Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൈലറ്റിനെ വെട്ടാൻ സകല അടവും പയറ്റാൻ ഗെലോട്ടിന്റെ ചടുല കരുനീക്കങ്ങൾ; പൈലറ്റിനെ ഒഴിവാക്കി മറ്റൊരാൾക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയാൽ രാജസ്ഥാനിൽ പാർട്ടി പിളരും; ഓപ്പറേഷൻ താമരയിൽ മയങ്ങാത്ത നേതാവിനൊപ്പം ഹൈക്കമാൻഡ് നിൽക്കുമ്പോഴും ഗെലോട്ടിന് പാതിമനസ്; പഞ്ചാബ്-മധ്യപ്രദേശ് മോഡൽ ആവർത്തിക്കുമോ?

പൈലറ്റിനെ വെട്ടാൻ സകല അടവും പയറ്റാൻ ഗെലോട്ടിന്റെ ചടുല കരുനീക്കങ്ങൾ; പൈലറ്റിനെ ഒഴിവാക്കി മറ്റൊരാൾക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയാൽ രാജസ്ഥാനിൽ പാർട്ടി പിളരും; ഓപ്പറേഷൻ താമരയിൽ മയങ്ങാത്ത നേതാവിനൊപ്പം ഹൈക്കമാൻഡ് നിൽക്കുമ്പോഴും ഗെലോട്ടിന് പാതിമനസ്; പഞ്ചാബ്-മധ്യപ്രദേശ് മോഡൽ ആവർത്തിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊച്ചിയിൽ, രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് എന്താണ് പറഞ്ഞത്? ഗാന്ധി കുടുംബത്തിലെ ആരും തന്നെ പാർട്ടി അദ്ധ്യക്ഷനാവില്ല. രാഹുൽ തന്നെ അദ്ധ്യക്ഷനായി വരണമെന്ന് പലവട്ടം താൻ അഭ്യർത്ഥിച്ചെങ്കിലും, അദ്ദേഹം വഴങ്ങിയില്ലെന്നും ഗെഹ്ലോട്ട് ഇന്ന് വ്യക്തമാക്കി. ഇതോടെ, അദ്ധ്യക്ഷ പദവിയിലേക്ക് മത്സരം ഉറപ്പായി. ഗെഹ്ലോട്ട് മത്സരിക്കാൻ തയ്യാറെങ്കിലും, താൻ മുന്നോട്ട് വച്ച ഉപാധികൾ ഹൈക്കമാൻഡ് അംഗീകരിക്കാത്തതിൽ ആശങ്കാകുലനാണ്. വേറൊന്നുമല്ല, സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി ആകരുത്. അതുകൊണ്ട് ബദൽ പേരുകൾ നിർദ്ദേശിക്കുന്ന തിരക്കിലാണ് ഗെഹ്ലോട്ട്. സച്ചിൻ വന്നാൽ, തനിക്ക് ഇനി മുഖ്യമന്ത്രി ആകാൻ കഴിയില്ല എന്ന ചിന്ത തന്നെയാണ് അദ്ദേഹത്തെ അലട്ടുന്നത്. 45 വയസ്സുള്ള സച്ചിൻ ഇപ്പോൾ മുഖ്യമന്ത്രിയായാൽ, 2028 ലും അദ്ദേഹത്തിനു മുൻഗണന കിട്ടും. ഇതാണ് സച്ചിന് പാര വയ്ക്കാൻ കാരണം.

തന്റെ വിശ്വസ്തനായ വ്യക്തിക്ക് മുഖ്യമന്ത്രി കസേര നൽകാനാണ് ഗെലോട്ടിന്റെ നീക്കം. പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരുമെന്ന സൂചന നൽകിയ അശോക് ഗെലോട്ട് രംഗത്തുവരമ്പോൾ അതിന് അനുവദിക്കാൻ ആകില്ലെന്നാണ് സച്ചിന്റെ നിലപാട്. അതേസമയം രണ്ട് പദവികൾ ഒരുമിച്ചു വഹിക്കാൻ സാധിക്കില്ലെന്നതാണ് ഹൈക്കമാൻഡ് സൂചിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കായി സച്ചിൻ കേരളത്തിൽ പോയ വേളയിൽ, കഴിഞ്ഞ ദിവസം നിയമസഭാ കക്ഷി യോഗം വിളിച്ച ഗെലോട്ട് പ്രസിഡന്റായാലും താൻ രാജസ്ഥാനെ കൈവിടില്ലെന്നു പറഞ്ഞ് നയം വ്യക്തമാക്കി.

'ഒരാൾക്ക് ഒരു പദവി' ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചതാണെന്നും അതു പാലിക്കാൻ ഗെലോട്ട് ബാധ്യസ്ഥനാണെന്നും സച്ചിൻ പക്ഷം വാദിക്കുന്നു. പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവ തിരഞ്ഞെടുക്കപ്പെട്ട പദവികളാണെന്നും നാമനിർദ്ദേശത്തിലൂടെ ലഭിക്കുന്ന പദവികളാണ് പാർട്ടി നയത്തിന്റെ പരിധിയിൽ വരികയെന്നും ഗെലോട്ട് തിരിച്ചടിക്കുന്നു. ഗെലോട്ടിനും സച്ചിനുമിടയിൽ ഐക്യമുണ്ടാക്കി ഇത്രയും നാൾ മുന്നോട്ടു പോയ ഹൈക്കമാൻഡ് ഇനി സ്വീകരിക്കുന്ന നിലപാട് മറ്റുള്ളവരും ഉറ്റുനോക്കുന്നു.

പ്രസിഡന്റായാൽ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുന്നതിനോടു ഹൈക്കമാൻഡിനു യോജിപ്പില്ല. നാമനിർദ്ദേശ പത്രിക നൽകിയാലുടൻ മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്നാണു സച്ചിൻ പക്ഷത്തിന്റെ ആവശ്യം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, മുഖ്യമന്ത്രി പദം നിലനിർത്താൻ സ്വയം അനുമതി നൽകുന്ന നീക്കം ഗെലോട്ട് നടത്തുമെന്ന് അവർ സംശയിക്കുന്നു. മുഖ്യമന്ത്രിയായി അൽപനാളത്തേക്കെങ്കിലും തുടരാൻ അനുവദിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടാലും അതിനെതിരെ സച്ചിൻ പക്ഷം രംഗത്തുവരും. എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നതാണു ഗെലോട്ടിന്റെ ബലം.

മുഖ്യമന്ത്രി പദം നഷ്ടമായാൽ, അതു സച്ചിനു ലഭിക്കാതിരിക്കാൻ വിശ്വസ്തരായ ശാന്തി ധരിവാൽ, പിസിസി പ്രസിഡന്റ് ഗോവിന്ദ് ദോതസര എന്നിവരുടെ പേരുകൾ ഗെലോട്ട് മുന്നോട്ടു വയ്ക്കും. മുതിർന്ന നേതാവും നിയമസഭാ സ്പീക്കറുമായ സി.പി.ജോഷിയും മുഖ്യമന്ത്രി പദത്തിനായി നീക്കമാരംഭിച്ചിട്ടുണ്ട്. 2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോറ്റ ജോഷിക്ക് മുഖ്യമന്ത്രി പദം തലനാരിഴയ്ക്കു നഷ്ടമായപ്പോൾ ഗെലോട്ട് ആ പദവിയിലെത്തി. 2018 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പിസിസി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ വിജയത്തിലേക്കു നയിച്ച സച്ചിനെ വെട്ടിയും ഗെലോട്ട് മുഖ്യമന്ത്രിയായി. ഗെലോട്ടിന്റെ തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മുൻപ് വീണു പോയ സച്ചിനും ജോഷിയും ഉയിർത്തെഴുന്നേൽപ്പിനുള്ള വഴിയാണ് ഇപ്പോൾ തേടുന്നത്.

രാഹുലും കൈവിട്ടു

അതേസമയം, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കും താനെന്നും ഗഹ്ലോത് ആവർത്തിക്കുന്നു. രാഹുൽ ഗാന്ധിയുമായി സംസാരിച്ചതോടെ ഗെഹ്ലോട്ട് അൽപം അയഞ്ഞിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് ഗെഹ്ലോട്ട് സൂചിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷന്മാർ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ചരിത്രമില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടി അധ്യക്ഷനായി പ്രവർത്തിക്കും. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.

ഒരാൾക്ക് ഒരു പദവി' എന്ന ഉദയ്പുർ പ്രഖ്യാപനം പ്രാവർത്തികമാക്കണം എന്നാണ് ചർച്ചയിൽ രാഹുൽ നിലപാട് സ്വീകരിച്ചത്. ഗെലോട്ട് ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയിലെ വാർത്താസമ്മേളനത്തിലും രാഹുൽ ഗാന്ധി തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന ചിന്തൻ ശിബിർ പ്രഖ്യാപനം എല്ലാവർക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. എന്നാൽ രാഹുൽ ഇക്കാര്യം തുറന്നടിക്കും മുമ്പ് ഗെഹ്ലോട്ട്, ഇരുപദവികളും ഒരുപോലെ വഹിക്കാനാവും എന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ബുധനാഴ്ച കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതിന് ശേഷം താനും ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെന്ന് ഗെഹ്ലോട്ട് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സിപി ജോഷിയുടെ പേര് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ വരുന്നു. 2020 ജൂണിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കം നടന്നപ്പോൾ ഗെലോട്ടിനെ സഹായിച്ചത് സിപി ജോഷിയുടെ സഹായമാണ്. സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും.

പഞ്ചാബ്-മധ്യപ്രദേശ് മോഡൽ ആവർത്തിക്കുമോ?

തങ്ങളുടെ വിശ്വസ്തനെങ്കിലും ഗെഹ്ലോട്ട് മുന്നോട്ടു വച്ച ഉപാധികൾ ഹൈക്കമാൻഡ് തള്ളുന്നതിന് കാരണം അതിലെ അപകട സാധ്യത മുന്നിൽ കണ്ടുതന്നെ. പഞ്ചാബിലെയും മധ്യപ്രദേശിലെയും തമ്മിലടി മൂലം ഭരണം നഷ്ടപ്പെട്ട അനുഭവം ഉണ്ടാകരുതെന്ന് ഹൈക്കമാൻഡിന് നിർബന്ധമുണ്ട്. മുമ്പ് സർക്കാരിനെ താഴെയിറക്കുന്ന രീതിയിൽ കലാപം നയിച്ച സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് നേരത്തേ അനുനയിപ്പിച്ചത് അവസരം വരുമ്പോൾ മുഖ്യമന്ത്രിസ്ഥാനം നൽകുമെന്ന് വാഗ്ദാനം ചെയ്താണ്. പൈലറ്റിനെ ഒഴിവാക്കി മറ്റൊരാൾക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയാൽ അത് രാജസ്ഥാനിൽ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കും. ഗെലോട്ടുമായി പോരടിച്ചപ്പോഴും കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ നിന്നു സച്ചിൻ അകലാതിരുന്നതാണ് അദ്ദേഹത്തെ ഒപ്പം നിർത്താൻ ഹൈക്കമാൻഡിനെ സഹായിച്ചത്.

സർക്കാരിനെ വീഴ്‌ത്താൻ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ വീഴാത്ത സച്ചിൻ, പാർട്ടിയെ ഒന്നിനുപുറകേ ഒന്നായി നേതാക്കൾ കൈവിടുന്നകാലത്ത് വ്യത്യസ്തനായി നിൽക്കുന്നു. കോൺഗ്രസിൽ അവശേഷിക്കുന്ന കരുത്തുറ്റ യുവനേതാക്കളിലൊരാളാണു സച്ചിൻ.

്അതേസമയം, 2018 ൽ അധികാരത്തിലെത്തിയ മധ്യപ്രദേശിൽ പിന്നീട് അട്ടിമറി നീക്കത്തിലൂടെ ബിജെപി അധികാരം പിടിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ കോൺഗ്രസ് സ്തംഭിച്ചുനിന്നു. പഞ്ചാബിലാകട്ടെ, അമരീന്ദറിനെ മാറ്റിയശേഷം മുഖ്യമന്ത്രിയായ ചരൺജിത് സിങ് ഛന്നിയും സിദ്ദുവും തമ്മിൽ പോരുമുറുകിയതോടെ സംസ്ഥാനത്തു കോൺഗ്രസ് അടിതെറ്റി വീണു. വർഷങ്ങൾക്കു മുൻപ് ഡൽഹിയിൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും അജയ് മാക്കനും തമ്മിൽ നടന്ന പോരിനു സമാനമായിരുന്നു ഇത്. രൂക്ഷ വിഭാഗീയത നിലനിൽക്കുന്ന രാജസ്ഥാനിൽ കൈവിട്ട കളിക്ക് ഏന്തായാലും ഇല്ല എന്നാണ് സോണിയയുടെയും രാഹുലിന്റെയും മനസ്സിലിരുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP