Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിൻ ഹവാലയിലെ മുഖ്യപ്രതി; എന്നും പദവിക്ക് പിന്നാലെ; നിലപാടുകൾ വിറ്റ് ബിജെപിയിൽ; കോഴി കോട്ടുവായിട്ടതു പോലെയായെന്നും പരിഹാസം; ഗവർണ്ണറെ ആവുന്നത്ര പ്രകോപിപ്പിച്ച് ദേശാഭിമാനിയും ജനയുഗവും; ഖാന്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ടോ? ആരോപണങ്ങൾ പുതിയ തലത്തിൽ; രാജ്ഭവനും സർക്കാരും പോര് തുടരുമ്പോൾ

ജയിൻ ഹവാലയിലെ മുഖ്യപ്രതി; എന്നും പദവിക്ക് പിന്നാലെ; നിലപാടുകൾ വിറ്റ് ബിജെപിയിൽ; കോഴി കോട്ടുവായിട്ടതു പോലെയായെന്നും പരിഹാസം; ഗവർണ്ണറെ ആവുന്നത്ര പ്രകോപിപ്പിച്ച് ദേശാഭിമാനിയും ജനയുഗവും; ഖാന്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ടോ? ആരോപണങ്ങൾ പുതിയ തലത്തിൽ; രാജ്ഭവനും സർക്കാരും പോര് തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഇനി സിപിഎം വെറുതെ വിടില്ല. നേട്ടങ്ങൾമാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മുഹമ്മദ്  ഖാന്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ട്. രാഷ്ട്രീയ പാർട്ടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ച അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നുവെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. ഗവർണ്ണറെ പ്രകോപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഭാരതീയ ക്രാന്തി ദളിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കോൺഗ്രസ്, ജനതാദൾ, ബിഎസ്‌പി എന്നീ പാർട്ടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നത്-ഇതാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലാണ് ജയിൻ ഹവാലയിലെ മുഖ്യപ്രതിയാണ് ഗവർണ്ണർ എന്ന ആരോപണം സിപിഎം പത്രം ഉയർത്തുന്നത്. ഇതിനൊപ്പം എന്നും പദവിക്ക് പിന്നാലെ; നിലപാടുകൾ വിറ്റ് ബിജെപിയിൽ എന്ന തലക്കെട്ടിൽ മറ്റൊരു ലേഖനവുമുണ്ട്. സിപിഐ മുഖപത്രമായ ജനയുഗവും ഗവർണ്ണറെ വെറുതെ വിടുന്നില്ല. തെളിവുകൾ സഹിതമാണ് ജയിൻ ഹവാല കേസിൽ ദേശാഭിമാനിയുടെ വാർത്ത.

ഇതോടെ ഗവർണ്ണർ-സർക്കാർ പോര് പുതിയ തലത്തിലെത്തുകയാണ്. ലോകായുക്താ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. ലോകായുക്താ കേസിലെ വിധി എതിരായാൽ അത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാകും. രാജി വയ്‌ക്കേണ്ടി വരും. ഇതിനുള്ള സാഹചര്യം ഗവർണ്ണർ ഒരുക്കിയതോടെയാണ് ഗവർണ്ണർക്കെതിരെ സിപിഎമ്മും സർക്കാരും കടന്നാക്രമണത്തിന് തുടക്കമിട്ടത്. തനിക്കെതിരായ ആരോപണങ്ങൾക്ക് ഗവർണ്ണർ മറുപടി പറയുമെന്നാണ് സൂചന. അങ്ങനെ വന്നാൽ വാദ പ്രതിവാദങ്ങൾ പുതിയ തലത്തിലെത്തും.

ജയിൻ ഹവാലയിലെ മുഖ്യപ്രതി(ദേശാഭിമാനിയിലെ ലേഖനം)
കെ എ നിധിൻനാഥ്

സ്വന്തം നേട്ടങ്ങൾമാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മൊഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കവും ആവോളമുണ്ട്. രാഷ്ട്രീയ പാർട്ടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ച അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നു. ഭാരതീയ ക്രാന്തി ദളിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കോൺഗ്രസ്, ജനതാദൾ, ബിഎസ്‌പി എന്നീ പാർട്ടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നത്.

ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മൊഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. മാധ്യമ പ്രവർത്തകൻ സഞ്ജയ് കപൂർ എഴുതിയ 'ബാഡ് മണി, ബാഡ് പൊളിറ്റിക്സ്-- ദി അൺടോൾഡ് ഹവാല സ്റ്റോറി' എന്ന പുസ്തകം അഴിമതിയുടെ ഉള്ളറകൾ തുറക്കുന്നതാണ്. കേസ് അന്വേഷണത്തിനിടെ സിബിഐ ജയിനിൽനിന്ന് പിടിച്ചെടുത്ത രണ്ടു ഡയറിയിലും ഒരു നോട്ടുബുക്കിലുമായി രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയ നേതാക്കൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ബിസിനസ് പങ്കാളികളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി ഹവാല പണം കൈപ്പറ്റിയ 115 ആളുകളുടെ പേരാണുണ്ടായിരുന്നത്. ഇടതുപക്ഷ നേതാക്കളിൽ ഒരാൾപോലും ജയിൻ ഹവാല കേസിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിൽ ഉൾപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മൊഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യപ്രതിയായ സുരേന്ദർ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ് മൊഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ട്.

1991 ഏപ്രിലിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അഷ്റഫ് അഹമ്മദ് ലോണിൽനിന്ന് 16 ലക്ഷം രൂപയും ബാങ്ക് ഡ്രാഫ്റ്റുകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുബായ്, ലണ്ടൻ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിലേക്ക് സിബിഐ എത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദർ ജയിനിനെ പിടികൂടുന്നതും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഹവാല ഇടപാട് പുറത്തുവരുന്നതും. സിബിഐ അന്വേഷണം ശക്തമാക്കിയതിനു പിന്നാലെ പണം വാങ്ങിയതിന് തെളിവ് ലഭിച്ചവരെ ചോദ്യം ചെയ്യാൻ നോട്ടീസ് അയക്കാനും റെയ്ഡുകൾ നടത്താനും തുടങ്ങി. കേന്ദ്രമന്ത്രിയായിരുന്ന മാധവ് റാവു സിന്ധ്യ, ബിജെപി നേതാവ് എൽ കെ അദ്വാനി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചു. ഹവാല ഇടപാടിൽ ഉൾപ്പെട്ടവർ എല്ലാവരും പിടിയിലാകുമെന്ന പ്രതീതിയുണ്ടായെന്നു പറഞ്ഞാണ് പുസ്തകത്തിന്റെ ഒമ്പതാം അധ്യായമായ ദി വീപ്പ് (ചാട്ടുളി) അവസാനിക്കുന്നത്.

പത്താം അധ്യായം ആക്ഷൻ (നടപടി) തുടങ്ങുന്നത് ആരിഫ് മൊഹമ്മദ് ഖാനിൽ ഉടലെടുത്ത ഭയം തുറന്നു കാണിച്ചാണ്. റെയ്ഡുകളിൽ ഭയചകിതനായ അദ്ദേഹം സർക്കാരിന്റെ ഭാഗമായ തന്റെ പഴയ സഹപ്രവർത്തകൻ വി സി ശുക്ലയോട് കേസിനെക്കുറിച്ച് ചോദിച്ചു. എന്നാൽ, ആരും രക്ഷയ്ക്ക് എത്തില്ലെന്ന് സംശയം തോന്നിയ ആരിഫ് ആൾദൈവം ചന്ദ്രസ്വാമി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരസിംഹ റാവുമായി അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമി തനിക്കെതിരെ നീക്കങ്ങൾ നടത്തുകയാണെന്നും വിശ്വസിച്ചു. ഹവാല അഴിമതിയുടെ ഭാഗമാണ് അന്വേഷണമെന്ന് ഒരിക്കൽപ്പോലും സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് കേസിൽനിന്ന് രക്ഷപ്പെടാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും തന്റെ മണ്ഡലമായ യുപിയിലെ ബഹ്‌റൈച്ചിൽനിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തി.

സിബിഐ ഡയറക്ടർക്കെതിരെയും ആരോപണം ഉന്നയിച്ചു. വി പി സിങ് മന്ത്രിസഭയിൽ കേന്ദ്ര ഊർജ-- വ്യോമയാന മന്ത്രിയായിരിക്കെയാണ് ആരിഫ് മൊഹമ്മദ് ഖാൻ ഹവാല ഇടപാടിന് കളമൊരുക്കിയത്. 1986 മുതൽ അംഗീകാരം നൽകാതിരുന്ന ഗുജറാത്തിലെ കവാസ് ഊർജ പദ്ധതിയുടെ കരാർ ആരിഫ് മന്ത്രിയായ ഉടൻ ഫ്രഞ്ച് കമ്പനിയായ ജിഇസി അൽസ്തോമിന് അനുവദിച്ചു. എസ് കെ ജയിൻ മുഖേനയാണ് ആരിഫ് ഖാനെ സ്വാധീനിച്ച് അൽസ്തോം വൈസ് പ്രസിഡന്റ് റെവ്ലിയോൺ കരാർ നേടിയെടുക്കുന്നത്. 1990 ജനുവരി 23ന് നടന്ന ഒറ്റ കൂടിക്കാഴ്ചയിൽത്തന്നെ കരാർ അൽസ്തോമിന് ലഭിച്ചു. പിന്നാലെ 5.3 കോടി ഡോളർ (10.95 കോടി രൂപ) ജയിൻ സഹോദരന്മാരുടെ അക്കൗണ്ടിലേക്ക് കരാർ നൽകിയതിന്റെ പ്രതിഫലമായി എത്തി. അമീർ ഭായ് എന്നയാൾ മുഖാന്തരമാണ് ഹവാല പണം കൈമാറിയത്. ലഭിച്ച പണത്തിൽ 6.54 കോടി രൂപയും ആരിഫ് ഖാന് നൽകി. നാലു തവണയായാണ് നൽകിയത്. ഇത് രേഖകളുടെ പിൻബലത്തിൽ പുസ്തകത്തിന്റെ 125, 126 പേജുകളിൽ വിശദീകരിക്കുന്നുണ്ട്. ഒപ്പം തെളിവായി ജയിനിന്റെ ഡയറിയുടെ പേജുകളുമുണ്ട്.

1991 മെയ് മൂന്നിന് ജയിനിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് രേഖകൾ പിടിച്ചെടുത്തത്. ആരിഫ് മൊഹമ്മദ് ഖാൻ തന്റെ അടുത്ത സുഹൃത്താണെന്നാണ് ജയിൻ മൊഴി നൽകിയത്. ഡയറിയിൽ ആരിഫിന്റെ പേര് എഎം/ എഎംകെ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1988 മെയ് മുതൽ 1991 ഏപ്രിൽവരെ 7.62 കോടി ആരിഫ് മൊഹമ്മദ് ഖാന് നൽകിയിട്ടുണ്ടെന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1.08 കോടി വിവിധ ആവശ്യങ്ങൾക്കായും 6.54 കോടി കരാർ നൽകിയതിനുമാണ് നൽകിയത്. പലപ്പോഴും തന്റെ നിർദ്ദേശ പ്രകാരം സഹോദരൻ ജെ കെ ജയിനാണ് പണം നൽകിയിരുന്നതെന്നും മൊഴിയിലുണ്ടായിരുന്നു. ഈ പണം ഉപയോഗിച്ച് ട്രക്കുകൾ അടക്കം നിരവധി വാഹനങ്ങൾ ആരിഫ് വാങ്ങി. സയ്യദ എന്ന പേരിൽ ഡൽഹിയിൽ ലോക്കറുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു.

കോൾ ഇന്ത്യയുടെ ചെയർമാനായിരുന്ന എം പി നാരായൺ മന്ത്രിയായിരുന്ന ആരിഫ് മൊഹമ്മദ് ഖാന് 25 ലക്ഷം നൽകി. എം പി നാരായണനും ആരിഫ് മൊഹമ്മദ് ഖാനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പരിഹരിച്ചത് എസ് കെ ജയിനായിരുന്നു. തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ് പണം നൽകിയത്. എന്നാൽ, ഇതിന് നാരായണന് പണം നൽകിയതും ജയിനായിരുന്നു. മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ് മൊഹമ്മദ് ഖാന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് സഞ്ജയ് കപൂറിന്റെ പുസ്തകം. തെളിവുകൾ ഉണ്ടായിട്ടും ഉന്നത ഇടപെടലുകളെത്തുടർന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാർക്ക് തുണയായത്. ഇത്തരത്തിൽ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉൾപ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നത്.

എന്നും പദവിക്ക് പിന്നാലെ; നിലപാടുകൾ വിറ്റ് ബിജെപിയിൽ(ദേശാഭിമാനിയിലെ ലേഖനം)

1998 മാർച്ച് 26ന് 12--ാം ലോക്സഭയുടെ ശൂന്യവേളയെ ഇളക്കിമറിച്ചത് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽനിന്നുള്ള ബഹുജൻ സമാജ് പാർട്ടി എംപിയായിരുന്നു. ഭൂരിപക്ഷമില്ലാത്ത എ ബി വാജ്പേയി സർക്കാരിന് എംപിമാരെ കിട്ടാൻ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെയും ഒത്താശയോടെ തന്റെ പാർട്ടിയിലെ എംപിമാരായ മായാവതിക്കും അക്‌ബർ അഹമ്മദ് 'ഡംപി'ക്കും പണവും പദവിയും വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. 11ന് ശൂന്യവേള ആരംഭിച്ചതുമുതൽ അവസാനിക്കുന്ന 12 വരെ ഈ ഒറ്റവിഷയം സഭയിൽ കത്തിനിന്നു. ഇടനിലക്കാരായി നിന്ന ബിജെപി നേതാക്കളുടെ പേരടക്കം പറഞ്ഞാണ് അംഗം പ്രധാനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. ബഹളത്തിനൊടുവിൽ ആരോപണത്തിന് വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് സ്പീക്കർ നോട്ടീസ് തള്ളി.

ബിജെപിക്കും എ ബി വാജ്പേയിക്കും എതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിച്ച ബിഎസ്‌പി എംപിയുടെ പേര് ആരിഫ് മൊഹമ്മദ് ഖാൻ. അതേ, ഇന്ന് ബിജെപി സർക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്ന അതേ ആരിഫ് മൊഹമ്മദ് ഖാൻ.

ഒരുകൊല്ലം മാത്രം നീണ്ട ആ ലോക്സഭയിൽ മറ്റൊരിക്കൽക്കൂടി ഇതേ ആരിഫ് മൊഹമ്മദ് ഖാൻ കോലാഹലം സൃഷ്ടിച്ചു. 1998 ഡിസംബർ പതിനാറിനായിരുന്നു അത്. ബിജെപിയും വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ചേർന്ന് മായാവതിയെ വധിക്കാൻ ശ്രമിക്കുന്നുവെന്നും അവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുമായിരുന്നു ആവശ്യം. അന്നും സഭ ബഹളത്തിൽ മുങ്ങി.

1999ൽ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ് വന്നു. ബിഎസ്‌പി ഖാനെത്തന്നെ ബഹ്‌റൈച്ചിൽ സ്ഥാനാർത്ഥിയാക്കി. പക്ഷേ, ബിജെപി സ്ഥാനാർത്ഥിയാണ് അവിടെ ജയിച്ചത്. അതോടെ ഖാൻ ബിഎസ്‌പി മതിയാക്കി. 2004ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അതുവരെ എതിർത്തിരുന്ന ബിജെപിയിൽ ചേർന്ന് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തെയാകെ ഞെട്ടിച്ചു.
എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് ഇന്ന് മലയാളിക്കു മുന്നിൽ അദ്ദേഹം ആടിത്തീർക്കുന്നത്

പദവികൾ ചെറുപ്പത്തിലേ ആസ്വദിച്ചു തുടങ്ങിയ നേതാവാണ് ഖാൻ. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു തുടക്കം. 1977ൽ ആ പാർട്ടി ജനതാ പാർട്ടി ആയപ്പോൾ അവരുടെ സ്ഥാനാർത്ഥിയായി 26--ാം വയസ്സിൽ സിയാര മണ്ഡലത്തിൽനിന്ന് എംഎൽഎ ആയി. പക്ഷേ, മൂന്നുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിനാണ് സാധ്യതയെന്ന് വന്നതോടെ അങ്ങോട്ടുമാറി. നഷ്ടം വന്നില്ല. 1980ലും 1984ലും കോൺഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ൽ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നപ്പോൾ ഖാൻ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. സ്വാഭാവികമായും ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ പാർട്ടികളുടെ സ്വീകാര്യത ലഭിച്ചു. ഖാൻ വിപി സിങ്ങിന്റെ ജനതാദളിൽ എത്തി. 1989-ൽ ദളിന്റെ എംപിയായി. ജനതാദൾ സർക്കാരിൽ വ്യോമയാന-- ഊർജ വകുപ്പുകളുടെ മന്ത്രിയായി.

ഇതിനിടെ, ജയിൻ ഡയറി കേസിൽ ആരിഫ് മൊഹമ്മദ് ഖാന്റെ പേരുവന്നു. 1988 മെയ് മുതൽ 1991 ഏപ്രിൽവരെ ആരിഫ് മൊഹമ്മദ് ഖാന് 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അഴിമതിക്കാരൻ എന്ന മുദ്ര വീണു.

ജനതാദളിലും അധികം തുടരാതെ ഖാൻ 1998-ൽ ബഹുജൻ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ബഹ്‌റൈച്ചിൽനിന്ന് അവരുടെ എംപിയായി. കടുത്ത ബിജെപിവിരുദ്ധ പോരാളിയായി. പിന്നീട് ബിഎസ്‌പി വിട്ട് രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ ചേർന്നു. വീണ്ടും മലക്കംമറിഞ്ഞാണ് 2004ൽ ബിജെപിയിൽ എത്തിയത്. ആ വർഷം കൈസർഗഞ്ചിൽനിന്ന് ബിജെപി ടിക്കറ്റ് ഉറപ്പാക്കിയായിരുന്നു ചാട്ടം. പക്ഷേ പിഴച്ചു; സമാജ്വാദി പാർട്ടിയുടെ ബേനി പ്രസാദ് വർമയോട് തോറ്റു.

മൂന്നുകൊല്ലം പദവികൾ ഇല്ലാതായ ഖാൻ 2007ൽ ബിജെപി വിട്ടു. പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി അന്നത്തെ പ്രസിഡന്റ് രാജ്നാഥ് സിങ്ങിന് കത്തുനൽകിയായിരുന്നു രാജി. യുപി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു അത്. സീറ്റ് കിട്ടാത്തതുതന്നെയായിരുന്നു കാരണം. ഭാര്യ രേഷ്മയ്ക്ക് എങ്കിലും സീറ്റ് വേണമെന്ന ആവശ്യം ബിജെപി തള്ളിയതോടെ അവരെ ബഹ്റൈച്ച് മണ്ഡലത്തിൽ ഇന്ത്യൻ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥിയാക്കി. അവർ തോറ്റ് നാലാം സ്ഥാനത്തായി. അതോടെയാണ് വീണ്ടും ബിജെപിയിൽ എത്താൻ ശ്രമം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധനയങ്ങളെ പരസ്യമായി പിന്തുണച്ച് നിലകൊണ്ടു. അങ്ങനെ 2019ൽ കേരള ഗവർണർ പദവി നേടിയെടുത്തു.

മുസ്ലിം പേരുകാരെ ഇടയ്ക്കിടെ കൊണ്ടുവന്ന് ന്യൂനപക്ഷവിരുദ്ധ പ്രതിച്ഛായക്ക് മറയിടാൻ ബിജെപി എന്നും ശ്രമിക്കാറുണ്ട്. സിക്കന്തർ ഭക്തിനും ആരിഫ് ബെയ്ഗിനുംശേഷം ബിജെപി വലയിലാക്കുന്ന പ്രമുഖ മുസ്ലിം നേതാവ് എന്ന ഇമേജുമായാണ് ഖാൻ 2004ൽ ബിജെപിയിൽ എത്തുന്നത്. പക്ഷേ, അവഗണിക്കപ്പെട്ടതോടെ മുസ്ലിം പേരുകാരൻ ആയാൽ പോരാ മുസ്ലിം വിരുദ്ധൻ തന്നെയായാലേ പദവികൾ തേടിയെത്തൂ എന്ന് മനസ്സിലാക്കിയ ഖാൻ പൗരത്വ നിയമമടക്കം ബിജെപിയുടെ എല്ലാ വർഗീയ ജനവിരുദ്ധ നീക്കങ്ങളുടെയും വക്താവായി. ഇന്ത്യയിലെ മതനിരപേക്ഷ തുരുത്തായ കേരളത്തിൽ ഒരു ലഹളയുടെ കൊടിപ്പടം പാറിച്ചാൽ ബിജെപിയുടെ നല്ല കുട്ടിയായി എക്കാലവും വാഴാമെന്ന് അദ്ദേഹം കരുതുന്നു എന്നുവേണം സംശയിക്കാൻ.

ഇതുവരെ നേടിയ രാഷ്ട്രീയ മൂലധനം മുസ്ലിം സമുദായത്തിന്റെ ഉന്മൂലനംതന്നെ ലക്ഷ്യമിടുന്ന ഒരു പാർട്ടിയുടെ പിന്നാമ്പുറത്ത് വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളിൽ ആരിഫ് മൊഹമ്മദ് ഖാൻ മതിമറന്നാടുകയാണ്. എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് ഇന്ന് മലയാളിക്കു മുന്നിൽ അദ്ദേഹം ആടിത്തീർക്കുന്നത്. കാണാൻ ചേലുണ്ട്. പക്ഷേ, അത് സംസ്ഥാന താൽപ്പര്യങ്ങൾ പോലും ഹനിക്കുംവിധമാകുമ്പോൾ ഈ നാട് കണ്ടുനിൽക്കുമോ? കണ്ടറിയണം.

ഗവർണറുടെ വാർത്താസമ്മേളനം; പൊയ് വെടി(ജനയുഗം ലേഖനം)
ഗിരീഷ് അത്തിലാട്ട്

ദിവസങ്ങളായി ചാനലുകൾക്ക് മുന്നിൽ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ആവർത്തിക്കുകയും തെളിവെന്ന പേരിൽ പുതിയതൊന്നുമില്ലാത്ത ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തതോടെ കോളിളക്കം സൃഷ്ടിക്കുമെന്ന പ്രതീതി ജനിപ്പിച്ച ഗവർണറുടെ വാർത്താസമ്മേളനം ഉണ്ടയില്ലാ വെടിയായി. ഗവർണറുടെ ആർഎസ്എസ് ബന്ധത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കത്തിന്റെയും തെളിവുകളും വെളിപ്പെടുത്തലുകളുമായിരുന്നു വാർത്താസമ്മേളനത്തിൽ പുറത്തുവന്നത്. അതോടൊപ്പം ആർഎസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലാതെ ആർഎസ്എസ് ബന്ധം തുറന്നുസമ്മതിക്കേണ്ടിവന്നതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢലക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു.

2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിനിടയിൽ തന്നെ ആക്രമിക്കാൻ ശ്രമം നടന്നുവെന്ന്, കുറേക്കാലമായി ആവർത്തിച്ചുകൊണ്ടിരുന്ന ആരോപണത്തിന് ഇന്നലെ വാർത്താസമ്മേളനത്തിൽ തെളിവ് നൽകുമെന്നായിരുന്നു പ്രധാനമായും ഗവർണറുടെ അവകാശവാദം. എന്നാൽ അദ്ദേഹം പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്ന് സാധാരണ പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നും ശാരീരിക ആക്രമണമോ ഭീഷണിയോ, അതിനുള്ള ശ്രമമോ പോലും വേദിയിൽ ഉണ്ടായില്ലെന്ന് വ്യക്തമായതോടെ ആ പ്രചാരണം പൂർണമായും പൊളിഞ്ഞു.

പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോഴും ഗവർണർ തടസമൊന്നുമില്ലാതെ പ്രസംഗം തുടരുന്നതും വീഡിയോയിൽ കാണാം. ഗവർണർ പ്രസംഗിച്ചുകൊണ്ടിരിക്കവെ, 90 വയസുള്ള ചരിത്രകാരനായ ഇർഫാൻ ഹബീബ് വേദിയിലൂടെ നടക്കുന്നതും പ്രസംഗപീഠത്തിന്റെ തൊട്ടരികിൽ പ്രതിഷേധം അറിയിക്കാനായി നിൽക്കുന്നതുമെല്ലാമാണ് അക്രമശ്രമമായി ഗവർണർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. വേദിയിലുണ്ടായിരുന്ന, അന്ന് രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷ് സദസിലേക്കിറങ്ങി, പ്രതിഷേധ മുദ്രാവാക്യം വിളിച്ചവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് വളച്ചൊടിച്ച് അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാക്കി അവതരിപ്പിച്ച ഗവർണർ സ്വയം പരിഹാസ്യനായി. അറസ്റ്റ് ചെയ്യാനൊരുങ്ങിയ പൊലീസുകാരെ തടയുകയാണ് കെ കെ രാഗേഷ് ചെയ്തതെന്ന് തെളിവുകളൊന്നുമില്ലാതെ വാർത്താസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതിനെ കൂട്ടിച്ചേർത്ത് കഥ മെനയുകയും ചെയ്ത് ഗവർണർ ഇന്നലെയും നില മറന്നു.

മുഖ്യമന്ത്രി നൽകിയ കത്തുകൾ, വലിയ ബോംബ് പൊട്ടിക്കുന്നുവെന്ന പ്രതീതിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചിട്ടും നേർത്ത ശബ്ദം പോലുമുണ്ടാക്കാതെ ചീറ്റിപ്പോവുകയും ചെയ്തു. തീർത്തും ഔദ്യോഗികമായ കത്തുകളിൽ ഭരണഘടനാവിരുദ്ധമോ നിയമവിരുദ്ധമോ ആയ യാതൊന്നും തന്നെയില്ലെന്ന് നല്ല ധാരണയുണ്ടായിരുന്ന ഗവർണർ, മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നുകണ്ടാണ് കണ്ണൂർ വിസിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന പഴയ ആരോപണം ആവർത്തിച്ച് പുകമറയുണ്ടാക്കാൻ ശ്രമിച്ചതും വിലപ്പോയില്ല.

ഗവർണറുടേത് ബാലിശമായ വാദഗതികൾ: കാനം

തിരുവനന്തപുരം: ബാലിശമായ വാദഗതികളാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ കരുതിയത് ലോകം അവസാനിക്കാൻ പോവുകയാണെന്നാണ്. എന്നാൽ കോഴി കോട്ടുവായിട്ടതുപോലെയായെന്ന് കാനം പരിഹസിച്ചു. ഗവർണറുടേത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ കത്തുകൾ ഏത് വകുപ്പിലാണ് പരസ്യപ്പെടുത്തുവാൻ കഴിയുകയെന്നും കാനം ചോദിച്ചു. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്ക് സാധിക്കില്ല. അതിന് ഭരണഘടനയും നിയമവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണർക്ക് ആർഎസ്എസ് വിധേയത്വം: മുഖ്യമന്ത്രി

കണ്ണൂർ: കമ്മ്യൂണിസത്തെ പുച്ഛിക്കുന്ന ഗവർണർക്ക് ആർഎസ്എസിനോടു വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'വിദേശ ആശയത്തെ പുച്ഛിക്കുന്ന ഗവർണർക്ക് ജനാധിപത്യത്തോടും പുച്ഛമായിരിക്കും. ഭരണഘടനാപദവിയിലിരുന്ന് വല്ലാതെ തരംതാഴ്ന്ന് സംസാരിക്കരുത്' മുഖ്യമന്ത്രി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടാവാം. ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടാവാം. എന്നാൽ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ. ആ പദവിയിലിരുന്ന് രാഷ്ട്രീയം പറയരുത്.

കമ്മ്യൂണിസം പോലെ വിദേശത്ത് നിന്ന് നിരവധി കാര്യങ്ങൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യം, ജുഡീഷ്യറി സംവിധാനങ്ങളെല്ലാം വിദേശത്ത് നിന്നും സ്വീകരിച്ചതാണ്. വിദേശത്ത് നിന്നും വന്നുവെന്ന് കമ്മ്യൂണിസത്തെ പുച്ഛിക്കുമ്പോൾ ജനാധിപത്യം പോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും. കയ്യൂക്കുകൊണ്ടല്ല കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിൽ ഗവർണറുടെ രാഷ്ട്രീയ പ്രസംഗം

തിരുവനന്തപുരം: ഭരണഘടനാ സ്ഥാനത്തിരുന്ന് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് പതിവാക്കിമാറ്റിയ ഗവർണർ, ഇന്നലെ വാർത്താസമ്മേളനത്തിൽ നടത്തിയത് പച്ചയായ രാഷ്ട്രീയപ്രസംഗം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികളെപ്പോലെ ഉയർത്തുകയായിരുന്നു അദ്ദേഹം.

വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറിയതിനാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് യാത്രാവിലക്ക് വന്നതെന്ന് ഗവർണർ ആരോപിച്ചു. രണ്ട് ചെറുപ്പക്കാരെ ആക്രമിച്ചതിന്റെ പേരിലാണ് യാത്രാവിലക്കെന്ന് പറഞ്ഞ ഗവർണർ, പക്ഷെ അത് യൂത്ത് കോൺഗ്രസുകാരാണെന്നോ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരാണെന്നോ പറഞ്ഞില്ല. കണ്ണൂരിൽ കൊല ചെയ്യപ്പെടുന്നതിന്റെയും കാമ്പസുകളിൽ കൊല്ലപ്പെടുന്നതിന്റെയും കാര്യങ്ങൾ പറഞ്ഞ് വാദങ്ങൾ നിരത്തിയ ഗവർണർ ആർഎസ്എസിനെതിരെ ഒന്നും പറയാൻ തയാറായില്ല.

ബില്ലുകൾ ഒപ്പിടാതെ നീട്ടാനുള്ള അധികാരം ഗവർണർക്കില്ല: മന്ത്രി പി രാജീവ്

കൊച്ചി: വഹിക്കുന്ന സ്ഥാനങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് മന്ത്രി പി രാജീവ്. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഗവർണർക്കില്ല. അർപ്പിതമായ ഉത്തരവാദിത്വങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ആ അധികാരം ഗവർണർ നിർവഹിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ബില്ലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഗവർണർക്ക് അധികാരമുള്ളത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കഴിഞ്ഞ ദിവസങ്ങളിലെ ഗവർണറുടെ പ്രതികരണങ്ങൾ സമൂഹം വിലയിരുത്തട്ടെ. ആർഎസ്എസ് മേധാവിയുമായുള്ള ഗവർണർ നടത്തിയ കൂടിക്കാഴ്ച അസാധാരണമാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാണിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP