Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം; എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വതന്ത്രചിന്തകർ വീണ്ടും ഒത്തുചേരുന്നു; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രവാക്യവുമായി ലിറ്റ്മസ് ഒക്ടോബർ 2-ന് കൊച്ചിയിൽ

'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം; എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വതന്ത്രചിന്തകർ വീണ്ടും ഒത്തുചേരുന്നു; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രവാക്യവുമായി ലിറ്റ്മസ് ഒക്ടോബർ 2-ന് കൊച്ചിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശാസ്ത്രാവബോധത്തിന്റെയും മാനവികതയുടെയും ആഘോഷമായി, സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനത്തിന് ഒരുങ്ങി കൊച്ചി. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22, ഒക്ടോബർ 2 ന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ സ്വതന്ത്രചിന്തയുടെ വസന്തോത്സവത്തിന്റെ വിവിധ സെഷനുകളിൽ സംബന്ധിക്കും.

ലിറ്റ്മസ് ആദ്യമായി 2018-ൽ തിരുവനന്തപുരത്തും, 2019-ൽ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവർഷങ്ങൾക്കുശേഷം ലിറ്റ്മസ് ഇപ്പോൾ വീണ്ടും എത്തുകയാണ്. പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഉൾപ്പെടെയുള്ള വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും മറ്റു വിനോദപരിപാടികളുമാണ് ലിറ്റ്മസ് 22 ന്റെ ആകർഷണം. പരിപാടിയുടെ രജിസ്‌ട്രേഷൻ പുരോഗമിക്കയാണ്.

തെളിവുകൾ നയിക്കട്ടെ!

'തെളിവുകൾ എന്തായിക്കൊള്ളട്ടെ ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ തുടരും' എന്ന ഡോഗ്മയെ പൊളിച്ചടുക്കിയാണ് എസ്സെൻസ് ഗ്ലോബൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്. മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരു പോലെ വിമർശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. കമ്യൂണിസവും മാർക്‌സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുർവേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെ വരെ എസ്സെൻസ് വിമർശന വിധേയമാക്കുന്നു. അശാസ്ത്രീയമായ എന്തിനെയും തള്ളി, യുക്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളർത്തിയെടുക്കാണ് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെൻസ് ഗ്ലോബൽ സംഘാടകർ പറയുന്നു.

'അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ' എന്നായിരുന്നു മുമ്പ് സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലൻ കുരങ്ങുകളെപ്പോലെ കേരളത്തിൽ ന്യുനപക്ഷമാണ് എന്ന ആക്ഷേപവും ഉണ്ടായിരുന്നു. എന്നാൽ ആ കാലം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഇന്ന് സ്വതന്ത്ര ചിന്തകർക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയിൽ വലിയ സമ്മേളനങ്ങൾ നടത്താൻ കഴിയുന്നുണ്ട്. 2018ൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ലിറ്റ്മസ്-2018ൽ മൂവായിരത്തോളം പേർ പങ്കെടുത്തിരുന്നു. 2019ൽ കോഴിക്കോട്ട് നടന്ന പരിപാടിയിൽ 7000ത്തോളം പേർ പങ്കെടുത്തതോടെ, അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറി. ഇത്തവണ പതിനായിരത്തിലേറെ പേരെയാണ് ലക്ഷ്യമിടുന്നത്. അതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി ലിറ്റ്മസ് മാറും.

എന്താണ് എസ്സെൻസ്?

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് esSENSE എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പേര് കണ്ടെത്തുന്നതും. പിന്നീടു ലോകകമെമ്പാടും എസ്സെൻസ് എന്ന പേരിനെ അനുകരിച്ച് വിവിധങ്ങളായ ഗ്രൂപ്പുകളും കൂട്ടായ്മകളും ഉണ്ടായിട്ടുണ്ട്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ esSENSE മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. താൽപര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബലിന്റെ വെബ്സൈറ്റിൽ (https://essenseglobal.com/essenseconnect4/) വിവരങ്ങൾ നൽകി എസ്സെൻസിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാവുന്നതാണ്.

ലിറ്റ്മസ് '22നായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ലിറ്റ്മസിൽ പങ്കെടുക്കുന്നതിന് https://essenseglobal.com/programs/litmus22 എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP