Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലം ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് നാളെ കോടിയേറും

കോതമംഗലം ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് നാളെ കോടിയേറും

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കോടിയേറും. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മദിനത്തോടനുബന്ധിച്ചാണ് പെരുന്നാൾ ആഘോഷം നടന്നുവരുന്നത്.ഈ വർഷം 337- മത് ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഒക്ടോബർ നാലിനാണ് സമാപിക്കുക.പെരുന്നാൾ ആഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പൊലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പൊലീത്തന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുക. സെപ്റ്റംബർ 14 ന് മെത്രാപൊലീത്തയായി വാഴിക്കപ്പെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക. രണ്ടിന് രാത്രി നഗരം ചുറ്റിനടക്കുന്ന പെരുന്നാൾ പ്രദക്ഷിണത്തിൽ നാടിന്റെ നാടിന്റെ നാനാഭാഗത്തുനിന്നായി എത്തുന്ന വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും.ഈ ദിവസങ്ങളിൽ ബാവായുടെ കബർ കണ്ട് വണങ്ങുന്നതിനായി രാജ്യത്തിനകത്തും പുറത്തും നിന്നുമായി നഗരത്തിലേയ്ക്ക് വിശ്വാസികൾ ഒഴുകിയെത്തും.

പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നഗരം ഉത്സവ ലഹരിയിലാവും.ബഹുവർണ്ണ വൈദ്യുത ദീപ്രഭയിൽ മുങ്ങുന്ന നഗരം മനുഷ്യസാഗരമായി മാറുന്ന കാഴ്ചയാണ് കോവിഡ് മുമ്പ് ഉണ്ടായിരുന്നത്്.29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം പ്രഭചൊരിയുമെന്ന് പള്ളി അധികൃതർ അറയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആഘോഷം നാമമാത്രമായി ചുരുക്കിയിരുന്നു.ഇക്കുറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേയ്ക്ക് തീർത്ഥാടക സംഘങ്ങൾ പ്രയാണം ആരംഭിച്ചിട്ടുണ്ട്.കാൽനടയായും വാഹനങ്ങളിലുമായി എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ പള്ളിക്കമ്മറ്റി ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധ ബാവ വിശുദ്ധ ബലിയർപ്പിക്കപ്പെട്ട പള്ളിവാസൻ അള്ളാ കോവിലിൽ നിന്നും കോതമംഗലം മാർ തോമ ചെറിയ പള്ളിയിലേക്ക് ഇന്ന് ആരംഭിക്കുന്ന പരിശുദ്ധ ബാവായുടെ കബറിന്റെ ഛായാചിത്ര പ്രയാണം ദേവികുളം എംഎ‍ൽഎ എ. രാജ ഫ്ളാഗ് ഓഫ് ചെയ്യും.ഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് പങ്കെടുക്കും.വൈകിട്ട് 5-ന് കോതമംഗലത്ത് എത്തിച്ചേരും വിധമാണ് പ്രയാണം ക്രമീകരിച്ചിട്ടുള്ളത്.

പരിശുദ്ധ ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പതാക പ്രയാണംവും സംഘടിപ്പിച്ചിരുന്നു.തലശ്ശേരി തുറമുഖത്ത് ( മാർ ബസേലിയോസ് നഗർ ) തലശേരി നഗരസഭാ കൗൺസിലർ ജ്യോതിസ് കുമാർ ഫ്ലാഗ് ഓഫ് ചെയ്ത പ്രയാണം ഇന്നലെ വെകിട്ട് പള്ളിയിലെത്തി.തങ്കളത്ത് പള്ളിഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പതാക പ്രയാണത്തിന് സ്വീകരണം നൽകി.

ആന്റണി ജോൺ എംഎൽഎ, മുൻസിപ്പൽ കൗൺസിലർമാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ്, പ്രവാസി അഷറഫ്, തലശ്ശേരി പള്ളി വികാരി ഫാ. ഷിജോ താന്നിയം കട്ടയിൽ, ഫാ. വികാസ് വടക്കൻ, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി മാരായ ഫാ. ജോസ് തചെത്ത് കുടി, ഫാ എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. വികാസ് വടക്കൻ, ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ
എന്നിവർ പങ്കെടുത്തു.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP