Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനില്ല; സിപിഎം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി ബ്രാഞ്ച് രൂപീകരിക്കുന്നത് സ്വാഭാവികം; മന്ത്രിമാർ കുറച്ചു കൂടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; മാഗ്സസെ നിരവധി കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയ നേതാവ്; ആ അവാർഡ് നിരസിച്ചത് ശൈലജ ടീച്ചർ; ഗവർണ്ണർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ; മറുനാടൻ മലയാളി എക്സ്‌ക്ലൂസീവ്

മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനില്ല; സിപിഎം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി ബ്രാഞ്ച് രൂപീകരിക്കുന്നത് സ്വാഭാവികം; മന്ത്രിമാർ കുറച്ചു കൂടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; മാഗ്സസെ നിരവധി കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയ നേതാവ്; ആ അവാർഡ് നിരസിച്ചത് ശൈലജ ടീച്ചർ; ഗവർണ്ണർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ; മറുനാടൻ മലയാളി എക്സ്‌ക്ലൂസീവ്

ബി എസ് ജോയ്

തിരുവനന്തപുരം: മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എകെജി സെന്ററിൽ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലീഗുമായുള്ള രാഷ്ട്രീയ നിലപാടിൽ സിപിഎം സെക്രട്ടറി വ്യക്തത വരുത്തുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഗവർണർ ഭരണഘടനാപരമായി തീരുമാനങ്ങൾ എടുക്കണമെന്നാണ് എംവി ഗോവിന്ദന്റെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവരുടെ പാർട്ടി ശക്തിപ്പെടുത്താനാണ്. അതിൽ വിയോജിപ്പില്ല. എന്നാൽ സിപിഎമ്മിനെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ നേക്കിനിൽക്കില്ല. വിശാല ഇടതുമുന്നണി യാഥാർത്ഥ്യമായൽ ഇന്ത്യയിൽ ബിജെപി -ആർഎസ് എസ് ശക്തികൾക്ക് നിലനിൽപ്പുണ്ടാകില്ലെന്നും ഗോവിന്ദൻ അഭിമുഖത്തിൽ വിശദീകരിച്ചു.

സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാണ്. ബിജെപി -ആർഎസ് എസ് നടപ്പിലാക്കുന്ന വർഗീയ ഫാസിസ്റ്റ് നയങ്ങളെ എതിർക്കുകയും രാജ്യത്ത് ജനാധിപത്യവും ഫെഡറൽ സംവിധാനം നിലനിർത്തുകയുമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയം. എന്നാൽ കോൺഗ്രസും ലീഗുമൊക്കെ സിപിഎമ്മിനെ എതിർക്കുന്ന നയമാണ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ടിന് സിപിഎം തയ്യാറല്ലെന്നും ഗോവിന്ദൻ മാസ്റ്റർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇനി നിലപാട് വ്യക്തമാക്കേണ്ടത് ലീഗാണെന്നും ഗോവിന്ദൻ പറയുന്നു.

പാർലമെന്റ് തെരഞ്ഞടുപ്പിൽ വിശാല ഇടതുമുന്നണി രൂപീകരിച്ച് മത്സരിക്കുകയാണ് സിപിഎം ലക്ഷ്യം. അതിന് രാഷ്ട്രീയ നയങ്ങൾ തടസ്സമില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമര മുന്നേറ്റവും തൊഴിലാളി സമരവും ഈ മുന്നണിയുടെ ഭാഗമാണ്. അതിൽ ഐ എൻ ടിയുസിയും ഭാഗമാണ്. വിശാല ഇടത് മുന്നണിയിൽ ബി ജെപിയേയും ആർഎസ്എസ്സിനെയും പ്രതിരോധിക്കുന്ന ആർക്കും പങ്കാളിയാകാമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സിപിഎമ്മിന് ഭീഷണിയല്ല, അവരുടെ സംഘടനയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള പദയാത്രമാത്രമാണ് അത്. എന്നാൽ പദയാത്രയുടെ ഭാഗമായി സിപിഎമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും. ജയറാം രമേശിന്റെ പരാമർശത്തെയൊക്കെ ആ വിധത്തിലാണ് നേരിട്ടത്. അല്ലാതെ ജോഡോ യാത്രയുടെ ലക്ഷ്യത്തോട് സിപിഎമ്മിന് പ്രത്യക്ഷമായോ പരോക്ഷമായോ എതിർപ്പില്ല.

കേരളം ദേശീയ വികസന സൂചികയിൽ എല്ലാക്കാര്യത്തിലും മുൻ പന്തിയിലാണ്. സിപിഎം വികസന വിരോധികളാണെന്ന് ആക്ഷേപിക്കുന്നവരാണ് ശരിക്കും വികസന വിരോധികൾ. കേരളത്തിൽ തീർത്തും ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ഇടത് സർക്കാർ ഇതിനകം കണ്ടെത്തി ലിസ്റ്റ് ചെയ്തിട്ടുണ്ട്.അവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമാണെന്ന് സർക്കിരിന് ബോധ്യമുണ്ട്. അവർക്കുവേണ്ടിയുള്ള കാര്യങ്ങൾ യാഥാസമയം പൂർത്തിയാക്കും. കേന്ദ്ര ഐ ടി സഹമന്ത്രി ഈ അടുത്ത ദിവസം നടത്തിയ കേരള വിരുദ്ധ പരാമർശം തള്ളിക്കളയുകയാണ്. യുപിയിൽ 40 ശതമാനം പേർ ദരിദ്രരാണെന്ന കാര്യം മറന്നിട്ടാണ് കേന്ദ്ര മന്ത്രിമാരും ചില വലതുപക്ഷക്കാരും കേരളത്തെ കടന്നാക്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ അഭിമുഖത്തിൽ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. കേന്ദ്രാനുമതി ലഭിച്ചാൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഹായം ലഭിക്കും. ജപ്പാൻ സഹായവും ആ ഘട്ടത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രണ്ടാം ഇടതുമുന്നണി സർക്കാരിലെ മന്ത്രിമാർ കാര്യപ്രാപ്തി ഉള്ളവർ തന്നെയാണ്. പാർട്ടിക്ക് മന്ത്രിമാരുടെ പ്രവർത്തനത്തിൽ അതൃപ്തിയില്ല. എന്നാൽ കുറച്ചു കൂടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം എന്ന അഭിപ്രായം പാർട്ടിയിൽ സജീവമാണ്.

സിപിഎം മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് പാർട്ടി ബ്രാഞ്ച് രൂപീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. പാർട്ടി അംഗങ്ങൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ കൂട്ടായ പ്രവർത്തനം നടത്താൻ ബ്രാഞ്ച് അനിവാര്യമാണ്. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടില്ല, നയരൂപീകരണത്തിൽ പാർട്ടിയുടെ നയം തന്നെയാകും സർക്കാർനയവും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിരവധി കമ്മ്യൂണിസ്റ്റുകളെ ഇല്ലായ്മ ചെയ്ത ഒരാളുടെ പേരിലുള്ള അവാർഡ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം വാങ്ങുക എന്നത് പാർട്ടിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് കെ കെ ശൈലജ ടീച്ചർ മാഗ്സസെ അവാർഡ് നിഷേധിച്ചതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാപരമായി പെരുമാറണം. എല്ലാക്കാര്യങ്ങളിലും സർക്കാർ ഭരണഘടനാപരമായാണ് തീരുമാനം എടുക്കുന്നത്. എന്നാൽ ഗവർണർ എല്ലാത്തിലും രാഷ്ട്രീയ വൈര്യം നിറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അത് ശരിയായ സമീപനമല്ല. ലോകായുക്ത നിയമ ഭേദഗതി ബില്ലും സർവകലാശാല ബില്ലും സർക്കാൻ കൊണ്ടു വന്നത് ഭരണഘടനാപരമായാണ്. ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഗവർണർക്ക് ഇക്കാര്യങ്ങളിൽ ഇടപെടാം. മന്ത്രിമാരും മുഖ്യമന്ത്രിയും വിദേശ യാത്ര നടത്തുന്നത് സ്പോൺസർമാരുടെ പിന്തുണയോടെയാണ്. ചില യാത്രകൾക്ക് സർക്കാർ പണം ചെലവഴിക്കണം. അത് വലിയ ചെലവല്ല. വിദേശ രാജ്യങ്ങൾ സന്ദർശിച്ചാൽ മാത്രമെ വികസനം കണ്ട് മനസ്സിലാക്കാനും അത് കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനും കഴിയൂ. നായനാർ വിദേശത്ത് പോയി ഐ ടി പാർക്കുകൾ കണ്ടതുകൊണ്ടാണ് കേരളത്തിൽ ടെക്നോപാർക്ക് യാഥാർത്ഥ്യമായതെന്ന കാര്യവും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎം അക്രമ പാതയിൽ നിന്ന് അകലെയാണ്. ഇടത് മുന്നണി അധികാരത്തിൽ വന്ന ശേഷം 23 രക്ത സാക്ഷികളാണ് പാർട്ടിക്ക് ഉണ്ടായത്. ഇടുക്കിയിലെ ധീരജും എറണാകുളത്തെ അഭിമന്യുവും കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെ ക്യംപസുകളിൽ എസ് എഫ് ഐ അക്രമം നടത്താറില്ലെന്നും ആരെയും കൊലക്കത്തിക്ക് ഇരയാക്കില്ലെന്നും ഗേവിന്ദൻ മാസ്റ്റർ അടിവരയിട്ടു.ഇക്കാര്യങ്ങൾ കൂടി കണ്ട് വേണം ഗവർണർ തന്റെ അഭിപ്രായങ്ങൾ പറയേണ്ടിയിരുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP