Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രിയിൽ ട്വന്റി ട്വന്റി നടക്കാൻ വൈദ്യുതി അനിവാര്യം; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബിയും കളിക്ക് എത്തുന്നു; ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന് വെല്ലുവിളിയായി രണ്ടരക്കോടിയുടെ പഴയ ബിൽ; കഴക്കൂട്ടത്തെ സ്റ്റേഡിയത്തിന്റെ പ്രതിസന്ധി വീണ്ടും ചർച്ചകളിലേക്ക്; തിരുവനന്തപുരത്തെ ട്വന്റി ട്വന്റി പകൽ മത്സരമാക്കുമോ?

രാത്രിയിൽ ട്വന്റി ട്വന്റി നടക്കാൻ വൈദ്യുതി അനിവാര്യം; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബിയും കളിക്ക് എത്തുന്നു; ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന് വെല്ലുവിളിയായി രണ്ടരക്കോടിയുടെ പഴയ ബിൽ; കഴക്കൂട്ടത്തെ സ്റ്റേഡിയത്തിന്റെ പ്രതിസന്ധി വീണ്ടും ചർച്ചകളിലേക്ക്; തിരുവനന്തപുരത്തെ ട്വന്റി ട്വന്റി പകൽ മത്സരമാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്റ്റേഡിയത്തിൽ വൈദ്യുതിയില്ല. സാമ്പത്തിക ബാധ്യതയെ തുടർന്ന് നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രതിസന്ധിക്ക് തെളിവാണ് ഈ സംഭവം.

ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐഎൽ ആൻഡ് എഫ്എസ് കമ്പനിയാണ്. കേരള സവ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബിഒടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവയിൽ നിന്നുള്ള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വർഷത്തിനുള്ള വാർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിന്റെ പൂർണമായ പരിപാലനവും കരാർ കമ്പനിക്കാണ്. ഇതിനിടെയാണ് ് ഐഎൽ ആൻഡ് എഫ്എസ് കമ്പനി പ്രതിസന്ധിയിലാകുന്നത്.

പാപ്പരായ കമ്പനി നിയമ കുരുക്കുകളിലുമായി. ക്രിക്കറ്റ് നടത്തുന്നതിന് മാത്രമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് ഈ സ്‌റ്റേഡിയത്തിൽ അവകാശമുള്ളത്. വൈദ്യുതിക്കും മറ്റുമുള്ള ബില്ലുകൾ അടയ്‌ക്കേണ്ടത് നടത്തിപ്പുകാരാണ്. അവരുണ്ടാക്കിയ വീഴ്ചയാണ് ഫീസൂരാൻ കാരണം. വൈദ്യുതി ബിൽ ആരടയ്ക്കുമെന്നതാകും ഇനി ഉയരുന്ന ചോദ്യം. രണ്ടരക്കോടിയുടെ ബാധ്യത കെസിഎ ഏറ്റെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ക്രിക്കറ്റ് മത്സരത്തിനിടെ വാർത്തയാകാനും കുടിശിഖ തിരിച്ചു പിടിക്കാനുമുള്ള തന്ത്രപരമായ നീക്കമാണ് കെ എസ് ഇ ബി ഇപ്പോൾ നടത്തുന്നത്.

ഈ മാസം 13-നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 28-ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് കെ.സി.എയും (കേരള ക്രിക്കറ്റ് അസോസിയേഷൻ) സിറ്റി പൊലീസ് കമ്മീഷണറും വിളിച്ച യോഗത്തിനായി മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച കാര്യം അറിയുന്നത്. ഇക്കാരണത്താൽ തന്നെ വൈദ്യുതിയില്ലാത്ത ഹാളിൽവച്ചാണ് യോഗം നടന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാൽ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്ന് കെ.സി.എ അറിയിച്ചു.

വരും ദിവസങ്ങളും തൽസ്ഥിതി തുടരുകയാണെങ്കിൽ അത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനം സജ്ജമാക്കുന്ന പ്രവൃത്തികളെ കാര്യമായി ബാധിക്കുമെന്നും കെ.സി.എ കൂട്ടിച്ചേർത്തു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽനോട്ട ചുമതലയുള്ള കെ.എസ്.എഫ്.എൽ (കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ്) ആണ് കുടിശിക അടയ്ക്കേണ്ടത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നും കെ.സി.എ വ്യക്തമാക്കി.

മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലേക്ക് കടക്കുന്നത്. 2019 ഡിസംബർ എട്ടിന് ഇന്ത്യയും വെസ്റ്റിൻഡീസുമായി നടന്ന മത്സരത്തിനു ശേഷം ഈ മാസം 28നാണ് മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണിത്. വൈദ്യുതി കിട്ടിയില്ലെങ്കിൽ സ്റ്റേഡിയത്തിലെ തയ്യാറെടുപ്പുകൾ പ്രതിസന്ധിയിലാകും. മത്സരം മാറ്റി വയ്‌ക്കേണ്ടിയും വരും.

രാത്രി ഏഴരയ്ക്കാണ് ട്വന്റി ട്വന്റ് മത്സരം കാര്യവട്ടത്ത് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാത്രി മത്സരത്തിന് വൈദ്യുതി അനിവാര്യതയായി മാറും. പകൽ മത്സം നടത്തിയാലും ഗാലറിയിൽ സൗകര്യങ്ങളും വിഐപികൾക്ക് എസിയും എല്ലാം എത്തിക്കാൻ വൈദ്യുതി വേണം. അതുകൊണ്ട് തന്നെ കറണ്ടില്ലാതെ ട്വന്റി ട്വന്റി നടക്കുക അസാധ്യമാണ്.

2019ൽ വെസ്റ്റിൻഡീസുമായി ഇവിടെ നടന്ന മത്സരത്തിൽ തോൽവി രുചിച്ച ഇന്ത്യക്ക് തിരുവനന്തപുരത്തെ കാണികളെ തൃപ്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ മത്സരം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയെങ്കിലും 18.3 ഓവറിൽ പുറത്താകാതെ 67 റൺസ് നേടിയ സിമൻസിന്റെയും 38 റൺസ് നേടിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിങ്ങിൽ എട്ട് വിക്കറ്റിന് ഇന്ത്യയെ വെസ്റ്റിൻഡീസ് തോൽപ്പിച്ചിരുന്നു. ഇതിനൊപ്പം സഞ്ജു വി സാംസണിനെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിന്റെ പ്രതിഷേധം അറിയിക്കാനും ക്രിക്കറ്റ് ആരാധകർ തീരുമാനിച്ചിരുന്നു. ഇതിനിടെ സഞ്ജുവിനെ ഇന്ത്യൻ എ ടീമിന്റെ നായകനാക്കി. തൊട്ടു പിന്നാലെയാണ് ഫീസൂരൽ വാർത്ത എത്തുന്നത്.

കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ലാഭം മാത്രം മുന്നിൽക്കണ്ട് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്നു മന്ത്രി പറഞ്ഞു. എല്ലാ കായിക വിനോദങ്ങളേയും ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും കൂടുതൽ മത്സരങ്ങൾ കേരളത്തിൽ എത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ പൂർണമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാലറിയുടെയും ഫ്ളഡ്ലൈറ്റ് സംവിധാനത്തിന്റെയും മീഡിയ ബോക്സിന്റെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. 40000ത്തിൽ അധികം കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഗ്യാലറി സജ്ജമാക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും കെസിഎ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കാര്യവട്ടത്ത് ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ മത്സരം കൊൽക്കത്തയിലെ ഈഡൻഗാർഡനിലേക്ക് മാറ്റിയത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ലോക്കൽ ബോയ് ആയ സഞ്ജു സാംസന്റെ അഭാവം ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുമെന്നത് മറ്റൊരു സത്യം.

50,000ത്തോളം കാണികളെ ഉൾക്കൊള്ളാനാകുന്ന ഈ സ്റ്റേഡിയം ഒരിക്കലും ബി.സി.സിഐയെ നിരാശപ്പെടുത്തിയിട്ടില്ല. നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഇവിടെ മുമ്പ് മത്സരങ്ങൾ നടന്നത്. എന്നാൽ, കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ സ്പോർട്സ് ഹബിലേക്ക് മത്സരങ്ങൾ എത്തുമോയെന്ന ആശങ്ക മുമ്പ് ഉയർന്നിരുന്നു. സ്റ്റേഡിയം കാടുപിടിച്ചതും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനും ആർമി റിക്രൂട്ട്‌മെന്റിനുമായി സ്റ്റേഡിയം നൽകിയതുമെല്ലാം ഈ ആശങ്കയുടെ തോത് വർധിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഉൾപ്പെടെ മത്സരങ്ങൾ കൊച്ചിയിലേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങൾ നടത്തിയത് കായികപ്രേമികളെ ഏറെ ആശങ്കയിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP