്ച് കൊടുക്കുകയാണ്. ന്യൂനപക്ഷ വർഗീയതയെ തടുത്ത് നിർത്തുന്ന പ്രധാനപ്പെട്ട ശക്തിയാണ് മുസ്ലിംലീഗ്. എന്നാൽ വർഗീയ ശക്തികളെക്കാൾ ശക്തിയോടെയാണ് സിപിഎം ലീഗിനെ എതിർക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വർഗീയ ശക്തികളുമായ താൽക്കാലിക ലാഭത്തിന് വേണ്ടി സമരസപ്പെടരുത്. അങ്ങനെ ചെയ്തതുകൊണ്ടാണ് പിണറായി വിജയനെയും സിപിഎമ്മിനെയും യു.ഡി.എഫ് വിമർശിക്കുന്നത്. വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലത്ത നിലപടാണ് കേരളത്തിൽ യു.ഡി.എഫും കോൺഗ്രസും സ്വീകരിച്ചിട്ടുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ടന്ന നിലപാട് സ്വീകരിച്ച ആദ്യ രാഷ്ട്രീയ രാഷ്ട്രീയ മുന്നണിയാണ് യു.ഡി.എഫ്. ഈ നിലപാടിൽ യു.ഡി.എഫ് ഉറച്ച് നിൽക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ വിതയ്ക്കുന്ന ശക്തികൾക്കെതിരെ ഭാരതത്തെ ഒന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്നത്. വർഗീയ ശക്തികളുമായി കോൺഗ്രസ് ഒരിക്കലും സന്ധി ചെയ്യില്ല.

ഭാരത് ജോഡോ യാത്രയിൽ സംഘപരിവാറിനെതിരെ സംസാരിക്കുന്നതിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തിനാണിത്ര ആധി? രാഹുൽ ഗാന്ധി എന്തിനാണ് യാത്ര നടത്തുന്നതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാൽ സിതാറാം യെച്ചൂരി അങ്ങനെയല്ലല്ലോ പറഞ്ഞത്. കോൺഗ്രസിന്റെ ജാഥയുടെ റൂട്ട് തീരുമാനിക്കുന്നത് സിപിഎമ്മല്ല. ഏത് വഴി പോകണമെന്ന് കോൺഗ്രസ് തീരുമാനിക്കും.

1963 ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർ.എസ്.എസിനെ ജവഹർലാൽ നെഹ്‌റു ക്ഷണിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞത് പച്ചക്കള്ളമാണ്. അന്ന് പുറത്തിറങ്ങിയ ആർ.എസ്.എസിന്റെ ഓർഗനൈസർ ഉൾപ്പെടെയുള്ള ഒരു പത്രത്തിലും ഇത് സംബന്ധിച്ച വാർത്തയില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാടുഡേ വിവരാവകാശ നിയമപ്രകാരം ചോദിച്ച നാല് ചോദ്യങ്ങൾക്ക് ഒരു രേഖകളും ലഭ്യമല്ലെന്ന മറുപടിയാണ് മോദി സർക്കാരിലെ പ്രതിരോധ വകുപ്പു നൽകിയത്.

കെ.എസ്.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ചിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജപ്തി നടപടികൾ ശ്രദ്ധയോട് കൂടി നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നിട്ടും ജപ്തിയുടെ പേരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എന്നിട്ടും മന്ത്രി ഉൾപ്പെടെയുള്ളവർ ബാങ്ക് നടപടിയെ ന്യായീകരിക്കുകയാണ്. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാനും അവരെ ബുദ്ധിമൂട്ടിക്കാനും കിടപ്പാടം ജപ്തി ചെയ്യാനും വേണ്ടിയാണോ കേരള ബാങ്ക് രൂപീകരിച്ചത്? സാധാരണക്കാരോടുള്ള സർക്കാരിന്റെ സമീപനമാണിത്. ജപ്ത നടപടികളിൽ ഇനിയെങ്കിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഇനി ഒരു കുടുംബത്തിലും ഇത്തരത്തിലുള്ള ആത്മഹത്യകൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്.

മസാല ബോണ്ട് വിറ്റതിനെ യു.ഡി.എഫ് എതിർത്തിട്ടുണ്ട്. 9.72 ശതമാനം പലിശയ്ക്ക് വാങ്ങിയ പണം ആറ് ശതമാനത്തിന് ന്യൂജനറേഷൻ ബാങ്കിൽ ഇട്ടിരിക്കുകയാണ്. അതിനെയാണ് എതിർത്തത്. കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയമല്ല മസാല ബോണ്ടിലുള്ളത്. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഉയർന്ന നിരക്കിൽ പണം എടുത്തതാണ് പ്രശ്നം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇ.ഡി അന്വേഷണം നിലനിൽക്കുമെന്ന് തോന്നുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP