Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേണുഗോപാലും സതീശനും തമ്മിൽ അകന്നു; പകരം കെസിയും ചെന്നിത്തലയും ഒരുമിച്ചു; സുധാകരനേയും ചേർത്തു നിർത്തി എടുത്തതെല്ലാം ഏകപക്ഷീയ തീരുമാനം; കെപിസിസി പട്ടിക മനോരമയിൽ എത്തിയെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ഇനിയും കിട്ടിയില്ല; കൊടുത്ത ലിസ്റ്റിൽ നിന്ന് വിശ്വസ്തരെ ഒഴിവാക്കിയതും വേദനയായി; അത് ബഹിഷ്‌കരണം തന്നെ; കെപിസിസി യോഗത്തിൽ ഉമ്മൻ ചാണ്ടി എത്താത്ത് പ്രതിഷേധത്തിൽ

വേണുഗോപാലും സതീശനും തമ്മിൽ അകന്നു; പകരം കെസിയും ചെന്നിത്തലയും ഒരുമിച്ചു; സുധാകരനേയും ചേർത്തു നിർത്തി എടുത്തതെല്ലാം ഏകപക്ഷീയ തീരുമാനം; കെപിസിസി പട്ടിക മനോരമയിൽ എത്തിയെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ഇനിയും കിട്ടിയില്ല; കൊടുത്ത ലിസ്റ്റിൽ നിന്ന് വിശ്വസ്തരെ ഒഴിവാക്കിയതും വേദനയായി; അത് ബഹിഷ്‌കരണം തന്നെ; കെപിസിസി യോഗത്തിൽ ഉമ്മൻ ചാണ്ടി എത്താത്ത് പ്രതിഷേധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി യോഗം ഉമ്മൻ ചാണ്ടി ബഹിഷ്‌കരിച്ചതു തന്നെ. കെപിസിസി അംഗങ്ങളുടെ പട്ടികയെ ചൊല്ലിയും മറ്റ് സംഘടനാ പ്രശ്‌നങ്ങളിലും ഉമ്മൻ ചാണ്ടി അതൃപ്തനാണ്. എല്ലാം പഴയ ഐ ഗ്രൂപ്പ് ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന കെപിസിസി ജനറൽ ബോഡി യോഗത്തിൽ ഉമ്മൻ ചാണ്ടി എത്താതിരുന്നത്. അടുത്ത കെപിസിസി അധ്യക്ഷനെ നിർണ്ണയിക്കാനുള്ളതായിരുന്നു യോഗം. എന്നിട്ടും പങ്കെടുക്കാതെ തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കെപിസിസിയിൽ നടക്കുന്ന കാര്യങ്ങളോട് തീർത്തും അതൃപ്തിയിലാണ് ഉമ്മൻ ചാണ്ടി.

കെപിസിസി അംഗങ്ങളുടെ പട്ടിക ഇതുവരെ ആരും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ മനോരമയിൽ ലിസ്റ്റ് വരികയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് ഉമ്മൻ ചാണ്ടിയെ അത്ഭുതപ്പെടുത്തുന്നത്. കെപിസിസി അംഗങ്ങളുടെ പട്ടിക ഉമ്മൻ ചാണ്ടിക്ക് പോലും നേതൃത്വം നൽകിയില്ല. പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പുകളിൽ നിന്നും പട്ടിക ചോദിച്ചു വാങ്ങി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അത് നൽകുകയും ചെയ്തു. അതിന് അപ്പുറത്തേക്ക് ചർച്ചയോ കൂടിയാലോചനയോ നടന്നില്ല. നൽകിയ പട്ടികയിൽ നിന്ന് കെപിസിസി നേതൃത്വത്തിനും കെസി വേണുഗോപാലിനും വേണ്ടപ്പെട്ടവരെ കണ്ടെത്തി കെപിസിസി അംഗങ്ങളാക്കി എന്നതാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി യോഗം ബഹിഷ്‌കരിച്ചത്.

ഇതിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവും ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. കെസി വേണുഗോപാലും വിഡി സതീശനുമായിരുന്നു കുറച്ചു കാലം മുമ്പ് വരെ ഒരുമിച്ച് നിന്നത്. ഈ സമവാക്യത്തിൽ മാറ്റം വന്നു. കെസിയും വിഡിയും അകലുന്നുവെന്നതാണ് വസ്തുത. പകരം രമേശ് ചെന്നിത്തലയും കെസിയും അടുക്കുകയും ചെയ്യുന്നു. ഇവർക്കൊപ്പമാണ് കെ സുധാകരനും. ഈ മൂന്ന് പേരും ചേർന്നാണ് കെപിസിസി പട്ടിക അടക്കം തയ്യാറാക്കിയതെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ചാണ്ടി ഉമ്മനെയും അവർ കൂടെ കൂട്ടുന്നു. എ ഗ്രൂപ്പിനെ ദുർബ്ബലപ്പെടുത്താൻ തന്റെ മകനെ കരുവാക്കുന്നുവെന്ന വേദനയും ഉമ്മൻ ചാണ്ടിക്കുണ്ട്. ഇതും യോഗ ബഹിഷ്‌കരണത്തിന് കാരണമായി.

കേരളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വെട്ടുന്നതിന് വേണ്ടി കെ സുധാകരനേയും സതീശനേയും അവതരിപ്പിച്ചത്. ഇതിൽ സുധാകരൻ വഴങ്ങില്ലെന്ന് കെസിക്ക് വേഗം മനസ്സിലാക്കി. ഇതോടെ വിഡിയെ കൊണ്ടായി നീക്കങ്ങൾ. എന്നാൽ വിഡിയും മറ്റ് വഴിക്കാണ് ആലോചിക്കുന്നതെന്ന് കെസി മനസ്സിലാക്കി. ഇതോടെ വിഡിയുമായി അകന്നു. പതിയെ ചെന്നിത്തലയെ കൂടെ കൂട്ടി. കോഴിക്കോട് ചിന്തൻ ശിബിരത്തിനിടെ എല്ലാ ഭിന്നതകളും പറഞ്ഞവസാനിപ്പിച്ചു. ഇതോടെ സുധാകരനേയും ചെന്നിത്തല വഴി കൂടെ നിർത്തി പുതിയ സമവാക്യങ്ങളിലേക്ക് കടന്നു.

ഫലത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ പഴയ ഐ ഗ്രൂപ്പിനായി. എ ഗ്രൂപ്പിന്റെ പ്രസക്തി തന്നെ നഷ്ടമായി. ചാണ്ടി ഉമ്മനെ രാഹുൽ ഗാന്ധിയുടെ യാത്രയിലെ പ്രധാനിയാക്കിയും കെപിസിസിയിൽ ഉൾപ്പെടുത്തിയും കെസി അടുപ്പിക്കുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മറ്റ് അതിവിശ്വസ്തരെ ആരേയും പരിഗണിക്കുന്നില്ല. ഇതിൽ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളവർക്ക് അതൃപ്തിയുണ്ട്. ഇത് മനസ്സിലാക്കിയാണ് കെപിസിസിയുടെ അതിനിർണ്ണായക യോഗത്തിന് കാഴ്‌ച്ചക്കാരനാകാൻ ഉമ്മൻ ചാണ്ടി മടിച്ചത്. ഫലത്തിൽ എ ഗ്രൂപ്പിന്റെ അതൃപ്തി പ്രകടിപ്പിക്കുകയാണ് ഉമ്മൻ ചാണ്ടി.

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരാൻ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തു കൊണ്ടു വരികയാണ് ഉമ്മൻ ചാണ്ടി. നതാക്കളുടെ ഒറ്റയാൻപോക്കിൽ പ്രതിഷേധം അണപൊട്ടി. എതിർപ്പില്ലാതെ തുടരാൻ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കൾ പ്രതിഷേധവുമായും രംഗത്തെത്തി. സുപ്രധാന യോഗത്തിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്.

രാഹുൽ ഗാന്ധിയുടെ ഭാരത്ജോഡോ കേരളത്തിലുള്ളപ്പോൾത്തന്നെ പട്ടിക പത്രംവഴി പുറത്തുവിട്ടതും പെട്ടെന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പും തന്ത്രമായിരുന്നു. തരൂരിനെ സുധാകരൻ പിന്തുണച്ചുവെന്നകാരണമാണ് മത്സരിക്കാൻ ഒരുങ്ങവെ ശരചത്ചന്ദ്രപ്രസാദ് ചൂണ്ടിക്കാണിച്ചതെങ്കിലും പ്രമുഖ നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിക്കുന്നതാണ് അടിസ്ഥാനം. രമേശ് ചെന്നിത്തല ഇടപെട്ടാണ് മത്സരം ഒഴിവാക്കിയത്. കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നതിലെ പ്രതിഷേധമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.

പട്ടിക പുറത്തുവിടാത്തതും റിട്ടേണിങ് ഓഫീസർ പരമേശ്വരയ്ക്ക് പകരം സുധാകരൻ യോഗം വിളിച്ചതിലും നേതാക്കൾക്ക് അമർഷമുണ്ട്. യോഗത്തിൽ രമേശ് ചെന്നിത്തലയാണ് അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്. പട്ടികയിൽ സാമുദായിക, സ്ത്രീ പ്രതിനിധ്യമില്ലെന്ന വിമർശവുമായി മുൻ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്തുവന്നു. ജാഥ തീരുന്നതിനുമുമ്പ് രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.

കാസർകോട് പട്ടികയിൽനിന്ന് പുറത്തായ മുതിർന്ന നേതാവ് പി കെ ശ്രീധരൻ എല്ലാം പിന്നീട് പറയാമെന്ന നിലപാടിലാണ്. എംഎൽഎമാരായ അൻവർസാദത്ത്, എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, എറണാകുളത്തുനിന്നുള്ള വനിതാനേതാവ് സിമിറോസ്ബെൽ ജോൺ തുടങ്ങിയവരും പട്ടികയ്ക്ക് പുറത്തായതിലുള്ള പ്രതിഷേധത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP