Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധാകരന്റെ കാർക്കശ്യം പൊതുമരാമത്തിനെ അഴിമതി മുക്തമാക്കിയ പിണറായിയുടെ ആദ്യ വെർഷൻ; റിയാസ് എത്തുമ്പോൾ വീണ്ടും റോളറും ടാറും ഇല്ലാത്ത റോഡുകളും കേരളത്തിൽ! മനോജ് എബ്രഹാമിലൂടെ വിജിലൻസിന് വീണ്ടും നാഥനെത്തി; കേസുടുക്കാൻ വേണ്ടത് 'റിയാസ്' അനുമതിയും; റോഡിലെ കുഴി ആരെ വെട്ടിലാക്കും?

സുധാകരന്റെ കാർക്കശ്യം പൊതുമരാമത്തിനെ അഴിമതി മുക്തമാക്കിയ പിണറായിയുടെ ആദ്യ വെർഷൻ; റിയാസ് എത്തുമ്പോൾ വീണ്ടും റോളറും ടാറും ഇല്ലാത്ത റോഡുകളും കേരളത്തിൽ! മനോജ് എബ്രഹാമിലൂടെ വിജിലൻസിന് വീണ്ടും നാഥനെത്തി; കേസുടുക്കാൻ വേണ്ടത് 'റിയാസ്' അനുമതിയും; റോഡിലെ കുഴി ആരെ വെട്ടിലാക്കും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസിൽ മനോജ് എബ്രഹാം നടത്തുന്നത് വിപ്ലവം. റോഡുകളിലെ അഴിമതി കണ്ടെത്തിയതോടെ വിജിലൻസിന് കേസെടുക്കേണ്ട സ്ഥിതിയുണ്ടാകുകയാണ്. എന്നാൽ അതിന് സർക്കാർ അനുമതി നൽകുമോ എന്നതാണ് നിർണ്ണായകം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തലുകളാണ് വിജിലൻസ് നടത്തുന്നത്. ദേശീയ പാതയിലെ ഒന്നു രണ്ടു കുഴികൾ പോലും ചർച്ചയാക്കിയവർക്ക് തിരിച്ചടിയാണ് വിജിലൻസ് ഇടപെടൽ. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്ന് പുറത്തായ ശേഷം വിജിലൻസ് വകുപ്പിന് 'നാഥനെ' കിട്ടുകയാണ് മനോജ് എബ്രഹാമിൽ എന്നതാണ് വസ്തുത. വിജിലൻസിലേക്ക് എത്തുന്ന പരാതികളും കൂടുകയാണ്.

അടുത്തകാലത്ത് ടാറിട്ട 45 ശതമാനം റോഡുകളും പൊളിഞ്ഞുതുടങ്ങിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. 148 റോഡുകളിൽ 67 എണ്ണത്തിൽ കുഴിവീണുതുടങ്ങി. റോഡുനിർമ്മാണക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തുന്ന 'ഓപ്പറേഷൻ സരൾ രാസ്ത'യുടെ മൂന്നാംഘട്ടപരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്തിന്റെ 24 റോഡുകളും കെ.എസ്.ടി.പി.യുടെ ഒമ്പതുറോഡുകളും വെള്ളിയാഴ്ച പരിശോധിച്ചു. 19 റോഡുകളിൽ കുറഞ്ഞ അളവിലാണ് ടാറുപയോഗിച്ചത്. വലിയ അഴിമതിയാണ് പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നതെന്ന് കണ്ടെത്തുകയാണ് വിജിലൻസ്. കെ സുധാകരനായിരുന്നു മുമ്പ് പൊതുമരാമത്ത് വകുപ്പ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സുധാകരന്റെ കടുത്ത നിലപാടുകൾ കാരണം പൊതുമരാമത്തുകാർക്ക് കൈക്കൂലി വാങ്ങുക അസാധ്യമായി മാറിയ കാലമുണ്ടായിരുന്നു. സുധാകരന് പകരം റിയാസ് എത്തുമ്പോൾ വീണ്ടും കൈക്കൂലി രാജ് എത്തുകയാണ് പൊതുമരാമത്ത് വകുപ്പ്. ഇതാണ് വിജിലൻസ് പരിശോധനകൾ ചർച്ചയാക്കുന്നത്.

പൊതുമരാമത്ത് റോഡിലെ കുഴികളിൽ കേസെടുക്കാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി അനിവാര്യമാണ്. മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈയാളുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മരുമകന്റെ വകുപ്പായതു കൊണ്ട് തന്നെ വിഷയത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ താൽപ്പര്യവും നിർണ്ണായകമാകും. ലോകായുക്താ കേസിലെ വിധി മുഖ്യമന്ത്രിക്ക് എതിരായാലും മുഖ്യമന്ത്രിക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന സംവിധാനം പുനപരിശോധിക്കുമെന്ന് പറയുന്നതു പോലെയാണ് ഈ വിഷയത്തിലേയും കാര്യങ്ങൾ. പൊതുമരാമത്ത് വകുപ്പിനെതിരെ നടപടി വേണമോ എന്ന് പൊതുമരാമത്ത് മന്ത്രിക്ക് സ്വാധീനമുള്ള ആഭ്യന്തര വകുപ്പ് നിശ്ചയിക്കും. അതുകൊണ്ട് തന്നെ കേസുണ്ടാകാനുള്ള സാധ്യത വിരളമാണ്. എല്ലാം പരിശോധനയിൽ മാത്രം ഒതുങ്ങും.

ഓരോ റോഡിനും ഓരോ എഞ്ചിനിയർമാരെ വരെ നിശ്ചയിച്ച് എല്ലാം ഭംഗിയാക്കുമെന്നായിരുന്നു റിയാന്റെ വീരവാദം. എന്നാൽ അതൊന്നും നടന്നില്ല. കരാറുകാർക്കൊപ്പം ചേർന്ന് അഴിമതിയിലേക്ക് അവർ മാറിയെന്ന സൂചനകളാണ് വിജിലൻസ് റെയ്ഡിലുള്ളത്. കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ചാൽ മാത്രമേ വിജിലൻസ് കേസെടുക്കൂ. കേസെടുത്താൽ പൊതുമരാമത്ത് വകുപ്പിലെ ഭൂരിഭാഗം പേരും അറസ്റ്റിലാവുകയും ജയിലിൽ അടക്കേണ്ടതുമായ സ്ഥിതിയുണ്ടാകും. കരാറുകാരും അകത്താകും. അതുകൊണ്ട് തന്നെ വിജിലൻസിന് അധികാരവും അവകാശവും നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. വലിയ ക്രമക്കേടുകളാണ് പുറത്തു വരുന്നത്. ഹൈക്കോടതിയുടെ ശ്രദ്ധയിൽ ഈ റിപ്പോർട്ടുകളെത്തിയാൽ അതും സർക്കാരിന് തലവേദനയാകും. പത്ര വാർത്തകൾക്ക് അപ്പുറത്ത് ഇതെല്ലാം പത്രക്കുറിപ്പിലൂടെ തന്നെ വിജിലൻസ് പുറംലോകത്തെ അറിയിച്ചുവെന്നതാണ് വസ്തുത. ഇതും കോടതിയിലെത്തിയാൽ നിർണ്ണായകമാകും.

തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നും തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ രണ്ടും, പത്തനംതിട്ട, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒന്നുംവീതം റോഡുകൾ മതിയായ ടാറില്ലാതെയാണ് നിർമ്മിച്ചത്. കൊല്ലം ജില്ലയിലെ ഒരുറോഡ് നിർമ്മിച്ചപ്പോൾ ആവശ്യത്തിന് റോഡ് റോളർ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് നാശോന്മുഖമായെന്നും വിജിലൻസ് പറയുന്നു. ആദ്യഘട്ടപരിശോധനയിൽ ശേഖരിച്ച 107 റോഡുകളുടെ സാംപിൾ പരിശോധനാ റിപ്പോർട്ടുകൾ ഈമാസം ലഭിക്കുമെന്ന് വിജിലൻസ് അറിയിച്ചു. സാംപിൾ റിസൽറ്റുപ്രകാരം നടപടിയുണ്ടാകും. സാംപിൾ ലാബിൽ വിശകലനം ചെയ്യുമ്പോൾ റോഡുനിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള സാമഗ്രികളുടെ വിശദാംശങ്ങൾ അറിയാനാകും.

കരാറിൽ നിഷ്‌കർഷിച്ചിട്ടുള്ള അനുപാതത്തിൽ ടാറും മെറ്റലും കണ്ടെത്തിയില്ലെങ്കിൽ കരാറുകാർക്കും മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയുണ്ടാകും എന്നാണ് വിജിലൻസ് പറയുന്നത്. റോഡുനിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിവരം ലഭിച്ചാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു. ഇത്തരം റെയ്ഡുകൾ പൊതുമരാമത്ത് വകുപ്പിന് ആകെ നാണക്കേടാണ്. ഈ സാഹചര്യത്തിൽ പത്രക്കുറിപ്പുൾപ്പെടെ ഇറക്കി വകുപ്പിനെ നാറ്റിച്ച വിജിലൻസിൽ അഴിച്ചു പണിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വിജിലൻസ് പത്രക്കുറിപ്പ് ചുവടെ

''ഓപ്പറേഷൻ സരൾ രാസ്ത-3 ' സംസ്ഥാനത്തെ റോഡുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന.

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ റോഡുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ നിർവഹിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗം, സംസ്ഥാന പൊതുമരാമത്തു വകുപ്പ് (എൻഎച്ച് വിഭാഗം, റോഡ് വിഭാഗം), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് (KSTP) എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി അവിശുദ്ധ ബന്ധം പുലർത്തി വരുന്നതായും, അവരുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി സംസ്ഥാനത്ത് പുതുതായി നിർമ്മിക്കപ്പെട്ടതും, അറ്റകുറ്റപ്പണികൾ നടത്തിയതുമായ നിരവധി റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ പൊട്ടിപൊളിയുന്നതായും, വാഹനാപകടങ്ങൾ ഉണ്ടായി ആളുകൾ മരണപ്പെടുന്നതായും, അപകടത്തിൽപ്പെട്ട് സ്ഥിരമായി അംഗവൈകല്യങ്ങൾ ഉണ്ടാവുന്നവരുടെ എണ്ണവും നാൾക്ക് നാൾ വർദ്ധിച്ചു വരുന്നതായും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലും ഈ വിഷയത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശത്തേയും തുടർന്ന് സംസ്ഥാന വ്യാപകമായി റോഡുകളിൽ കഴിഞ്ഞ ഓഗസ്റ്റ് പതിനേഴാം തീയതി ഓപ്പെറേഷൻസരൾ രാസ്ത - 2 എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പ്രസ്തുത മിന്നൽ പരിശോധനയിൽ 84 പി ഡബ്ല്യു ഡി റോഡുകളും 23 തദ്ദേശ സ്വയംഭരണ വകുപ്പിന്റേത് ഉൾപ്പെടെ 107 റോഡുകളുടെയും സാമ്പിൾ കളക്റ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് അന്ന് മിന്നൽ പരിശോധന നടത്താത്ത റോഡുകളിൽ ഇന്നലെ (16.09.2022) പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം I.P.S ഉത്തരവിട്ടത്

തദ്ദേശ സ്വയംഭരണ വകുപ്പ് നിർമ്മാണം നടത്തിയ റോഡുകൾ ആണ് ഓപ്പറേഷൻ സരൾ രാസ്ത-3 പ്രധാനമായും പരിശോധിച്ചത്. ഓഗസ്റ്റ് 17ന് നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ 84 പിഡബ്ല്യുഡി റോഡുകളും 23 എൽ.എസ്.ജി.ഡി റോഡുകളും ഉൾപ്പെടെ 107 റോഡുകളുടെ സാമ്പിൾ കളക്റ്റ് ചെയ്തിരുന്നു. പ്രസ്തുത സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടുകൾ ഈ മാസം ലഭിക്കുന്നതിനുള്ള നടപടികൾ വിജിലൻസ് സ്വീകരിച്ചു വരുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ്ബ്രഹാം IPS അറിയിച്ചു.

ഓപ്പറേഷൻ സരൾ രാസ്ത-3 യുടെ ഭാഗമായി ആഗസ്ററ് 17 ന് പരിശോധന നടത്താത്തതും കഴിഞ്ഞ ആറ് മാസത്തിനകത്ത് നിർമ്മാണം/അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതുമായ റോഡുകൾ തിരഞ്ഞെടുത്താണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് പൂർത്തീകരിച്ച /അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളിലാണ് വിജിലൻസ് ഇന്നലെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്നലെ വിജിലൻസ് പരിശോധിച്ച റോഡുകളിൽ നിന്നും കോർ കട്ട് മുഖേന സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേയ്ക്ക് അയക്കുന്നതും ലാബ് റിപ്പോർട്ട് കിട്ടിയ ശേഷം പ്രസ്തുത വർക്കിന്റെ എം. ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.

സംസ്ഥാനമൊട്ടാകെ ഇന്നലെ 148 റോഡുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർത്തീകരിച്ച 115 റോഡുകളും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് പൂർത്തീകരിച്ച 9 റോഡുകളും പരിശോധനയ്ക്ക് വിധേയമാക്കി. തിരുവനന്തപുരത്ത് നാല്പതും കൊല്ലത്ത് ഇരുപത്തിയേഴും കണ്ണൂർ ഇരുപത്തി മൂന്നും കോട്ടയം, എറണാകുളം, കാസർകോഡ് ജില്ലകളിൽ 6 വീതവും പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിൽ 5 വീതവും പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ 4 വീതവും ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും റോഡുകളും ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് പണി പൂർത്തീകരിച്ച സംസ്ഥാനമൊട്ടാകവേയുള്ള 9 റോഡുകളിലും ഇന്നലെ മിന്നൽ പരിശോധന നടത്തിയിട്ടുള്ളതാകുന്നു.

ഇന്നലെ നടന്ന മിന്നൽ പരിശോധന നടത്തിയ 148 റോഡുകളിൽ 67 റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ ചെറിയ രൂപപ്പെട്ട നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം- 18, കൊല്ലം -10, പത്തനംതിട്ട-6,കോട്ടയം, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിൽ 4 വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 3 വീതവും ഇടുക്കിയിൽ 2-ഉം മലപ്പുറത്ത് 1 വീതവും റോഡുകളാണ് ചെറിയ ചെറിയ കുഴികൾ രൂപപ്പെട്ടതായി വിജിലൻസ് പ്രാഥമികമായി കണ്ടെത്തിയത്. കൂടാതെ 19 റോഡുകളിൽ നിശ്ചിത അളവിനേക്കാൾ കുറഞ്ഞ കനത്തിലാണ് ടാർ ഉപയോഗിച്ചിട്ടുള്ളതെന്നും വിജിലൻസ് കണ്ടെത്തി. ഇപ്രകാരം തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ 3 വീതം റോഡുകളും കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതവും പത്തനംതിട്ട, എറണാകുളം , കാസർകോഡ് കണ്ണൂർ ജില്ലകളിൽ ഓരോ റോഡും മതിയായ കനത്തിൽ ടാർ ഉപയോഗിക്കാതെയാണ് നിർമ്മിച്ചതെന്നും വിജിലൻസ് പ്രാഥമികമായി കണ്ടെത്തി. കൂടാതെ എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയിൽ ടാർ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡിൽ ആവശ്യമായ വിധത്തിൽ റോളർ ഉപയോഗിക്കാതെയുമാണ് നിർമ്മിച്ചിട്ടുള്ളതെന്നും കോഴിക്കോട് ഒരു റോഡ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം പരിപൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞതായും വിജിലൻസ് കണ്ടെത്തി.

ഇന്നലെ നടന്ന മിന്നൽ പരിശോധനാ വേളയിൽ റോഡുകളിൽ നിന്നും കോർ കട്ട് മുഖേന ശേഖരിച്ച സാമ്പിളുകൾ ലാബുകളിലയച്ച് നിർമ്മാണത്തിനായി ഉപയോഗിച്ച, ടാർ, മെറ്റൽ, സാൻഡ്, ചിപ്സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു. വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ്സിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ശ്രീ. എച്ച്. വെങ്കിടേഷ്.ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ശ്രീ. ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ. പി. എസ്സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP