Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്ത് ബഹളം കേട്ടിറങ്ങിയ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റിനെ വെട്ടി; അടുത്ത വീട്ടിലെ സ്‌കൂട്ടർ കത്തിച്ചു; മറ്റൊരു വീട്ടിലെ സ്‌കൂട്ടർ മോഷ്ടിച്ച; നാലാമതൊരിടത്ത് മോഷണം തടയാനെത്തിയ വീട്ടുടമയ്ക്ക് നേരെ ആക്രമണം

പുറത്ത് ബഹളം കേട്ടിറങ്ങിയ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റിനെ വെട്ടി; അടുത്ത വീട്ടിലെ സ്‌കൂട്ടർ കത്തിച്ചു; മറ്റൊരു വീട്ടിലെ സ്‌കൂട്ടർ മോഷ്ടിച്ച; നാലാമതൊരിടത്ത് മോഷണം തടയാനെത്തിയ വീട്ടുടമയ്ക്ക് നേരെ ആക്രമണം

ശ്രീലാൽ വാസുദേവൻ

അടൂർ: ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കളുടെയും അക്രമിയുടെയും വിളയാട്ടം. എസ്എൻഡിപി ശാഖാ പ്രസിഡന്റ്ിന് വെട്ടേറ്റു. അയൽ വീട്ടിലെ സ്‌കൂട്ടർ അഗ്‌നിക്കിരയാക്കി. മറ്റൊരിടത്ത് സ്‌കൂട്ടർ മോഷണം പോയി. ഇനി ഒരിടത്ത് മോഷണം തടയാൻ ശ്രമിച്ച വീട്ടുടമയെ മോഷ്ടാവ് ആക്രമിച്ചു.

പഴകുളം കിഴക്ക് പെരിങ്ങനാട് ചാല 2006-ാം നമ്പർ ആർ.ശങ്കർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ചാലായിൽ പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ (62) നാണ് തലയ്ക്ക് വെട്ടേറ്റത്. വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. ഹൈസ്‌കൂൾ ജങ്ഷനിലുള്ള ഹോട്ടലിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മൂന്നിന് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ് രാധാകൃഷ്ണൻ. ശേഷം ശബ്ദം കേട്ട് അടുക്കള വാതിൽ തുറന്നപ്പോഴാണ് രാധാകൃഷ്ണനെ അടിക്കുകയും തലയിൽ പല തവണ വെട്ടുകയും ചെയ്തത്.

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന സഹോദരനും ഭാര്യയും ശബ്ദം കേട്ട് ചെന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. വെട്ടിയ ആൾ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസ കിട്ടാൻ വൈകിയതായി പരാതിയുണ്ട്. പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ആരോഗ്യമന്ത്രി വീണാ ജോർജിനെ ബന്ധപ്പെട്ടാണ് ചികിൽസയ്ക്ക് സൗകര്യം ഒരുക്കിയത്.

വീടിന്റെ കതക് ആയുധമുപയോഗിച്ച് കുത്തിതുറക്കാൻ ശ്രമിച്ചതിന്റെ പാടുള്ളതായി പൊലീസ് പറഞ്ഞു. സമീപകാലത്ത് ക്ഷേത്ര മോഷണത്തിനിടെ പിടിയിലായ സമീപവാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ രാധാകൃഷ്ണന്റെ മകൻ പ്രേമും സമീപത്തുള്ള ശ്രീജാ ഭവനിൽ സന്തോഷും ഒക്കെ ചേർന്നാണ് പിടികൂടി പൊലീസിന് കൈമാറിയത്. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തി കഴിഞ്ഞിരുന്ന ഇയാൾ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി നടത്തിയ മോഷണത്തിനിടെയാണ് പിടിക്കപ്പെട്ടത്. പിടിച്ചു കൊടുത്തവരോട് പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇരുചക്രവാഹനം മോഷ്ടിച്ചാണ് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. ഇന്ധനം തീരുമ്പോൾ വഴിയിലുപേക്ഷിച്ച് അടുത്ത വാഹനം മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സംഭവത്തിൽ നാല് കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്.

ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം നാലു വീടുകൾക്ക് അപ്പുറമുള്ള ശ്രീജാ ഭവനിൽ സന്തോഷിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും അക്രമി തീവച്ച് നശിപ്പിച്ചു. സമീപത്ത് കിടന്ന കാർ കത്തിക്കാനും ശ്രമിച്ചു. അയൽവാസികൾ ഓടി എത്തിയപ്പോഴേക്കും ബൈക്ക് പൂർണ്ണമായി കത്തി നശിച്ചിരുന്നു. പെരിങ്ങനാട് നെല്ലിമുകൾ ലിജു ഭവനിൽ ലിജു ജോർജിന്റെ വീട്ടിൽ മോഷണം നടത്താനും ശ്രമം ഉണ്ടായി. ഇത് തടയാൻ ശ്രമിച്ച ലിജു ജോർജിനെ ഉപദ്രവിച്ച ശേഷം അക്രമി കടന്നു കളയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിൽ തന്നെ നെല്ലിമുകൾ സ്വദേശി സുഭാഷിന്റെ വീട്ടിൽ താമസിച്ചിരുന്ന സതീശന്റെ സ്‌കൂട്ടർ മോഷണം പോയി.

ഈ സ്‌കൂട്ടറിലാകാം അക്രമി രാധാകൃഷ്ണന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. രണ്ടിടത്ത് നിന്ന് അക്രമിയുടേതെന്ന് കരുതുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് എസ്‌ഐ വിപിന്റെ നേത്യത്വത്തിൽ അടൂർ ഡിവൈ.എസ്‌പി ആർ. ബിനു അഞ്ചംഗ സംഘത്തെ നിയോഗിച്ചു. അക്രമി ഹെൽമറ്റില്ലാതെ ബൈക്കിൽ പോയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറകളിൽ ദൃശ്യങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് കരുതുന്നു. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP