Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുലീപ് ട്രോഫിയിലെ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ചുറി; അരങ്ങേറ്റ മത്സരത്തിൽ തന്നെ 143 റൺസ് അടിച്ചെടുത്തു രോഹൻ; ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരമെന്ന റെക്കോർഡ് രോഹന്; സഞ്ജുവിന് പിന്നാലെ ബാറ്റുകൊണ്ടു ദേശീയ തലത്തിൽ ശ്രദ്ധനേടി മറ്റൊരു മലയാളി താരവും

ദുലീപ് ട്രോഫിയിലെ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ചുറി; അരങ്ങേറ്റ മത്സരത്തിൽ തന്നെ 143 റൺസ് അടിച്ചെടുത്തു രോഹൻ; ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരമെന്ന റെക്കോർഡ് രോഹന്; സഞ്ജുവിന് പിന്നാലെ ബാറ്റുകൊണ്ടു ദേശീയ തലത്തിൽ ശ്രദ്ധനേടി മറ്റൊരു മലയാളി താരവും

സ്പോർട്സ് ഡെസ്ക്

സേലം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെങ്കിൽ മലയാളി താരത്തിന്റെ മിന്നും പ്രകടനം. രോഹൻ കുന്നുമ്മലാമ് ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ് മത്സരം തന്നെ ഗംഭീരമാക്കിയത്. ഉത്തരമേഖലയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണമേഖലയ്ക്ക് വേണ്ടി ബാറ്റുചെയ്ത രോഹൻ 143 റൺസെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടാൻ രോഹന് സാധിച്ചു. ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരം എന്ന റെക്കോഡ് രോഹൻ സ്വന്തമാക്കി.

ആദ്യ ദിനം അവസാനിക്കുമ്പോൾ രോഹന്റെ ബാറ്റിങ് മികവിൽ ദക്ഷിണമേഖല രണ്ട് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തിട്ടുണ്ട്. സേലം ക്രിക്കറ്റ് ഫൗണ്ടേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണമേഖലയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 225 പന്തുകളിൽ നിന്ന് 16 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ താരം 143 റൺസെടുത്ത് പുറത്തായി.

ആദ്യ വിക്കറ്റിൽ ഓപ്പണറും ഇന്ത്യൻ താരവുമായ മായങ്ക് അഗർവാളിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹൻ രണ്ടാം വിക്കറ്റിൽ നായകനും ഇന്ത്യൻ താരവുമായ ഹനുമ വിഹാരിക്കൊപ്പവും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മായങ്കിനൊപ്പം 109 റൺസിന്റെയും ഹനുമ വിഹാരിക്കൊപ്പം 160 റൺസിന്റെയും കൂട്ടുകെട്ടാണ് രോഹൻ പടുത്തുയർത്തിയത്. 75-ാം ഓവറിലെ അവസാന പന്തിൽ രോഹനെ നവ്ദീപ് സൈനി ക്ലീൻ ബൗൾഡാക്കി.

രോഹന് പുറമേ നായകൻ ഹനുമ വിഹാരിയും സെഞ്ചുറി നേടി. 107 റൺസെടുത്ത് വിഹാരി പുറത്താവാതെ നിൽക്കുന്നുണ്ട്. 20 റൺസുമായി ബാബ അപരാജിതാണ് കൂടെയുള്ളത്. മായങ്ക് അഗർവാൾ 49 റൺസെടുത്ത് പുറത്തായി. മറ്റൊരു മലയാളിയായ ബേസിൽ തമ്പിയും ദക്ഷിണമേഖലയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഉത്തരമേഖലയ്ക്ക് വേണ്ടി സൈനിയും നിഷാന്ത് സിന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

കഴിഞ്ഞ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു രോഹൻ കുന്നുമ്മലിന്റേത്. തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറികളുമായാണ് റോഹൻ കേരളത്തിന്റെ ഭാഗ്യതാരമായിരുന്നു കഴിഞ്ഞ രഞ്ജിയിൽ. കെ ജയറാം, സദഗോപൻ രമേശ്, സുനിൽ ഒയാസിസ്, ജഗദീഷ്. സാംബശിവ ശർമ്മ, റോഹൻ പ്രേം, സഞ്ജു സാംസൺ എന്നിവാണ് മുമ്പ് കേരളത്തിന് വേണ്ടി രണ്ടിന്നിങ്സിലും സെഞ്ച്വറികൾ നേടിയത്. ഈ നിരയിലേക്ക് റോഹൻ എസ് കുന്നുമ്മലുമെത്തിയിരുന്നു.

ദുലീപ് ട്രോഫിയിലെ സെഞ്ച്വറി നേട്ടത്തോടെ ദേശീയ തലത്തിൽ സഞ്ജുവിനെ ശേഷം അറിയപ്പെടുന്ന ബാറ്ററായി രോഹൻ ശ്രദ്ധ നേടുന്നുണ്ട്. നേട്ടങ്ങളുടെ നെറുകയിൽ റോഹൻ എസ് കുന്നുമ്മൽ നിൽക്കുമ്പോൾ കേരള ക്രിക്കറ്റ് ടീം നന്ദി പറയേണ്ടത് റോഹന്റെ പിതാവിന് കൂടിയാണ്. ക്രിക്കറ്റ് പ്രേമിയായ അച്ഛനാണ് രോഹൻ എസ് കുന്നുമ്മൽ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സിൽ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിൻ തെണ്ടുൽക്കറും. നിവിൻ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും.

ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ഛൻ ബാറ്റ് കൈയിൽ നൽകിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദർ ഇല്ലാതെ തന്നെ രോഹൻ മുന്നോട്ട് നീങ്ങി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹൻ. അത് രഞ്ജിയിലും തുടരുന്നു. 2016ൽ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്‌കാരം രോഹന് കിട്ടി. 1983 എന്ന സിനിമയിൽ രമേശൻ നേടിയ കൈയടി സുശിൽ കുന്നമ്മലും ഇന്ന് യഥാർത്ഥ ജീവിതത്തിൽ നേടുകയാണ്. എബ്രിഡ് ഷൈൻ സിനിമയിലൂടെ പറഞ്ഞതിന് അപ്പുറത്തേക്കാണ് ക്രിക്കറ്റിൽ സുശീലും മകനും നേടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP