Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോപ്പുലർ ഫ്രണ്ടുകാർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പൊതുവേദിയിൽ പരിശീലനം നൽകിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ജില്ലാ ഫയർ ഓഫീസറെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു; ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്ന് അനുമതി നേടാതെ പരിശീലിപ്പിച്ച ഉദ്യോഗസ്ഥർ രക്ഷപെടുമ്പോൾ

പോപ്പുലർ ഫ്രണ്ടുകാർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പൊതുവേദിയിൽ പരിശീലനം നൽകിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ജില്ലാ ഫയർ ഓഫീസറെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു; ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്ന് അനുമതി നേടാതെ പരിശീലിപ്പിച്ച ഉദ്യോഗസ്ഥർ രക്ഷപെടുമ്പോൾ

സായ് കിരൺ

കൊച്ചി: ആലുവയിൽ പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയ്ക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്.ജോഗിയെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു. ആലുവയിൽ മാർച്ച് മുപ്പതിനാണ് പോപ്പുലർ ഫ്രണ്ട് നടത്തിയ പരിപാടിയിൽ വോളണ്ടിയർമാർക്ക് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിലെ ജീവനക്കാർ പരിശീലനം നൽകിയത്.

ഫയർഫോഴ്‌സ് സേവന വകുപ്പ് ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റീജിയണൽ ഫയർ ഓഫീസർ കെ.കെ.ഷിജു, എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്.ജോഗി, എന്നിവരെ അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

യൂണിഫോം ധരിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകിയ മൂന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരെ ആലുവ സ്റ്റേഷനിൽ നിന്ന് അടിയന്തരമായി സ്ഥലം മാറ്റാനും അച്ചടക്ക നടപടിയെടുക്കാനും ഉത്തരവിറക്കിയിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം ചെയ്തത് ഗുരുതര പിഴവാണെന്നും പരിശീലനത്തിന് അനുമതി നൽകിയ എറണാകുളം റീജിയണൽ, ജില്ലാ ഫയർ ഓഫീസർമാരടക്കം 5ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ജില്ലാ ഫയർ ഓഫീസറായ എ.എസ്.ജോഗി, സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകി. സസ്‌പെൻഷൻ പിൻവലിച്ച് ഒരാഴ്ചയ്ക്കകം ജോഗിയെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാരിനോടും ഫയർഫോഴ്‌സ് ഡയറക്ടർ ജനറലിനോടും ട്രിബ്യൂണൽ നിർദ്ദേശിച്ചു. ജോഗിക്കെതിരേ നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി തുടരേണ്ടതുണ്ടോയെന്ന് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സർക്കാരിനോടും നിർദ്ദേശിച്ചു.

പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകിയ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണൽ ഉത്തരവിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ട്രിബ്യൂണൽ ഉത്തരവിൽ അച്ചടക്ക നടപടി സംബന്ധിച്ച പരാമർശത്തിനെതിരേ ജോഗിയും അപ്പീൽ നൽകി. ഇതെല്ലാം പരിഗണിച്ച് ജോഗിയെ അടിയന്തരമായി സർവീസിൽ പുനഃപ്രവേശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് ജോഗിയെ സസ്‌പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കാൻ ഫയർഫോഴ്‌സ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാർ എന്നിവർക്കെല്ലാം ഫയർഫോഴ്‌സ് ദുരന്തനിവാരണ പരിശീലനം നൽകാറുണ്ട്. ഇതിന്റെ മറവിലാണ് പോപ്പുലർ ഫ്രണ്ട് ഫയർഫോഴ്‌സിന്റെ പരിശീലനം നേടിയത്.

ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്ന് അനുമതി നേടാതെയാണ് പരിശീലനത്തിന് എറണാകുളത്തെ ഉദ്യോഗസ്ഥർ അനുമതി നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല പരിപാടിയിലാണ് പൊതുവേദിയിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്ന വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സന്നദ്ധസംഘടനകൾക്ക് നൽകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകിയതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. ഇത് തള്ളിയാണ് കർശന നടപടിയെടുത്തത്.

പ്രകൃതി ദുരന്തമുണ്ടാവുമ്പോൾ രക്ഷാപ്രവർത്തനത്തിന് സിവിൽ ഡിഫൻസ് എന്ന സന്നദ്ധസേനയ്ക്ക് ഫയർഫോഴ്‌സ് പരിശീലനം നൽകുന്നുണ്ട്. എല്ലാ ജില്ലകളിലും സിവിൽ ഡിഫൻസ് പ്രവർത്തിക്കുന്നുണ്ട്. ഇത് ഫയർഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. ജില്ലകളിൽ കമ്മ്യൂണിറ്റി വോളണ്ടിയർമാർ നേരത്തേ പ്രവർത്തിച്ചിരുന്നു. ഇവർക്കും ഫയർഫോഴ്‌സാണ് പരിശീലനം നൽകിയിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP