Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻ ഐ എ അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തവർ അഴിയെണ്ണേണ്ടി വരും; ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകിയേ ഹർത്താൽ പാടുള്ളൂവെന്ന് നിഷ്‌ക്കർഷിച്ചത് ഹൈക്കോടതി; പോപ്പുലർ ഫ്രണ്ട് വീണ്ടും പുലിവാല് പിടിക്കുമ്പോൾ

എൻ ഐ എ അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തവർ അഴിയെണ്ണേണ്ടി വരും; ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകിയേ ഹർത്താൽ പാടുള്ളൂവെന്ന് നിഷ്‌ക്കർഷിച്ചത് ഹൈക്കോടതി; പോപ്പുലർ ഫ്രണ്ട്  വീണ്ടും പുലിവാല് പിടിക്കുമ്പോൾ

സായ് കിരൺ

കൊച്ചി: എൻ.ഐ.എ നേതാക്കളെ അറസ്റ്റ് ചെയ്തതിലും ഓഫീസുകൾ റെയ്ഡ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ കോടതി കയറേണ്ടിവരും. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴ് ദിവസം മുമ്പ് ഇക്കാര്യം വ്യക്തമാക്കി പൊതു നോട്ടീസ് നൽകിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക മേഖലയും തകർക്കുകയാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്. ഈ ഉത്തരവ് നേരത്തേ നൽകിയിരുന്നത്. ഇതുപ്രകാരം നാളെ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ നിയമക്കുരുക്കിൽ പെടുമെന്ന് ഉറപ്പാണ്.

പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുൻതൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഏഴ് നാൾ മുമ്പ് നോട്ടീസ് നൽകിയാൽ ഹർത്താലിന്റെ നിയമ സാധുത ചോദ്യം ചെയ്യാൻ ഇതിനെ എതിർക്കുന്നവർക്ക് സമയം ലഭിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും കൂടുതൽ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവിട്ടത്.

ഹർത്താൽ ദിനത്തിൽ സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ ജനങ്ങൾ വീടിനുള്ളിൽത്തന്നെ കഴിയേണ്ടി വരുന്നു. 1997 ൽ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഹർത്താലുകൾക്കും ബാധകമാണ്. പ്രളയം കാരണം കേരളത്തിന്റെ സാമ്പത്തിക നില തകർന്നു. കേരളത്തിലെ ഹർത്താൽ അതിക്രമങ്ങളെക്കുറിച്ച് വിദേശ ടൂറിസ്റ്റുകൾക്ക് അവരവരുടെ രാജ്യങ്ങൾ തന്നെ മുന്നറിയിപ്പ് നൽകിയെന്ന വസ്തുത കോടതിക്ക് അവഗണിക്കാനാവില്ല. ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഹർത്താലുകളും സമരങ്ങളും അംഗീകരിക്കാനാവില്ല. ഇപ്പോൾ തന്നെ ഗുരുതരമായ സ്ഥിതിയാണ്. സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള മൗലികാവകാശം നിമിത്തം പൊതുജനത്തിന്റെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഹർത്താലിനോട് അനുകൂലിക്കാത്തവരുടെ സുരക്ഷയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ മുൻകൈയെടുക്കണം. തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി നിയമനിർമ്മാണം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായി ഹർത്താൽ നടത്തുന്നവരുടെ പ്രവൃത്തികൾ പൊലീസ് നിരീക്ഷിച്ച് സംഭവങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും മറ്റും റിപ്പോർട്ട് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർത്താലനുകൂലികളിൽ നിന്ന് സർക്കാരിനും പൗരന്മാർക്കും നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാൻ പൊലീസ് നടപടിയെടുക്കണം. പൊതു അവശ്യ സർവീസുകൾക്ക് പൊലീസ് മതിയായ സംരക്ഷണം നൽകണം. ഇന്നലത്തെ ഹർത്താൽ നിമിത്തം പല പരീക്ഷകളും മാറ്റിവെക്കേണ്ടി വന്നത് വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചു. പൊതു ഗതാഗത സംവിധാനവും താറുമാറായി. ഇത്തരം ഹർത്താൽ ആഹ്വാനങ്ങൾക്ക് വഴങ്ങുന്നത് അനധികൃത ഹർത്താലുകൾക്ക് പിന്തുണ നൽകലാണ്. ഹർത്താൽ ആഹ്വാനം ചെയ്തുവെന്നത് ഇത്തരം പ്രവൃത്തികൾക്കുള്ള ന്യായീകരണമല്ല. ബസ് ഓപ്പറേറ്റർമാർ സർവീസ് നടത്താത്തതും വിദ്യാഭ്യാസ അധികൃതർ പരീക്ഷ നടത്താത്തതും തെറ്റായ നടപടിയായി കണക്കാക്കേണ്ടി വരും. ഇതിനവർ ചട്ടപ്രകാരം നടപടി നേരിടേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴ് ദിവസം മുമ്പ് പബ്‌ളിക് നോട്ടീസ് നൽകണമെന്ന് പറയുന്നത് എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാൻ വേണ്ടിയാണ്. ജനതാത്പര്യം സംരക്ഷിക്കുന്നതിനായി മുൻകൂർ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും സമയം ലഭിക്കും. ഈ നിർദ്ദേശങ്ങൾ ലംഘിച്ചുള്ള ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ജനുവരി ഏഴിലെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവർക്ക് നഷ്ടപരിഹാര ബാദ്ധ്യതയുമുണ്ട് - ഹൈക്കോടതി വ്യക്തമാക്കി. മുൻകൂർ നോട്ടീസ് നൽകാത്ത ഹർത്താൽ നിയമ വിരുദ്ധമാണെന്നും ഇത്തരം മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ കോടതിയുത്തരവിന് വിരുദ്ധമാണെന്നും ജനങ്ങളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP