Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ രണ്ടാംദിന പ്രയാണം സമാപിച്ചു; ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ചു പുന്നപ്രയിലെ യാത്രയിൽ പങ്കാളിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് യാത്രയുടെ ഭാഗമായി നടൻ വിനു മോഹനും

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ രണ്ടാംദിന പ്രയാണം സമാപിച്ചു; ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ചു പുന്നപ്രയിലെ യാത്രയിൽ പങ്കാളിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് യാത്രയുടെ ഭാഗമായി നടൻ വിനു മോഹനും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആവേശത്തിരയിളക്കി ഐക്യ സന്ദേശവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 11-ാം ദിനത്തിലെ പ്രയാണം അവസാനിച്ചു. ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച യാത്രയുടെ ഒന്നാം ഘട്ടം ഒറ്റപ്പനയിലും രണ്ടാം ഘട്ട പ്രയാണം വണ്ടാനത്തുമാണ് സമാപിച്ചത്. സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചു. ബിജെപിയുടെ വിഭജനരാഷ്ട്രീയത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരായ ഐക്യമുന്നേറ്റ യാത്രയാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുന്നപ്രയിൽ അടക്ക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാത്രയിൽ പങ്കെടുതതത് അണികൾക്ക് ആവേശമായി.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ രാഹുൽ ഗാന്ധി വീണ്ടും ഉയർത്തിക്കാട്ടി. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടുന്ന ജനങ്ങൾ മോശം റോഡുകൾ കാരണം ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്നതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.''സാധാരണ നിലയിൽ ഒരു യാത്രയുടെ ആദ്യത്തെ ചുവടുവെപ്പ് അനായാസവും യാത്രയുടെ അവസാനത്തെ ചുവടുവെപ്പ് പ്രയാസമേറിയതും ആയിരിക്കും. എന്നാൽ കേരളത്തിലെ വീഥികളിലൂടെ യാത്ര ചെയ്യുമ്പോൾ എനിക്ക് അങ്ങനെ അനുഭവപ്പെടുന്നതേയില്ല. എന്നെ സംബന്ധിച്ചിടത്തോളം യാത്രയുടെ അവസാനത്തെ ചുവടുവെപ്പുകൾ കൂടുതൽ അനായാസമായാണ് അനുഭവപ്പെടുന്നത്. ഇതിന് കാരണം നിങ്ങൾ എനിക്ക് നൽകുന്ന അതിരറ്റ സ്‌നേഹവും പിന്തുണയുമാണ്. ഇതാണ് എന്നെ കരുത്തോടെ മുന്നോട്ടുനയിക്കുന്നത്'' രാഹുൽ ഗാന്ധി പറഞ്ഞു.

യാത്രയുടെ ഭാഗമായി തോട്ടപ്പള്ളിയിൽ എത്തിയ രാഹുൽ ഗാന്ധി കർഷകരുമായി സംവദിച്ചു. കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. കൽപകവാടി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കുട്ടനാട്ടിൽ നിന്നും കർഷകർ പലായനം ചെയ്യുന്ന അവസ്ഥയാണുള്ളത്. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുവാൻ തുടങ്ങിയതോടെയും കാർഷിക ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാതെ വന്നതോടെയും അവർക്ക് സ്ഥലം ഉപേക്ഷിച്ച് പോകേണ്ടതായി വന്നു.

വിവിധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന നാടായി കുട്ടനാട് മാറണം. കേരളത്തിന്റെ നെല്ലറ എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ ഭക്ഷ്യ കലവറയായി കുട്ടനാട് മാറണം. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രളയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.ഒരു പരിധിവരെ കുട്ടനാട് നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഏകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പറഞ്ഞ പല പ്രദേശങ്ങളെയും ഒഴിവാക്കി. കമ്മീഷന്റെ പരിധിയിൽ പ്രശ്‌നം ബാധിക്കുന്ന മറ്റു പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. നാളികേര കർഷകരുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും കർഷകർ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാളികേര കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കുവാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും.

ക്ഷീരകർഷകരും തങ്ങളുടെ ബുദ്ധിമുട്ടുകൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാലിത്തീറ്റയുടെ ഉൾപ്പെടെ വില വർധിക്കുകയാണ്. മിൽമയിൽ പാലിന് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. വേണ്ടത്ര ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും ക്ഷീരകർഷകർ പരാതിപ്പെട്ടു. കർഷകരുടെ ശബ്ദം കേൾക്കാൻ തയാറായതിൽ തങ്ങൾക്ക് നന്ദിയുണ്ടെന്നും കർഷകർ രാഹുൽ ഗാന്ധിയെ അറിയിച്ചു.കോൺഗ്രസ് അധികാരത്തിലെത്തിലെത്തിയാൽ കർഷകരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.

കർഷകർ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ ഈ സംവാദത്തിലൂടെ മനസിലാക്കുവാൻ സാധിച്ചു. വളരെ വ്യത്യസ്തമായ കാർഷിക രീതിയാണ് കേരളം പിന്തുടരുന്നത്. ദൗർഭാഗ്യവശാൽ കേരളത്തിലും കേന്ദ്രത്തിലും ഇപ്പോൾ കോൺഗ്രസിന് അധികാരമില്ല. എന്നാൽ അധികാരത്തിലേക്ക് കടന്നുവരുന്ന നിമിഷം ഉറപ്പായും കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കോൺഗ്രസ് പരിഹാരമേകും. കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂ. കർഷകരോട് സംസാരിക്കുവാനും സമയം ചിലവഴിക്കുവാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ദിനവും ആലപ്പുഴ ജില്ലയിൽ ആവേശോജ്വല വരവേൽപ്പാണ് ലഭിച്ചത്. രാവിലെ ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നുമാരംഭിച്ച പദയാത്രയുടെ ഒന്നാംഘട്ടം പുറക്കാട് ഒറ്റപ്പന ജംഗ്ഷനിൽ സമാപിച്ചു. വൈകുന്നേരം 5 മണിയോടെ പുറക്കാട് ജംഗ്ഷനിൽ നിന്നാണ് യാത്രയുടെ രണ്ടാംഘട്ടം ആരംഭിച്ചത്.അക്ഷരാർത്ഥത്തിൽ ആലപ്പുഴയെ ആവേശത്തിരയിലാഴ്‌ത്തിയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. പുതുക്കാട് നിന്നും ആരംഭിച്ച യാത്ര വണ്ടാനം മെഡിക്കൽ കോളേജിന് സമീപം സമാപിച്ചു.

ജോഡോ യാത്രയുടെ ഭാഗമായി നടൻ വിനു മോഹനും എത്തി. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേയാണ് വിനു മോഹൻ യാത്രക്ക് പിന്തുണയുമായി എത്തിയത്. രാഹുൽ ഗാന്ധിക്കൊപ്പം സെൽഫി എടുക്കുന്ന വിനു മോഹന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. യാത്രയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് ലൈവ് പങ്കുവെച്ചു കൊണ്ടാണ് നടൻ യാത്രയോട് ഐക്യദാർഢ്യം അറിയിച്ചത്.

തുടർന്ന് നടന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, കൊടികുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് എംഎൽഎ, രാഷ്ട്രീയകാര്യസമിതിയംഗം എം ലിജു തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP