Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരിഫ് മുഹമ്മദ് ഖാൻ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ; ഇനി ഗവർണ്ണറുമായി സർക്കാരിനുണ്ടാവുക 'പ്രോട്ടോകോൾ' സഹകരണം മാത്രം; ഔദ്യോഗിക പരിപാടികളിലും അനിവാര്യമെങ്കിൽ മാത്രം ക്ഷണക്കത്ത് അയക്കും; ഗവർണ്ണറും മുഖ്യമന്ത്രിയും രണ്ടു വഴിക്ക് തന്നെ; ലോകായുക്താ ബിൽ ഒപ്പിടാതെ തിരിച്ചടിക്ക് രാജ്ഭവനും; അന്തിമ വിജയിയെ നിശ്ചയിക്കുക ആ ലോകായുക്താ വിധി

ആരിഫ് മുഹമ്മദ് ഖാൻ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ; ഇനി ഗവർണ്ണറുമായി സർക്കാരിനുണ്ടാവുക 'പ്രോട്ടോകോൾ' സഹകരണം മാത്രം; ഔദ്യോഗിക പരിപാടികളിലും അനിവാര്യമെങ്കിൽ മാത്രം ക്ഷണക്കത്ത് അയക്കും; ഗവർണ്ണറും മുഖ്യമന്ത്രിയും രണ്ടു വഴിക്ക് തന്നെ; ലോകായുക്താ ബിൽ ഒപ്പിടാതെ തിരിച്ചടിക്ക് രാജ്ഭവനും; അന്തിമ വിജയിയെ നിശ്ചയിക്കുക ആ ലോകായുക്താ വിധി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആരിഫ് മുഹമ്മദ് ഖാൻ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുമ്പോൾ സിപിഎമ്മും സർക്കാരും ഗവർണ്ണറുടെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന സൂചന. ഇനി ഗവർണ്ണറുമായി ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സഹകരണവും സർക്കാരിനുണ്ടാകില്ല. ഔദ്യോഗിക പരിപാടികളിലും പ്രോട്ടോകോൾ അനിവാര്യമെങ്കിൽ മാത്രം ക്ഷണിക്കും. ഗവർണ്ണറെ ആർ എസ് എസുകാരനെന്ന് മുദ്രകുത്തി ആക്രമിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നൽകുന്ന സൂചന.

കണ്ണൂരിലെ പ്രസംഗത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാതെ ആരിഫ് മുഹമ്മദ് ഖാൻ എന്ന് മാത്രം വിശേഷിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി. ഗവർണർ സ്ഥാനത്തിരുന്ന് വല്ലാതെ തരംതാഴരുത്. പദവിക്ക് നിരക്കുന്നതേ പറയാൻ പാടുള്ളൂ. കമ്യൂണിസ്റ്റ് വിരുദ്ധത നടത്താൻ രാഷ്ട്രീയ ശത്രുക്കളുണ്ട്. അത് അവർ ചെയ്തുകൊള്ളും. ഗവർണർ സ്ഥാനത്തിനിരുന്ന് കമ്യൂണിസ്റ്റുകാരെ തള്ളിപ്പറയുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. പിണറായിയുടെ വിമർശനത്തിന് ഗവർണ്ണർ എന്ത് മറുപടി നൽകുമെന്നതാണ് ഇനി നിർണ്ണായകം. ഏതായാലും ലോകായുക്താ ഭേദഗതിയിൽ ഒപ്പിടില്ലെന്ന നിലപാട് പിണറായിക്ക് തിരിച്ചടിയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിലെ വിധിയാകും ഇനി ശ്രദ്ധാകേന്ദ്രം. അതിവേഗ വിധിക്ക് പരാതിക്കാർ ശ്രമിക്കും എന്നതാണ് വസ്തുത. ലോകായുക്താ ഭേദഗതിയിൽ ഗവർണ്ണർ ഒപ്പിടാത്തതു കൊണ്ട് തന്നെ വിധി എതിരായാൽ പിണറായിക്ക് രാജി വയ്‌ക്കേണ്ടിയും വരും. വിധി അനുകൂലമെങ്കിൽ പ്രതിസന്ധിയും അകലും. അതുകൊണ്ട് തന്നെ ഗവർണ്ണറാകുമോ മുഖ്യമന്ത്രിയാകുമോ വിജയി എന്നത് ലോകായുക്തയിലെ കേസിന്റെ വിധി വന്നാലെ ഉറപ്പിക്കാനാകൂ. സർവ്വകലാശാല ബിൽ ഗവർണ്ണർ ഒപ്പിട്ടില്ലെങ്കിലും പിണറായിയെ അത് വ്യക്തിപരമായി ബാധിക്കില്ലെന്നതാണ് വസ്തുത.

രാജ്യത്തിന് പുറത്ത് നിന്ന് ആശയം ഉൾക്കൊണ്ട ചിലർ കയ്യൂക്ക് കൊണ്ട് കാര്യങ്ങൾ നേടുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അദ്ദേഹം ചരിത്രം പരിശോധിക്കണം. എത്ര കമ്യൂണിസ്റ്റുകാർ ഈ നാടിന് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് മനസ്സിലാക്കണം. കമ്യൂണിസ്റ്റ് വേട്ടതന്നെയായിരുന്നു നടന്നത്. ആരിഫ് മുഹമ്മദ് ഖാനെന്ന കമ്യൂണിസ്റ്റ് വിരുദ്ധൻ മനസ്സിലാക്കേണ്ട കാര്യം ആ വേട്ടക്കാർക്കൊപ്പമല്ല പിന്നീട് ജനങ്ങൾ അണിനിരന്നത് എന്ന യാഥാർഥ്യമാണ്-മുഖ്യമന്ത്രിയുടെ ഈ വാക്കുകളിൽ ഉള്ളത് നിസ്സഹകരണത്തിന്റെ സൂചനകളാണ്. ലോകായുക്തയിൽ ഒപ്പിടില്ലെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലോടെ ഇനി അനുരജ്ഞനം വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അതിരൂക്ഷ വിമർശനം ഗവർണ്ണർക്കെതിരെ നടത്തും. അതിന്റെ തുടക്കമാണ് മുഖ്യമന്ത്രിയുടെ കടന്നാക്രമണം. കമ്യൂണിസ്റ്റുകാരെ വളർത്തിയത് പാവപ്പെട്ടവരും കർഷക തൊഴിലാളികളുയിരുന്നു. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമായി ആരിഫ് മുഹമ്മദ് ഖാൻ മാറരുതെന്നും പിണറായി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തിക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടാവാം. അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടാവാ. എന്നാൽ ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തി പറയുന്നത് പോലല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോഴുണ്ടാവുകയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശത്ത് നിന്ന് നിരവധി കര്യങ്ങളെ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യം, ജുഡീഷ്യറി പോലുള്ള സംവിധാനങ്ങളെല്ലാം വിദേശത്ത് നിന്നും സ്വീകരിച്ചതാണ്. വിദേശത്ത് നിന്നും വന്നുവെന്ന് പറയുന്ന കമ്യൂണിസത്തെ ഗവർണർ പുച്ഛിക്കുമ്പോൾ, വിദേശത്ത് നിന്നും സ്വീകരിച്ച ജനാധിപത്യം പോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും. ഇന്ത്യൻ ഭരണഘടന, ഇന്ത്യയുടെ ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങൾ ആർഷ ഭാരതത്തിന്റെ മാത്രം സംഭാവനമായാണെന്ന് അദ്ദേഹത്തിന് പറയാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്‌ത്തി പറയുന്നത് ഗവർണറാണെന്ന് പിണറായി തുറന്നടിച്ചു. ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയ മറുപടി നൽകിയത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് പിണറായി തിരിച്ചടിച്ചു. ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആർഎസ്എസ് ശ്രമിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു.ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്‌ത്തി പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാൾ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല, ഗവർണർ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്‌ത്തി കാണിക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് പറയുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങൾ കാണുന്നത്. എങ്ങനെയാണ് ഗവർണറങ്ങനെ പറയുക? കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉൾക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. ക്രൂരമായി വേട്ടയാടപ്പെട്ടു. വീടുകളിൽ കയറി അമ്മ പെങ്ങൾമാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്വ ഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വർഷം കഴിയും മുന്നേയാണ് 1957 ൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്.

ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരൻ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വർഷങ്ങളെടുത്താൽ അതിനീചമായ വേട്ട കമ്യൂണിസ്റ്റ്കാർ ഇരയായിരുന്നുവെന്നാണ്. പക്ഷേ ആ വേട്ടക്കാർക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP