Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

''അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി''; വന്നണയുന്നു ബാപ്പുജി; ഉണ്ണി അമ്മയമ്പലത്തിന്റെ 'വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു' എന്ന കവിതക്കൂട്ട് സത്കർമ്മമാകുമ്പോൾ

''അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി''; വന്നണയുന്നു ബാപ്പുജി; ഉണ്ണി അമ്മയമ്പലത്തിന്റെ 'വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു' എന്ന കവിതക്കൂട്ട് സത്കർമ്മമാകുമ്പോൾ

ഡോ എംടി ശശി

രു ഗാന്ധിയേയുള്ളൂ. ലോകത്തിനു മുമ്പിൽ ഭാരത്തിന്റെ ഏറ്റവും വലിയ സംഭാവന ഈ വീരപുത്രനാണ്. ഒരൊറ്റ രാജ്യം എന്ന ചിന്തയിലേക്ക് നാനാത്വങ്ങളെ ഏകോപിപ്പിച്ച ഗാന്ധിജി തന്റെ ജീവിതത്തെ മൂല്യവത്തായ സന്ദേശമാക്കി പരിവർത്തിച്ചയാളാണ്. ലോകത്തിന്റെ തന്നെ നേതാക്കളിലൊരാളായി ഗാന്ധിജിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുക എന്ന സത്കർമ്മമാണ് ഉണ്ണി അമ്മയമ്പലത്തിന്റെ 'വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു' എന്ന കവിതക്കൂട്ട്. ബാലസാഹിത്യരംഗത്ത് സജീവ മുദ്ര പതിപ്പിച്ചിട്ടുള്ള ഉണ്ണിയുടെ ഈ പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലേക്ക് കുട്ടികൾക്ക് എളുപ്പത്തിൽ കടന്നുചെല്ലാവുന്ന ജിജ്ഞാസാനിർഭരമായ ഒരു കവാടമാണ്.

''അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി'' എന്ന് പറഞ്ഞത് ഡോ. എസ് രാധാകൃഷ്ണനാണ്. സത്യത്തിന്റെയും അഹിംസയുടെയും പ്രതിരൂപമായി ചരിത്ര പുസ്തകത്തിൽ അവരോധിക്കപ്പെട്ട, ഓരോ ഇന്ത്യക്കാരന്റെയും ചങ്കിൽ പടർന്നുകയറിയ വികാരമാണ് ഗാന്ധിജിയെങ്കിൽ അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മതാന്ധതയ്ക്കും വർഗീയ നിലപാടുകൾക്കുമെല്ലാം ഭരണത്തിൽ മേൽക്കൈ ലഭിച്ച ആസുരമായ വർത്തമാന കാലത്തിൽ, ഗാന്ധിജിയുടെ ആത്മകഥയെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും അധികരിച്ചുകൊണ്ട് രചിച്ച 'ബാപ്പുജി' യിലെ കവിതകൾ മതമൈത്രിയുടെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആർദ്രമായ തലങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.

സിനിമയും നോവലും കഥയുമൊക്കെയായി ഗാന്ധിയുടെ ജീവിതം പല തരത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കവിതാരൂപത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി അവതരിപ്പിക്കപ്പെടുന്നത് മലയാളത്തിലെ ആദ്യാനുഭവമാണ്. 'ഈ ബാപ്പുവിനെ അറിയുമോ' എന്ന തലക്കെട്ടിൽ കുട്ടികൾക്ക് ഗാന്ധിജിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കവിതാസമാഹാരം ആരംഭിക്കുന്നത്. വിശ്വത്തിന് സൗഹൃദത്തിന്റെ വിത്തുകൾ നൽകി, കൂരിരുൾ ഹൃദയങ്ങളിൽ ചാരുപ്രകാശമായി സത്യത്തിന്റെ മാർഗ്ഗം ഉലകിനു നൽകിയ ഗാന്ധിജിയിലെ മനുഷ്യസ്നേഹിയെയാണ് ഈ ആമുഖക്കവിത പരിചയപ്പെടുത്തുന്നത്.

ഗാന്ധിജിയുടെ ജനനം, മാതാപിതാക്കൾ, വിദ്യാഭ്യാസം, സത്യത്തിലേക്കും അഹിംസയിലേക്കുള്ള വളർച്ച, ഇംഗ്ലണ്ടിലേക്കുള്ള യാത്ര, അമ്മയുടെ മരണം, ദക്ഷിണാഫ്രിക്കൻ ജീവിതം, ഭാര്യയായ കസ്തൂർബയുടെ ആദർശശുദ്ധി എന്നീക്കാര്യങ്ങളെ ലളിതമധുരമായി ആവിഷ്‌കരിച്ച കാവ്യങ്ങൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണാധ്യായങ്ങളെയും തീക്ഷ്ണത കുറയാതെ തന്നെ കാവ്യരൂപങ്ങളാക്കുന്നുണ്ട്. ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ക്വിറ്റിന്ത്യാ സമരം, ഇന്ത്യാവിഭജനം എന്നീ ചോരപൊടിയുന്ന സമരചരിത്രങ്ങൾ കുട്ടികൾക്കാവേശം നിറയ്ക്കും. ദേശസ്നേഹ പ്രചോദിതമായ മനസ്സുകളെ സൃഷ്ടിക്കും.

ഗാന്ധിജിയുടെ സ്വന്തം സമരരൂപങ്ങളായ സത്യാഗ്രഹം, ഹർത്താൽ, നിസ്സഹകകരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ഉപവാസം എന്നീക്കാര്യങ്ങളെ വിശദമായിത്തന്നെ കവിതകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഗാന്ധിജി ഒരവതാരപുരുഷന്റെ പൊരുൾ നേടിയ വ്യക്തിത്വമായി മാറിയതെങ്ങിനെയെന്ന് ഈ സംഭവങ്ങളെയടിസ്ഥാനമാക്കി കുട്ടികൾക്ക് മുന്നിൽ തെളിയിക്കാൻ ഉണ്ണിക്ക് കഴിയുന്നുണ്ട്.

അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായി കേരളത്തിൽ നടന്ന വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ ഗാന്ധിജിയുടെ ഇടപെടൽ വ്യക്തമാക്കുന്ന രണ്ടു കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഇന്ത്യയെ ഒറ്റ യൂണിറ്റായി കണ്ട, നെറികേടുകളെ ഏത് ദേശത്തായാലും എതിർത്തു തോൽപ്പിക്കുന്ന, അധികാരിവർഗ്ഗത്തിന്റെ ധാർഷ്ഠ്യത്തിനെതിരെ പോരാടുന്ന ഗാന്ധിജിയെ ഈ കവിതകൾ കാട്ടിത്തരുന്നുണ്ട്. വട്ടമേശ സമ്മേളനത്തിനായി ഇംഗ്ലണ്ടിൽ പോകുന്ന ഗാന്ധിജി, സമാധാനത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. ഗാന്ധിജിയുടെ ജയിൽവാസം, കസ്തൂർബയുടെ മരണം എന്നിങ്ങനെയുള്ള കാര്യങ്ങളും കവിതയ്ക്കു വിഷയമാകുന്നു. 'സ്നേഹത്തിന്റെ നാമ്പുകൾ' എന്ന കവിത മതാതീതമായ സ്നേഹത്തെ കാത്തുസൂക്ഷിക്കണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

കൈത്തോക്കിലൊളിപ്പിച്ച വർഗ്ഗീയ വിഷം ഗാന്ധിജിയുടെ മാറുപിളരുന്ന അവസാന രംഗം വികാരനിർഭരമായി അവതരിപ്പിക്കപ്പെടുന്നു.

'ഗാന്ധി സന്ദേശത്തിന്റെ ഹൃദയം പിളർന്നുപോയ്
സോദരസ്നേഹക്കെടാവിളക്ക് പൊലിഞ്ഞുപോയ്'
എന്നാണ് കവി ആ അനുഭവത്തെ വരച്ചിടുന്നത്.

ഇക്കഥ പഴയൊരു കഥയല്ല കൂട്ടരെ, ഗാന്ധിജിയുടെ ജീവിതപാഠം ഹൃദയത്തിൽ തെളിമ പരത്തുന്ന വിത്തായി സൂക്ഷിക്കുക' എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തിയാണ് 'ബാപ്പുജി' അവസാനിക്കുന്നത്.

ഗാന്ധിപ്രതിമകൾക്കു മാത്രം പ്രാധാന്യമേറുകയും ഗാന്ധിചിന്തകളെ മായ്ച്ചുകളയുകയും ചെയ്യുന്ന നടപ്പുകാലത്ത് ത്യാഗജീവിതത്തിന്റെ മോഹനസുഗന്ധമായി ബാപ്പു കുട്ടികളുടെ മനസ്സിൽ വന്നണയേണ്ടതുണ്ട്. ജീവിതവഴിയിൽ വിളക്കുമരമായി നിന്ന് തെളിമയുള്ള വെളിച്ചം പകരാൻ ഈ പുസ്തകം അവർക്കുപകാരപ്പെടാതിരിക്കില്ല.

ഈ പുസ്തകം മൂന്നാം പതിപ്പിൽ എത്തിയിരിക്കുന്നു.പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോട് ആണ് പ്രസാധകൻ. പൂർണയുടെ എല്ലാ ബുക്ക് സ്‌റാളിലും, പുസ്തകം ലഭിക്കും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 3 പുരസ്‌കാരങ്ങൾ ഉൾപ്പെടെ 15 ഓളം പുരസ്‌കാരങ്ങൾ ലഭിച്ച എഴുത്തുകാരനാണ് ഗ്രന്ഥകാരൻ. അദ്ദേഹത്തിന്റെ 45-ാംമത്തെ ബാലസാഹിത്യ കൃതിയാണ് വരൂ കുട്ടികളെ ബാപ്പുജി വിളിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP