Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം നൂറിലധികം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിലെന്ന് എൻഐഎ; റെയ്ഡ് നടക്കുന്നത് ഡൽഹിയിലിലും കേരളത്തിലും നടക്കുന്ന വിവിധ കേസുകളിൽ; തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു; ഭരണകൂട ഭീകരതയെന്ന് പ്രതികരിച്ചു പോപ്പുലർ ഫ്രണ്ട്; പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധം

ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം നൂറിലധികം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിലെന്ന് എൻഐഎ; റെയ്ഡ് നടക്കുന്നത് ഡൽഹിയിലിലും കേരളത്തിലും നടക്കുന്ന വിവിധ കേസുകളിൽ; തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു; ഭരണകൂട ഭീകരതയെന്ന് പ്രതികരിച്ചു പോപ്പുലർ ഫ്രണ്ട്; പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലർച്ചെ നാല് മണിക്ക് തുടങ്ങിയ റെയ്ഡ് പുരോഗമിക്കുകയാണ്. ഡൽഹിയിലിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്. സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേർ കസ്റ്റഡിയിലുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. കേന്ദ്ര സേനയുടെ കാവലിലാണ് ഓഫീസുകളിൽ പരിശോധന നടക്കുന്നത്.

പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരത്തെയും തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുനന്തപുരം, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്ത് നിന്നും നാല് മൊബൈൽ ഫോണുകളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.

റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാൻ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. കോട്ടയത്ത് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. ആറ് നേതാക്കളെ ഇവിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക റെയ്ഡെന്നാണ് വിവരം. സിആർ.പി.എഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽതന്നെ സിആർപിഎഫ് സംഘം കൊച്ചിയിൽ എത്തിയിരുന്നു. സംസ്ഥാന പൊലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എൻഐഎ ഓഫീസിനും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 17ന് കോഴിക്കോട്ട് വൻ റാലി നടത്തിയിരുന്നു. റാലിയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഈ പ്രസംഗത്തിനെതിരെ സമസ്തയും രംഗത്തുവന്നിപുന്നു. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തി.

ഇസ്ളാംമത വിശ്വാസികൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമെല്ലാമായിരുന്നു ഹദീസിനെ ഉദ്ദരിച്ചുകൊണ്ട് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ നേതാവ് കൂടിയായ അഫ്സൽ ഖാസിമിയുടെ പ്രസംഗം. എന്നാൽ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ളാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന വിമർശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി.

അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും ക്ഷമയിലും കീഴ്പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിന്റേതെന്നായിരുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ വിമർശനം. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലർ ഫ്രണ്ടിന് പ്രവാചകന്റെ ചരിത്രം മുഴുവൻ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവർക്ക് വേണ്ട്.തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താർ പന്തല്ലൂർ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘടന വളര്ത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റദ്ധാരണ പരത്തുകയാണെന്ന് കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP