Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ച യുവതിയുടെ വീട്ടിൽ ഖമേനിയുടെ പ്രതിനിധി എത്തിയിട്ടും പ്രതിഷേധത്തിന് കുറവില്ല; മതകാര്യ പൊലീസിനെ പിരിച്ചു വിടണമെന്ന് വിദ്യാർത്ഥികൾ അടക്കമുള്ള പ്രക്ഷോഭകാരികൾ; ഹിജാബിൽ ഉയരുന്നത് അതിശക്തമായ വികാരം; ഇറാനിലെ മുദ്രാവാക്യം വിളികൾ കേട്ട് ഞെട്ടി ലോകം

മരിച്ച യുവതിയുടെ വീട്ടിൽ ഖമേനിയുടെ പ്രതിനിധി എത്തിയിട്ടും പ്രതിഷേധത്തിന് കുറവില്ല; മതകാര്യ പൊലീസിനെ പിരിച്ചു വിടണമെന്ന് വിദ്യാർത്ഥികൾ അടക്കമുള്ള പ്രക്ഷോഭകാരികൾ; ഹിജാബിൽ ഉയരുന്നത് അതിശക്തമായ വികാരം; ഇറാനിലെ മുദ്രാവാക്യം വിളികൾ കേട്ട് ഞെട്ടി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ കുർദ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്കു പരുക്കേറ്റു. ഒട്ടേറെപ്പേർ അറസ്റ്റിലായി. സമാനതകളില്ലാത്ത സംഭവങ്ങളാണ് ഇറാനിൽ ഇപ്പോൾ നടക്കുന്നത്. ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതേസമയം, രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മരിച്ച യുവതിയുടെ വീട് സന്ദർശിച്ചു. ഇത് പ്രതിഷേധം തണുപ്പിക്കാനായിരുന്നു. ഇതും ഫലം കണ്ടില്ല.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) 3 ദിവസത്തിനുശേഷം ടെഹ്‌റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്‌സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുർദ് മേഖലയിലെ 7 പ്രവിശ്യകളിൽ പ്രതിഷേധം മൂന്നാം ദിവസത്തിലേക്കു കടന്നു. ചില നഗരങ്ങളിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ പരമ്പരാഗത വസ്ത്രധാരണരീതി ലംഘിച്ചതിന് മതകാര്യ പൊലീസ് അമിനിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനികൾ തലസ്ഥാനമായ തെഹ്റാൻ തെരുവിലിറങ്ങി. ഇറാനിയൻ സ്ത്രീകൾക്ക് നിർബന്ധമായ ഹിജാബ് എന്ന ശിരോവസ്ത്രംകൊണ്ട് മുടിമറക്കാത്തതിനായിരുന്നു അറസ്റ്റ്. മരണം അന്വേഷിക്കണമെന്നും അമിനിയെ കസ്റ്റഡിയിലെടുത്ത മതകാര്യ പൊലീസിനെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് വെിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയതായി ഫാർസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മാഷദ് പട്ടണത്തിലും പ്രതിഷേധം അരങ്ങേറി. നിരവധി ഇറാനിയൻ വനിതകൾ ശിരോവസ്ത്രം അണിയാതെ പ്രതിഷേധിച്ചു.

ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ്, മോശമായി പെരുമാറിയെന്ന ആരോപണം തള്ളി. എന്നാൽ, അമിനിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. കുർദിഷ് വംശജയായ അമിനിയെ ശനിയാഴ്ച പടിഞ്ഞാറൻ ഇറാനിലെ സ്വന്തം നഗരമായ സാക്കസിൽ ഖബറടക്കി. ഖബറടക്കത്തിന് ശേഷമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ തിങ്കളാഴ്ച ന്യൂയോർക്കിലേക്ക് പോയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അന്വേഷണത്തിന് ഉത്തരവിട്ടു. ജുഡീഷ്യറിയും പാർലമെന്ററി സമിതിയും അന്വേഷണം തുടങ്ങി.

മരിച്ച മഹ്‌സ അമിനി താമസിച്ചിരുന്ന കുർദിസ്ഥാനിൽ പ്രതിഷേധവുമായി എത്തിയവർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അഞ്ചൂറോളം പേരാണ് ഞായറാഴ്ച ഈ പ്രദേശത്ത് പ്രതിഷേധവുമായി ഒത്തുകൂടിയത്. ചിലർ കാറിന്റെ ചില്ലുകൾ തകർക്കുകയും മോട്ടോർബൈക്കുകൾ കത്തിക്കുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി, മഹ്സയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ മഹ്സ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ 'സദാചാര പൊലീസ്' ആയ 'ഗഷ്തെ ഇർഷാദ്(ഗൈഡൻസ് പട്രോൾ) ആണ് മഹ്സയെ കസ്റ്റഡിയിൽ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡൻസ് പട്രോളിന്റെ ചുമതല.

മഹ്‌സയെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ടെഹ്‌റാൻ പൊലീസ് മേധാവി ജനറൽ ഹുസൈൻ റഹ്‌മി അറിയിച്ചു. മഹ്‌സയുടെ മരണത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ടെഹ്‌റാനിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തുകയാണ്. ചലച്ചിത്ര, കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മഹ്‌സയുടെ മരണത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP