Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്യൂണിസ്റ്റാക്കിയ അമ്മാവൻ; എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘമുണ്ടാക്കി; കെ എസ് വൈഎഫ് രൂപീകരണത്തിൽ ആശയപരമായ ചില വീഴ്ചകൾ സംഭവിച്ചു; സിപിഎമ്മിനും മുകളിലായിരുന്നു ആ പ്രസ്ഥാനത്തിന്റെ വിപ്ലവ ധാര; നക്സലുകളെ പോലും പ്രതിരോധിച്ചു; എൺപതാം വയസ്സിലും അമ്മ കൃഷിപ്പണി ചെയ്തു; രാഷ്ട്രീയ ഉയർച്ചയുടെ കഥ മറുനാടനോട് പറഞ്ഞ് എംവി ഗോവിന്ദൻ

കമ്യൂണിസ്റ്റാക്കിയ അമ്മാവൻ; എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘമുണ്ടാക്കി; കെ എസ് വൈഎഫ് രൂപീകരണത്തിൽ ആശയപരമായ ചില വീഴ്ചകൾ സംഭവിച്ചു; സിപിഎമ്മിനും മുകളിലായിരുന്നു ആ പ്രസ്ഥാനത്തിന്റെ വിപ്ലവ ധാര; നക്സലുകളെ പോലും പ്രതിരോധിച്ചു; എൺപതാം വയസ്സിലും അമ്മ കൃഷിപ്പണി ചെയ്തു; രാഷ്ട്രീയ ഉയർച്ചയുടെ കഥ മറുനാടനോട് പറഞ്ഞ് എംവി ഗോവിന്ദൻ

ബി എസ് ജോയ്‌

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുമ്പോൾ പകരക്കാരനായി സിപിഎമ്മിനെ നയിക്കാനെത്തുന്നത് പാർട്ടിയിലെ മിതവാദിയും താത്വികമുഖവുമായ എംവി ഗോവിന്ദനാണ്. നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയും രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായിരുന്നു എംവി ഗോവിന്ദൻ. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബാലസംഘത്തിലൂടെ സിപിഎമ്മിന്റെ അമരത്ത് എത്തിയ കഥ എംവി ഗോവിന്ദൻ വിശദീകരിച്ചു.

ഒരിക്കൽ കൂടി സംസ്ഥാനത്തെ സിപിഎമ്മിനെ നയിക്കാൻ കണ്ണൂരിൽ നിന്നുള്ള നേതാവ് തന്നെ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂരിലെ പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയാണ് ബാലസംഘം തുടങ്ങിയത്. കണ്ണൂരിലെ മൊറാഴ എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാണ്. അമ്മൂമ്മയും അമ്മാവനുമാണ് തന്നെ വളർത്തിയത്. അമ്മാവനാണ് തന്നെ രാഷ്ട്രീയ രംഗത്തേക്ക് ആകർഷിച്ച പ്രധാന രാഷ്ടീയ മാതൃക.

കെ എസ് വൈഎഫ് രൂപീകരണത്തിൽ ആശയപരമായ ചില വീഴ്ചകൾ സംഭവിച്ചിരുന്നു. സിപിഎമ്മിനും മുകളിലായിരുന്നു ആ പ്രസ്ഥാനത്തിന്റെ വിപ്ലവ ധാര. അന്ന് അത് അനിവാര്യവും ആയിരുന്നു. നക്‌സൽ പ്രസ്ഥാനത്തെയും അതിന്റെ ചെയ്തികളെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ കെ എസ് വൈഎഫിന് കഴിഞ്ഞിരുന്നു, എന്നാൽ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിൽ കാലോചിതമായ മാറ്റം ആവശ്യമായിരുന്നു. കൂടാതെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം രാജ്യം ശക്തമായ ഒരു യുവജന പ്രസ്ഥാനത്തിന്റെ ആവശ്യം നേരിട്ടിരുന്നു. അതാണ് ഡിവൈഎഫ് ഐയുടെ രൂപീകരണത്തിന് അടിസ്ഥാനമായത്.

കെഎസ് വൈ എഫിൽ നിന്ന് വ്യത്യസ്തമാണ് ഡിവൈഎഫ് ഐയുടെ നയങ്ങളും കാഴ്ചപ്പാടുകളും. അടിയന്തിരവാസ്ഥക്കാലത്തെ ജയിൽവാസവും മിച്ചഭൂമി സമരവും കണ്ണൂരിലെ പാർട്ടി പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ച അനുഭവങ്ങളാണ്. രക്ഷിതാക്കളെ പരിപാലിക്കാൻ കഴിവുള്ളവരായി മക്കൾ വളർന്നിട്ടും അച്ഛനമ്മമാരെ അവരുടെ കൃഷിപ്പണിയിൽ നിന്ന് താൻ വിലക്കിയിട്ടില്ലെന്നും അമ്മ 80 വയസ്സ് വരെ ജോലിക്ക് പോകുമായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ഓർത്തു.

രക്ഷിതാക്കളുടെ സന്തോഷവും കൂട്ടും അവരുടെ തൊഴിൽ തന്നെയായിരുന്നു. അതിൽ നിന്ന് അവരെ വിലക്കിയാൽ വല്ലാത്ത ഒറ്റപ്പെടൽ അവർ നേരിടുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സിപിഎം അക്രമ പാതയിൽ നിന്ന് അകലെയാണ്. ഇടത് മുന്നണി അധികാരത്തിൽ വന്ന ശേഷം 23 രക്ത സാക്ഷികളാണ് പാർട്ടിക്ക് ഉണ്ടായത്. ഇടുക്കിയിലെ ധീരജും എറണാകുളത്തെ അഭിമന്യുവും കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെ ക്യംപസുകളിൽ എസ് എഫ് ഐ അക്രമം നടത്താറില്ലെന്നും ആരെയും കൊലക്കത്തിക്ക് ഇരയാക്കില്ലെന്നും ഗേവിന്ദൻ മാസ്റ്റർ അടിവരയിട്ടു.ഇക്കാര്യങ്ങൾ കൂടി കണ്ട് വേണം ഗവർണർ തന്റെ അഭിപ്രായങ്ങൾ പറയേണ്ടിയിരുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗോവിന്ദനാണ് സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. 2002-2006 കാലത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കൽ വിവാദത്തേയും തുടർന്ന് കണ്ണൂർ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. ദേശാഭിമാനി മുൻ ചീഫ് എഡിറ്ററായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് സംഘടനാ ചുമതലിയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദൻ മാഷിനെ പാർട്ടി നിയോഗിക്കുന്നത്.

1996, 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയിരുന്നു. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ ഒന്നര വർഷത്തിന് ശേഷം പാർട്ടി സെക്രട്ടറിയായി. അതേ പോലെ ഇന്ന് രണ്ടാം പിണറായി സർക്കാർ ഒന്നരവർഷമാകുമ്പോൾ ഗോവിന്ദൻ മാഷും മന്ത്രിപദവി വിട്ട് പാർട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം പൂർത്തിയാക്കുന്നതോടെ ആ സ്ഥാനത്തേക്കും പാർട്ടി ദീർഘവീക്ഷണത്തോടെ കണ്ടെത്തുന്ന ഉത്തരം കൂടിയായി എം.വി ഗോവിന്ദന്റെ നിയോഗത്തെ വിലയിരുത്തുന്നവരുമുണ്ട്.

2006 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദൻ. 2018ൽ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും മുതിർന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു അദ്ദേഹം. ആന്തൂർ നഗരസഭ മുൻ ചെർപേഴ്സണും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയാണ് ഭാര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP