Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാന്' തൽക്കാലം കാക്കിയൂരാം..! കൊല്ലത്ത് അഭിഭാഷകനെ മർദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സിഐയെ സസ്പെൻഡ് ചെയ്യും; നടപടി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി; സി ഐ ഗോപകുമാറിനെ സർക്കാർ കൈവിടുന്നത് കോടതി ബഹിഷ്‌കരണം അഭിഭാഷകർ ശക്തമാക്കിയതോടെ

കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാന്' തൽക്കാലം കാക്കിയൂരാം..! കൊല്ലത്ത് അഭിഭാഷകനെ മർദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സിഐയെ സസ്പെൻഡ് ചെയ്യും; നടപടി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി; സി ഐ ഗോപകുമാറിനെ സർക്കാർ കൈവിടുന്നത് കോടതി ബഹിഷ്‌കരണം അഭിഭാഷകർ ശക്തമാക്കിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാൻ' എന്ന് നാട്ടുകാരും പൊലീസുകാരും വിളിക്കുന്ന സിഐ ഗോപകുമാറിനെതിരെ നടപടി വരുന്നു. കൊല്ലത്ത് പ്രമുഖ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ മർദ്ദച്ച സംഭവത്തിലാണ് സിഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം. ഇത് സംബന്ധിച്ച് പൊലീസ് വകുപ്പിൽ ധാരണയായി. മൺറോൺതുരുത്ത് സ്വദേശിയായ അഡ്വ. പനമ്പിൽ എസ് ജയകുമാറിനാണ് മർദ്ദനമേറ്റത്. ഈ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ പരാതിയിൽ ഡി.ഐ.ജി. നിശാന്തിനി ഐപിഎസിന് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെയാണ് നടപടി വരിക.

അതേസമയം എറണാകുളത്ത് ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിദ്യത്തിൽ നടന്ന ചർച്ചയുടെ തുടർച്ചയായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ നിയമവകുപ്പ് മന്ത്രി ശ്രീ പി രാജീവിന്റെ ചേംബറിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നു. ഈ ചർച്ചയിൽ കുറ്റക്കാരായി അഭിഭാഷകർ ആരോപിക്കുന്ന കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥന്മാരെയും സസ്‌പെൻഡ് ചെയ്യുന്നതാണെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതിനെ തുടർന്ന് അഭിഭാഷകർ നടത്തി വരുന്ന കോടതി ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമര പരിപാടികൾ പിൻവലിക്കാൻ തീരുമാനിച്ചു.

ഇന്ന് നടന്ന ചർച്ചയിൽ ബാർ കൗൺസിൽ മെമ്പർമാരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ .പി ജയചന്ദ്രൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ഇ. ഷാനവാസ് ഖാൻ, അഡ്വ. പി.സജീവ് ബാബു, അഡ്വ. പി.സന്തോഷ് കുമാർ, അഡ്വ. നാഗരാജ് നാരായണൻ, അഡ്വ. എസ് കെ പ്രമോദ്, അഡ്വ. ബി. എസ് ഷാജി എന്നിവരും കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, ബോർഡ് മെമ്പർമാരായ അഡ്വ. മരുത്തരി നവാസ്, അഡ്വ. യെദു കൃഷ്ണൻ എന്നിവരും മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുത്തു.

സെപ്റ്റംബർ അഞ്ചിനായിരുന്നു പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവം. മദ്യപിച്ചു വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലോക്കപ്പിലിട്ട അഭിഭാഷകനെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടക്കം ക്രൂര മർദ്ദനം ഏറ്റ് ഗുരുതരമായി പരുക്കേറ്റ ജയകുമാർ കൊല്ലത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് അഡ്വ. ജയകുമാർ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസിൽ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മർദ്ദിച്ചെന്നായിരുന്നു ആരോപണം. മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാഴ്‌ച്ചയോളമായി കോടതിബഹിഷ്‌കരണ സമരത്തിലായിരുന്നു അഭിഭാഷകർ. ഈ സമരം ശക്തമാക്കിയതോടെയാണ് സസ്പെൻഷൻ നടപടികളിലേക്ക് അഭിഭാഷകർ നീങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരം, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, പരവൂർ കോടതികളിൽനിന്നുള്ള അഭിഭാഷകരും കൊല്ലത്തെത്തി സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് വൻ പ്രകടനം നടത്തിയിരുന്നു.

സിവിൽ സ്റ്റേഷൻ ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അഭിഭാഷകർ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. കൊല്ലം അഭിഭാഷക ക്ളാർക്ക് അസോസിയേഷനും ഐക്യദാർഢ്യംപ്രഖ്യാപിച്ച് പ്രകടനം നടത്തി. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ 12 മുതൽ കോടതിബഹിഷ്‌കരണ സമരം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒത്തുതീർപ്പുചർച്ച നടന്നിരുന്നു. മുൻപും പലതവണ കരുനാഗപ്പള്ളി സിഐക്കെതിരെ പരാതി ഉയർന്നിരുന്നു. എസ്എൻഡിപി ശാഖ സെക്രട്ടറിയെ മർദ്ദിച്ചുവെന്നത് അടക്കമുള്ള പരാതി ഉയർന്നിരുന്നു. കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാറിനെ കമ്മീഷണർ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും അഭിഭാഷകർ നിലപാടെടുത്തതോടെയാണ് സംഭവത്തിൽ ഡിഐജിതല അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരുന്നത്.

അതിനിടെ അഭിഭാഷകരുമായുള്ള തർക്കത്തിൽ സൈബറിടത്തിൽ അടക്കം കരുനാഗപ്പള്ളി സിഐക്ക് അനുകൂലമായ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. കുട്ടൻ തമ്പുരാൻ എന്ന് വിളിപ്പേരിട്ടു കൊണ്ടായിരുന്നു സിഐയുടെ ഫാൻസുകാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാട്ടുരാജാവ് പരിവേഷം നൽകി കൊണ്ടുള്ള വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിക്കുന്നത്. കുട്ടൻ തമ്പുരാൻ ബ്രാൻഡ് നെയിം ആണെന്നും അത് പൊലീസുകാർക്ക് അഭിമാനമാണെന്നുമാണ് സൈബറിടത്തിൽ ഗോപകുമാർ ആരാധകരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP