Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശ്രീനാരായണ ഗുരുവിന്റെ 95-ാം മഹാസമാധി ദിനാചരണം ഇന്ന്; നവോത്ഥാന നായകന്റെ സമാധി ദിവസം വിശേഷാൽ പൂജകളോടെ ആചരിക്കാൻ ശിവഗിരി മഠം: ഗുരുസ്മൃതയിൽ കേരളം

ശ്രീനാരായണ ഗുരുവിന്റെ 95-ാം മഹാസമാധി ദിനാചരണം ഇന്ന്; നവോത്ഥാന നായകന്റെ സമാധി ദിവസം വിശേഷാൽ പൂജകളോടെ ആചരിക്കാൻ ശിവഗിരി മഠം: ഗുരുസ്മൃതയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധിദിനം ഇന്ന്. ഗുരുസ്മൃതിയിൽ ഭക്തി നിർഭരമായി കൊണ്ടാടാൻ ഒരുങ്ങുകയാണ് കേരളം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു മനുഷ്യനെ ഉദ്‌ബോധിപ്പിച്ച മഹാനാണ് അദ്ദേഹം. നവോത്ഥാന നായകന്റെ സമാധി ദിിവസം ശിവഗിരിയിൽ വിശേഷാൽ പൂജകൾ നടക്കും.

ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർത്ഥന, അന്നദാനം തുടങ്ങിയ പരിപാടികളോടെയാണ് ദിനാചരണം. പുലർച്ചെ അഞ്ചിന് വിശേഷാൽ പൂജ, ഹവനം എന്നിവയുണ്ടാകും. ഏഴിന് ബി.സീരപാണിയുടെ പ്രഭാഷണം. 10-ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.

ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതിയും നടത്തും. സ്വാമി ഋതംഭരാനന്ദ, വി.ജോയി എംഎ‍ൽഎ., നഗരസഭാ ചെയർമാൻ കെ.എം.ലാജി, ഡോ. സി.കെ.രവി, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സ്വാമി സച്ചിദാനന്ദ സമാധി വർണന നടത്തും. കെ.പി.കയ്യാലയ്ക്കൽ സ്മാരക ഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്യും. 2.30-ന് ശാരദാമഠത്തിൽനിന്നും കലശം എഴുന്നള്ളത്ത് വൈദികമഠം, ബോധാനന്ദസ്വാമി സമാധിമണ്ഡപം വഴി മഹാസമാധിയിലെത്തും.

തുടർന്ന് മഹാസമാധി സമയമായ 3.30-വരെ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സന്ന്യാസിവര്യന്മാരുടെ കാർമികത്വത്തിൽ മഹാസമാധിയിൽ കലശപൂജാഭിഷേകം, മഹാസമാധിപൂജ എന്നിവ നടക്കും. തുടർന്ന് ആരതി, സമൂഹപ്രാർത്ഥന.

എസ്.എൻ.ഡി.പി. ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിൽ പ്രാർത്ഥനാപൂർണമായ പരിപാടികളോടെ നാടെങ്ങും സമാധിദിനാചരണം നടത്തും. ഗുരുദേവകൃതികളുടെ പാരായണം, അന്നദാനം, പായസവിതരണം, കഞ്ഞിസദ്യ എന്നിവയുമുണ്ടാകും.

കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവർത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ ചരിത്രമാണ്. വിദ്യാഭ്യാസം പോലും അധസ്ഥിതർക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവിൽനിന്ന് പിൽക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന വ്യക്തിയായി ഗുരു വളർന്നത് സഹജീവികളോടുള്ള സ്നേഹവും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ കാണിച്ച മനസുമായിരുന്നു.

പൊതുസമൂഹത്തിൽ നിന്ന് അയിത്തം പ്രഖ്യാപിച്ചിരുന്ന അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നൽകി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ മഹാത്മാവാണ് ഗുരുദേവൻ. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ തന്നെ മാറ്റി മറിച്ചു.

സമൂഹത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ട് വരാനായി അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വർഷത്തെ ജീവിതത്തിൽ 42 വർഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവൻ. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സവർണ മേൽക്കോയ്മ അരങ്ങ് വാണിരുന്ന ഒരു സമൂഹത്തെ മാറ്റിമറിക്കാൻ ഗുരു സധൈര്യം രംഗത്തിറങ്ങി. ജന മനസുകളിൽ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു. ഇപ്പോഴും ലോകമെമ്പാടുമുള്ളവരുടെ ആരാധനാ പാത്രമാണ് ഗുരു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP